1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2012

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ വിഎസ് എന്ന മനുഷ്യനെ ആശ്രയിച്ചാണോ നിലനില്‍ക്കുന്നതെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി പുകഞ്ഞു നീറിയിരുന്ന കേരള രാഷ്ട്രീയം റെവല്യൂഷണറി പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധത്തോടെ വീണ്ടും പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുകയാണ്. ടിപിയുടെ വധത്തെ പ്രതിരോധിക്കണോ അതോ വിഎസിന്റെ ഒളിയമ്പുകളെ പ്രതിരോധിക്കണോ എന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് സിപിഎം സംസ്ഥാന നേതൃത്വം.

ശരിക്കും സിപിഎമ്മിലെ പ്രതിസന്ധി വിഎസും പാര്‍ട്ടിയും തമ്മിലല്ല. വിഎസും പിണറായിയും തമ്മിലാണന്ന് കേരളത്തിലേ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്നതാണ്. വിഎസ് അനുകൂലികളും പിണറായി അനുകൂലികളും കൂടി ചേര്‍ന്ന് അതിനെ പാര്‍ട്ടിക്കാര്യമാക്കുന്നുവെന്ന് മാത്രം. പിസി ജോര്‍്ജ്ജ് എന്ന രാഷ്ട്രീയ ചാണക്യന്റെ തലയിലുദിച്ച തന്ത്രമായിരുന്നു നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്. ഇതിനിടയിലാണ് ടിപി ചന്ദ്രശേഖരന്റെ വധം നടക്കുന്നത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കുടത്തില്‍ നിന്ന് തുറന്നുവിട്ട ഭൂതമായി ടിപിയുടെ വധം. ജീവിച്ചിരുന്ന ചന്ദ്രശേഖരനെക്കാള്‍ വിഎസിന് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെട്ടത് മരിച്ച ചന്ദ്രശേഖരന്‍ തന്നെ. അതേപോലെ തന്നെ ജീവിച്ചിരുന്നപ്പോള്‍ പാര്‍ട്ടിക്ക് ഒന്നുമല്ലാതിരുന്ന ചന്ദ്രശേഖരന്‍ മരിച്ചപ്പോള്‍ പാര്‍ട്ടിയുടെ അടിത്തറ ഇളക്കാന്‍ പാകത്തില്‍ വളര്‍ന്നിരിക്കുന്നു.

വിഎസിനെ സംബന്ധിച്ചിടത്തോളം ടിപിയെ ആര് കൊന്നു എന്നതല്ല വിഷയം എന്ന് പുതിയ സാഹചര്യങ്ങള്‍ പറഞ്ഞുതരുന്നു. ടിപിയുടെ കൊലപാതകത്തിലൂടെ സിപിഎമ്മില്‍ കഴിഞ്ഞകുറെ നാളുകളായി പുകഞ്ഞുനിന്നിരുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക. അതുവഴി തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുക. ടിപി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ പിണറായി കുലംകുത്തിയെന്ന് വിളിച്ചിരുന്നു. എന്നാല്‍ അമ്മയോട് പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മക്കളെപ്പോലെയാണ് ആര്‍ എം പിക്കാരെന്നായിരുന്നു വിഎസിന്റെ പ്രതികരണം.കുലംകുത്തിയെന്ന പ്രതികരണത്തെ തിരുത്തുകയും ചെയ്തിരുന്നു. ടിപിയുടെ മരണത്തോടെ പിണറായി വീണ്ടും കുലംകുത്തി പ്രയോഗം ആവര്‍ത്തിച്ചതാണ് വിഎസിനെ പെട്ടന്നു പ്രകോപിച്ചത്.

ടിപിയുടെ മരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് തിരിച്ചറിഞ്ഞ അദ്ദേഹം കേന്ദ്രനേതൃത്വത്തിന് കത്തെഴുതി. ലാവ്‌ലിന്‍ സംഭവം മുതല്‍ കേരളത്തിലെ സിപിഎം പ്രതിസന്ധിയിലെല്ലാം തന്നെ വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയിട്ടുണ്ട്. എന്നാല്‍ ടിപിയുടെ വധത്തെ തുടര്‍ന്ന് എഴുതിയ കത്ത് തികച്ചും വ്യത്യസ്തമാണ്. സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന പരസ്യമായ ആവശ്യമാണ് കത്തിന്റെ ഉളളടക്കം. വിഎസുമായി വളരെ അടുപ്പമുളള കേരളത്തിലെ ഒരു മുതിര്‍ന്ന സാഹിത്യകാരന്‍ തയ്യാറാക്കി കൊടുത്ത മൂന്നു പേജുളള കത്തില്‍ ഒന്നര പേജും കുലംകുത്തി എന്ന വാക്കിനെ സംബന്ധിച്ചാണ്. ആ വാക്കിന്റെ ഉത്ഭവം, മലബാറില്‍ ആ വാക്ക് ഉപയോഗിക്കുന്ന സാഹചര്യം, അതുയര്‍ത്തുന്ന വികാരം എന്നിവയാണ് കത്തിലെ ഭൂരിഭാഗവും. ഇത്തരമൊരു സംസ്ഥാന നേതൃത്വത്തിന്റെ കീഴില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും വിഎസ് അറിയിച്ചു.

നിലവില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വിഎസിനെ സംബന്ധിച്ചിടത്തോളം ഒരു ചൂണ്ടുപലകയാണ്. പാര്‍ട്ടിയുടെ നിലപാടുകളല്ല തന്റെ നിലപാടുകളാണ് ശരി എന്ന് ചൂണ്ടിക്കാണിക്കാനുളള ചൂണ്ടുപലക. എന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു ജീവന്മരണ പോരാട്ടമാണ്. തങ്ങള്‍ക്ക തെറ്റിയിട്ടില്ലന്ന് കേരളത്തെ ബോധ്യപ്പെടുത്താനുളള പോരാട്ടം.വിഎസിന്റെ ജന പിന്തുണ പലതവണ അനുഭവിച്ചിട്ടുളളവരാണ് ഔദ്യോഗിക പക്ഷം. സീറ്റ് നിക്ഷേധിച്ചപ്പോഴും പോളിറ്റ് ബ്യൂറോയില്‍ നിന്ന പുറത്താക്കിയപ്പോഴും അവര്‍ വിഎസിന് വേണ്ടി ശബ്ദിച്ചു. വിഎസിനെ തൊട്ടാല്‍ പൊളളുമെന്ന പാര്‍ട്ടിക്കറിയാം. വിഎസ് തനിയെ പാര്‍ട്ടി ഉപേക്ഷിക്കുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്ന വിചാരം സിപിഎമ്മില്‍ ഔദ്യോഗിക പക്ഷത്തിലെ ചിലര്‍ക്കെങ്കിലുമുണ്ട്. അവര്‍ അതിനായി നിരന്തരം വല നെയ്തുകൊണ്ടേ ഇരിക്കുന്നു.

സ്വന്തം നിലപാടുകള്‍ക്കായി സ്വയം ഇറങ്ങിപ്പോകുമ്പോള്‍ അണികളില്‍ കാര്യമായി പ്രതികരണം ചെലുത്തില്ലെന്നും കൂടെ വരുന്നവര്‍ തുച്ഛമായിരിക്കുമെന്നും മറ്റാരേക്കാളും വിഎസിന് അറിയാം. എന്നാല്‍ പാര്‍ട്ടി പുറത്താക്കുകയാണങ്കില്‍ അണികൡ ഒരു ചലനമുണ്ടാക്കാന്‍ കഴിയും. വിഎസ് അതിനാണ് കാത്തിരിക്കുന്നത്.നിലവിലെ പ്രതിസന്ധിക്ക് ഒരു ഗുണമുണ്ട്. എന്ത് സംഭവിച്ചാലും ഗുണം വിഎസിനാണ്. വിഎസിന്റെ കത്ത് പരിഗണിച്ച ശേഷം പാര്‍ട്ടി പിണറായിക്കെതിരേ നടപടി എടുത്താല്‍ ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയാകും. ഈ അവസരം കൊണ്ട് പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ വിഎസിനാകും. ഇനി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിഎസിനെ പുറത്താക്കിയാല്‍ കേരളത്തിന്റെ സമൂഹമസാക്ഷിയെ ഞെട്ടിച്ച ഒരു കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് ചോദ്യം ചെയ്തതിന്റെ പേരില്‍ തന്നെ പുറത്താക്കിയെന്ന ഇമേജ് സൃഷ്ടിക്കാന്‍ വിഎസിനാകും. ഇത് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം വിഎസിന് പിന്നില്‍ അണിനിരക്കാന്‍ കാരണമാകും.

പാര്‍ട്ടി പ്രശ്‌നത്തിലകപ്പെടുന്ന ഓരോ സമയത്തും അതിനെ അതിജീവിക്കാനുളള പോരാട്ടത്തില്‍ കൂടെ നില്‍ക്കുകയല്ലാതെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് വിഎസിന്റേതെന്നാണ് പിണറായി വിഭാഗത്തിന്റെ വിമര്‍ശനം. പാര്‍ട്ടി വിട്ട് പുറത്തുപോകുന്നവര്‍ക്ക് എംവി രാഘവന്റേയും ഗൗരിയമ്മയുടേയും ഗതിയായിരിക്കും എന്ന് പിണറായി ഓര്‍മ്മിപ്പിക്കുകയും ചെയ്തത് ഈ ഘട്ടത്തിലാണ്. അടുത്തിടെ വരെ ഒളിയമ്പുകളുമായി പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച വിഎസ് ടിപി വധത്തോടെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു എന്നതാണ് പ്രധാനമാറ്റം. പിണറായിയെ കാത്തിരിക്കുന്നത് പഴയ സഖാവ് ഡാങ്കേയുടെ ഗതിയാണന്നാണ് വിഎസിന്റെ മുന്നറിയിപ്പ്. സംസ്ഥാന നേതൃത്വത്തിനെതിരേ മുന്‍പും താനുന്നയിച്ചിട്ടുളള വിമര്‍ശനങ്ങള്‍ താല്‍ക്കാലിക വികാരങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ വിഎസിന് കഴിഞ്ഞിട്ടുണ്ട്. ഒഞ്ചിയത്തെ ആര്‍എംപിയുടെ രൂപീകരണം 1964ലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനോടാണ് വിഎസ് ഉപമിച്ചത്. എന്നാല്‍ ശക്തമായി പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് സിപിഎം.

എന്നാല്‍ പാര്‍ട്ടിയുടെ നീക്കങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കാനാണ് വിഎസ് പക്ഷത്തിന്റെ തീരുമാനം. പലയിടങ്ങളിലും രഹസ്യയോഗങ്ങള്‍ ചേര്‍ന്ന് പുറത്താക്കിയാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്ത് കഴിഞ്ഞു. പുതിയ സാഹചര്യത്തില്‍ ഒഞ്ചിയം നേതാക്കള്‍ വിഎസിനെ കണ്ടതും അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തത്. എന്ത് തന്നെയായാലും കലക്കവെളളത്തില്‍ മീന്‍പിടിക്കാനുളള യുഡിഎഫിന്റെ തന്ത്രത്തേയും ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയാനുളള ബിജെപിയുടെ നയത്തേയും പിന്നിലാക്കുന്ന രാഷ്ട്രീയ നയതന്ത്രഞ്ജതയാണ് വിഎസ് നിലവില്‍ പ്രകടിപ്പിക്കുന്നതെന്ന് പറയാതെ വയ്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.