1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2010

ചിലര്‍ അങ്ങിനെയാണ്.എല്ലാവരും നല്ലത് എന്നു പറയുന്ന കാര്യങ്ങള്‍ ഇക്കൂട്ടരുടെ നോട്ടത്തില്‍ മോശമായിരിക്കും.ഭൂരിപക്ഷത്തിന്‍റെ വീക്ഷണത്തില്‍ ഉള്ള മോശം കാര്യം ഇവര്‍ക്ക് മധുരമൂറുന്നതുമായിരിക്കും.എഴുതി തുടങ്ങുന്നതിന് മുന്‍പേ വിവാദമായേക്കുമെന്ന് പറഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റാനും പിറ്റേ ദിവസം മുതല്‍ അത് വിവാദമായി എന്നു പറഞ്ഞ് ആഘോഷിക്കാനും തയ്യാറാകുന്ന ഇത്തരക്കാരുടെ ഏകലക്ഷ്യം മാധ്യമ കുപ്രസിദ്ധിയാണ്.അതിനുമപ്പുറം സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ഇക്കൂട്ടര്‍ ഇന്ത്യക്കാരന്‍ ചെയ്യുന്നതെല്ലാം ഒരു പടി താഴെയാണെന്ന വീക്ഷണമാണ് മനപൂര്‍വം വച്ചു പുലര്‍ത്താന്‍ ശ്രമിക്കുന്നത്.
കോമണ്‍ വെല്‍ത്ത്‌ ഗെയിംസിനെക്കുറിച്ച് ചില തുക്കിടി മലയാള പത്രങ്ങള്‍ നടത്തിയ വിമര്‍ശനങ്ങളാണ് ഇവിടെ പരാമര്‍ശ വിധേയമാകുന്നത്.ഗെയിംസ് ആരംഭിക്കുന്നതിനു മുന്‍പ്‌ വിദേശ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചഗെയിംസ് വില്ലേജിന്‍റെ മോശം ചിത്രങ്ങള്‍ അതേ പടി കോപ്പിയടിച്ച് ഇന്ത്യയെ നാണം കെടുത്തിയവര്‍ ഇപ്പോള്‍ പറയുന്നത് ഗെയിംസിന്‍റെ നേട്ടം വട്ടപ്പൂജ്യമാണെന്നാണ്.ഇന്ത്യയുടെ പ്രകടനം അതിഗംഭീരമായിരുന്നെന്നോ,അടുത്ത ഒളിമ്പിക്സില്‍സ്വര്‍ണം വാരിക്കൂട്ടുമോ എന്നൊന്നും ഇവിടെ ആരും കരുതുന്നില്ല.ഓരോ ഇനത്തിലെയും ഇന്ത്യയുടെ നേട്ടങ്ങള്‍ ലോകോത്തരവുമായിരുന്നില്ല.ഒട്ടേറെ ആരോപണങ്ങള്‍ നേരിട്ട ഗെയിംസ് നല്ല രീതിയില്‍ നടത്തപ്പെട്ടു,ഇന്ത്യയുടെ പ്രകടനം താരതമ്യേന
മെച്ചവുമായിരുന്നു,അത്രമാത്രം.ഒരു ഇന്ത്യക്കാരന് തികച്ചും അഭിമാനിക്കാവുന്ന നാളുകള്‍ ആയിരുന്നു കടന്നു പോയത്.
സമാപനചടങ്ങില്‍ ഗായകന്‍ ഓട്ടോറിക്ഷയില്‍ വന്നതിനെ വിമര്‍ശിക്കുന്നവര്‍ ഒന്നോര്‍ക്കുക, 2008 ബെയ്ജിംഗ് ഒളിമ്പിക്സിലെ കൈമാറ്റ ചടങ്ങിനു ലണ്ടനില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തിയത്
ലണ്ടനില്‍ നിന്നുള്ള ഡബിള്‍ ഡെക്കര്‍ ബസുമായാണ്.ഓട്ടോറിക്ഷ ഇന്ത്യന്‍ സംസ്ക്കാരത്തിന്‍റെ ഭാഗമാണ്.ഉദ്ഘാടനചടങ്ങിലും സമാപന ചടങ്ങിലും ഭാരതത്തിന്‍റെ സാംസ്ക്കാരിക സമ്പന്നതയാണ് പ്രതിഫലിച്ചത്.ബെയ്ജിങ്ങില്‍ കണ്ടത് സാങ്കേതിക വിദ്യയുടെ മാജിക്‌ ആയിരുന്നെങ്കില്‍ ഡല്‍ഹിയില്‍ കണ്ടത് മനുഷ്യപ്രയത്നവും സാംസ്കാരിക വൈവിധ്യവും കൂടിച്ചേര്‍ന്ന മാസ്മരികത ആയിരുന്നുവെന്ന് ഉദ്ഘാടന ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബി ബി സി ലേഖകന്‍ പറഞ്ഞത് ഇത്തരുണത്തില്‍ സ്മരണീയമാണ്.ഒന്നോര്‍ക്കുക ലോകത്തെവിടെയായാലും ഇന്ത്യക്കാരന്‍ അഭിമാനം കൊള്ളേണ്ടത് അവന്‍റെ സംസ്കാര സമ്പന്നതയിലാണ്.സ്വന്തം മാതാപിതാക്കളെ കാണാന്‍ വേണ്ടി
പോലും അപ്പോയിന്റ്മെന്‍റ് എടുക്കുന്നവരുടെ സംസ്ക്കാരം ഇന്ത്യക്കാര്‍ മാതൃകയാക്കണം എന്നു പറയുന്നവരെ തുക്കിടി സായിപ്പന്മാര്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്.
ഗെയിംസ് അഴിമതി ഉണ്ടാക്കിയ നാണക്കേട് ഇവിടെ വിസ്മരിക്കുന്നില്ല.അവസാന നിമിഷം പ്രധാന മന്ത്രിയുടെ ഓഫീസ്‌ നേരിട്ട് ഇടപെട്ടില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേനെ.
എന്തായാലും ഇത് സംബന്ധിച്ച അഴിമതി മന്മോഹന്‍ സിംഗ്  അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നത്.അതേ സമയം പ്രസക്തമാവുന്ന  മറ്റു ചില കാര്യങ്ങള്‍ ഉണ്ട്.കൈക്കൂലി കൊടുക്കാന്‍ ആളുണ്ടായിട്ടാണ്
ആവശ്യക്കാരന്‍ വാങ്ങുന്നത്.യു കെയിലെ ഓരോ കോര്‍ണര്‍ ഷോപ്പുകാരനും നികുതിയടക്കുമ്പോള്‍ നമ്മുടെ നാട്ടിലെ വന്‍കിട സ്വര്‍ണക്കടക്കാരന്‍ പോലും തന്‍റെ വരുമാനത്തിന്‍റെ പത്തിലൊന്ന് പോലും കണക്കില്‍ കാണിക്കുന്നില്ല.
സര്‍ക്കാര്‍ തരുന്ന സൗകര്യങ്ങള്‍ എങ്ങിനെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഉപയോഗിക്കാം എന്നു കരുതുന്നവരാണ് നമ്മില്‍ പലരും.പ്രത്യേകിച്ച്  സ്പോര്‍ട്സിന്റെ ഉന്നമനത്തിന് സര്‍ക്കാര്‍ വളരെയധികം പണം ചിലവഴിക്കുന്നുണ്ട്.മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് വിദേശത്തു പോയി തുടര്‍ പരിശീലനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഗ്രാന്‍റ് കിട്ടിയ  ഒരു മലയാളി താരത്തിന്‍റെ കാര്യം തന്നെ ഉദാഹരണമായി പറയാം.മോസ്കോ ഒളിമ്പിക്സില്‍ പങ്കെടുക്കുകയും ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടുകയുമൊക്കെ ചെയ്തിട്ടുള്ളയാളാണ് ഈ വനിതാ ഹൈ ജമ്പ്‌ താരം. അന്തസ്സായി സ്പോര്‍ട്സ് ചെയ്യുകയും റിസല്‍ട്ട് കിട്ടുകയും ചെയ്തത് കൊണ്ട് പ്രസ്തുത താരത്തിന് 2002 മുതല്‍ 2004 വരെ ഇംഗ്ളണ്ടില്‍ പഠിക്കാനും പരിശീലിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കി.സര്‍ക്കാരിന്‍റെ പണം കൊണ്ട് പരിശീലനം നേടിയ ഈ താരത്തെക്കുറിച്ച് ഇപ്പോള്‍ കേട്ടു കേള്‍വി പോലുമില്ല.ഇംഗ്ലണ്ടിലെ വിദഗ്ധ പരിശീലനത്തിനു ശേഷം പ്രസ്തുത താരം നാട്ടിലെ ഏതെങ്കിലും ജില്ലാ  മല്‍സരത്തില്‍ പങ്കെടുത്തതായി പോലും അറിവില്ല. സര്‍ക്കാര്‍ ചിലവില്‍ താരവും ഭര്‍ത്താവും കൂടി സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നുവെന്നാണ് ജനവും തെളിവുകളും പറയുന്നത്.
ഇനി പറയൂ ..ഇന്ത്യയില്‍ ഉണ്ടെന്നു പറയുന്ന അഴിമതിക്കും പ്രശ്നങ്ങള്‍ക്കും ആരാണ് ഉത്തരവാദി ? എന്തിനും നമ്മള്‍ ചീത്ത വിളിക്കുന്ന രാഷ്ട്രിയക്കാരോ ? അതോ കെടുകാര്യസ്ഥതയ്ക്കു പേര് കേട്ട
ഉദ്യോഗസ്ഥരോ ? അതോ ദീപസ്തംഭം മഹാശ്ചര്യം എങ്ങിനെയും കിട്ടണം പണം എന്നു കരുതുന്ന
നമ്മളോ ?  ഇവിടെ മാറേണ്ടത് വ്യക്തിയും അതുവഴി സമൂഹവുമാണ്.ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അനുസരിച്ചു ജീവിക്കാന്‍ ഓരോ പൌരനും തീരുമാനിച്ചാല്‍ മാത്രമേ ഈ മാറ്റം സാധ്യമാകൂ.അതിനാല്‍ നമുക്ക് ആദ്യം സ്വന്തം കണ്ണിലെ തടി മാറ്റാം ..എന്നിട്ടാവാം അപരന്‍റെ കണ്ണിലെ
കരട് തേടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.