1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

ജീവിതത്തില്‍ നിന്ന് തിലകന്‍ പടിയിറങ്ങിപ്പോയി. എന്നാല്‍ എന്നെങ്കിലും മലയാളിയുടെ മനസ്സില്‍ നിന്ന് പടിയിറങ്ങി പോകാന്‍ തിലകന് കഴിയുമോ? ചാക്കോ മാഷായും പെരുന്തച്ചനായും കൊച്ചുവാവയായും ഒക്കെ മലയാളിയുടെ മനസ്സില്‍ തിലകന്‍ പകര്‍ന്നാടി. ജീവിതത്തിലും സിനിമയിലും പരുക്കനായ ഒരു മനുഷ്യനെ സ്വകാര്യ അഹങ്കാരമായി അവര്‍ നെഞ്ചോട് ചേര്‍ത്തുവച്ചു.

പുറമേ പരുക്കനായിരുന്നു തിലകന്‍. എന്നാല്‍ എന്തുകൊണ്ട് പരുക്കനായി എന്നതിന്റെ ഉത്തരവും അ്‌ദ്ദേഹം തന്നെ പറഞ്ഞു തന്നു. അന്നത്തെ സാഹചര്യങ്ങള്‍. പട്ടിണിയും പരിവട്ടവും മാത്രം കൂട്ടുകാരായിരുന്ന കാലത്ത് വിളമ്പവച്ച ഒരു ചോറിന് മുന്നില്‍ നിന്ന് എഴുനേറ്റു പോയ ഒരു മകനെ കുറിച്ച് തിലകന്‍ ഓര്‍ത്തിട്ടുണ്ട്. അന്ന് എഴുനേറ്റ് പോയ ആ മകന്‍ പിന്നീട് വര്‍ഷങ്ങളോളം സ്വന്തം അമ്മയോട് പോലും മിണ്ടാതിരുന്നു. അതായിരുന്നു തിലകന്‍. ജീവിതത്തിലും സിനിമയിലും പരുക്കന്‍. എന്നാല്‍ അടുത്തറിയാവുന്നവര്‍ പറയുന്നു. സഫ്ടികത്തിലെ ചാക്കോമാഷിനെ പോലെയായിരുന്നു തിലകന്‍. ചാക്കോമാഷിനെ അനശ്വരമാക്കാന്‍ തിലകന് കഴിഞ്ഞതും സ്വന്തം സ്വഭാവത്തിന്റെ ഏതൊക്കെയോ അംശങ്ങള്‍ ആ കഥാപാത്രത്തിലുണ്ടായിരുന്നതു കൊണ്ടു കൂടിയായിരുന്നു.

ഉള്ളിന്റെ ഉള്ളില്‍ തിലകന്‍ എന്ന വ്യക്തി സ്ഥടികം പോലെ ശുദ്ധമായ മനസ്സുള്ള ഒരാളായിരുന്നു. എന്നാല്‍ തനിക്ക് മുന്നില്‍ കാണുന്ന ഒന്നിനോടും പ്രതികരിക്കാതിരിക്കാന്‍ തിലകന് കഴിഞ്ഞിരുന്നില്ല. ഉള്ളിലെവിടെയോ മക്കളോട് വാത്സല്യം സൂക്ഷിക്കുന്ന ഒരച്ഛന്‍ തിലകനിലുണ്ടായിരുന്നു. ചില നിമിഷങ്ങളില്‍ അത് പുറത്തുവരും. വെള്ളിത്തിരയിലെ മനോഹരങ്ങളായ മുഹൂര്‍ത്തങ്ങളായി അത് മലയാളിയുടെ മനസ്സില്‍ പച്ചപിടിച്ച് നില്‍ക്കുകയും ചെയ്യും. എന്നാല്‍ സ്വന്തം ജീവിതം പരാജയമായിരുന്നു എ്ന്ന് പരസ്യമായി സമ്മതിക്കാനും തിലകന് മടിയൊന്നും ഉണ്ടായിരുന്നില്ല. കാരണം ലളിതം ജീവിതത്തില്‍ അഭിനയിക്കാന്‍ തിലകന് അറിയില്ലായിരുന്നു.

ഉള്ളിന്റെ ഉള്ളില്‍ തിലകന്‍ എന്ന വ്യക്തി സ്ഥടികം പോലെ ശുദ്ധമായ മനസ്സുള്ള ഒരാളായിരുന്നു. എന്നാല്‍ തനിക്ക് മുന്നില്‍ കാണുന്ന ഒന്നിനോടും പ്രതികരിക്കാതിരിക്കാന്‍ തിലകന് കഴിഞ്ഞിരുന്നില്ല. ഉള്ളിലെവിടെയോ മക്കളോട് വാത്സല്യം സൂക്ഷിക്കുന്ന ഒരച്ഛന്‍ തിലകനി ലുണ്ടായിരുന്നു.

അഭിനയജീവിതത്തിന്റെ നാല്പത് വര്‍ഷങ്ങള്‍. നൂറ്റി എണ്‍പതിലേറെ കഥാപാത്രങ്ങള്‍. തിലകന്‍ തന്റെ ജീവിതമത്രയും ജീവിച്ച് തീര്‍ത്തത് വെളളിത്തിരയിലായിരുന്നു. 1979ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ വെളളിത്തിരയിലെത്തിയ തിലകന്‍ അതിനും എത്രയോ മുന്‍പേ അഭിനയം എന്ന മോഹനസ്വപ്നത്തെ പുല്‍കിയിരുന്നു. രണ്ടാം ക്ലാസില്‍ മുഖത്ത് ചായമിട്ട് നടനെന്ന് പേരുമായി തിലകന്‍ പിന്നീട് ഒരു കാട്ടുകുതിരയെ പോലെ സിനിമയിലൂടെ കുതിച്ചുപാഞ്ഞത് ഒരു രോമാഞ്ചത്തോടെയേ ഓര്‍ക്കാന്‍ കഴിയൂ.

1935 ഡിസംബര്‍ എട്ടിന് മുണ്ടക്കയത്ത് പി.എസ്. കേശവന്‍ – പി.എ്‌സ്. ദേവയാനി ദമ്പതികളുടെ മകനായാണ് സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്റെ ജനനം. സ്‌കൂളിലെ നാടകവേദികളായിരുന്നു തിലകനിലെ നടനെ ആദ്യം തിരിച്ചറിഞ്ഞത്. 18-ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളില്‍ തിലകന്‍ തന്റെ കലാപ്രവര്‍ത്തനം കാഴ്ചവച്ചു. 1000ത്തോളം നാടക വേദികളുടെ അഭിനയ സമ്പത്തുമായാണ് തിലകന്‍ സിനിമയിലേക്ക് എത്തുന്നത്. ഇതിനിടെ 43 നാടകങ്ങള്‍ തിലകന്‍ സംവിധാനം ചെയ്യുകയും ചെയ്തു. പി.ജെ. ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകന്‍ ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്നത്.

1979ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പീന്നീട് 1981ല്‍ കോലങ്ങളില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തിലകന്‍ വെള്ളിത്തിരയിലെ തന്റെ ജൈത്രയാത്ര ആരംഭിച്ചു. കാട്ടുകുതിര എന്ന നാടകത്തില്‍ രാജന്‍ പി ദേവ് അവരിപ്പിച്ച കൊച്ചുവാവ എന്ന കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത് തിലകനാണ്.

തുടര്‍ന്നിങ്ങോട്ട് എത്രയെത്ര കഥാപാത്രങ്ങള്‍. ഓരോന്നിലും ഒരു തിലകന്‍ ടച്ച് അദ്ദേഹം തന്നെ നല്‍കി. ചില അച്ഛന്‍ മുത്തശ്ചന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത മുഹൂര്‍ത്തങ്ങളാണ് നല്‍കിയത്. കിലുക്കത്തിലെ പരുക്കനായ പ്ട്ടാളക്കാരനും മൂന്നാം പക്കത്തിലെ കൊച്ചുമകന്റെ മൃതദേഹത്തിനായി കാത്തിരിക്കുന്ന മുത്തശ്ചന്റെ വേദനയും ആ മുഖത്ത് നിന്ന് പ്രേക്ഷകര്‍ മനസ്സിലേക്ക് പകര്‍ത്തിയെടുത്തു. കീരീടത്തിലെ പോലീസുകാരനായ അച്ഛന്‍ ഓരോ ഡയലോഗുകളിലും ഒരച്ഛന്റെ മനോവേദന പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി കൊടുത്തു.

മോഹന്‍ലാലും തിലകനും തമ്മിലൊരു ഹൃദയ ബന്ധമുണ്ടായിരുന്നു. തിലകനും മോഹന്‍ലാലും ഒരു സീനില്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ അവിടൊരു എനര്‍ജി ഉണ്ടാകുന്നുണ്ട്. അത് പലപ്പോഴും പ്രേക്ഷകര്‍ അനുഭവിച്ചിട്ടുമുണ്ട്. കിരീടം, ചെങ്കോല്‍, സ്ഥടികം, നരസിംഹം, മണിച്ചിത്രതാഴ് അങ്ങനെ എത്രയെത്ര സിനിമകള്‍. ലാലും തിലകനും ഒന്നിക്കുമ്പോള്‍ അവിടൊരു കെമിസ്ട്രി ഉണ്ടാകുന്നുണ്ടെന്ന ചോദ്യത്തിന് അത് കെമിസ്ട്രി അല്ല ഫിസിക്‌സാണ് എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞ മറുപടി. അതേ ന്യൂട്ടന്റെ മൂന്നാമത്തെ ചലന നിയമം. ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസ് ആന്‍ ഈക്വല്‍ ആന്‍ഡ് ഓപ്പസിറ്റ് റിയാക്ഷന്‍. ഒരാളുടെ പ്രതിഭക്ക് നല്‍കുന്ന മറ്റെയാളുടെ ആദരം മാത്രമായിരുന്നു ആ കോമ്പിനേഷന്‍ സീനുകള്‍.

പെരുന്തച്ചനെന്ന സിനിമയെ കുറിച്ച് പറയാതെ തിലകന്‍ എന്ന നടനെ പൂരിപ്പിക്കാനാകില്ല. മികച്ച നടനുളള ദേശീയപുരസ്‌കാരത്തിന് വരെ തിലകന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. അമിതാഭ് ബച്ചനുമായുളള മത്സരത്തില്‍ മൂന്ന് പോയിന്റ് കൂടുതല്‍ തിലകന് ലഭിച്ചിട്ടും ഉത്തരേന്ത്യന്‍ ലോബിയുടെ ശ്രമഫലമായി പുരസ്‌കാരം അട്ടിമറിക്കപ്പെട്ടു. 1986ല്‍ ഇരകളിലെ അഭിനയത്തിനും തിലകന്‍ ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും 2006ലാണ് പ്രത്യേക ജൂറി പുരസ്‌കാരം തിലകന് ലഭിക്കുന്നത്. 1988ല്‍ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള ദേശീയ പുരസ്‌കാരം തിലകനെ തേടിയെത്തി. 2009ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. രണ്ട് തവണ മികച്ച നടനുളള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ ആറ് തവണ മികച്ച സഹനടനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.

തിലകന്റെ ഓര്‍മ്മകള്‍ക്ക് അവസാനം വരെ ഒരിളക്കവും തട്ടിയില്ല. എല്ലാ സംഭവങ്ങളും തീയതിയും സമയവുമടക്കം അദ്ദേഹത്തിന്റെ മനസ്സില്‍ ഓളം വെട്ടാതെ കിടപ്പുണ്ടായിരുന്നു. അവസാന നിമിഷവും മരണവുമായി അദ്ദേഹം പോരാടികൊണ്ടിരുന്നു. സിനിമയെന്ന മോഹം ആദ്ദേഹത്തെ മാടി വിളിച്ചുകൊണ്ടിരുന്നു. പക്ഷാഘാതവും ഹൃദയാഘാതവും ഒക്കെ മാറിമാറി വന്ന് ജീവിതത്തില്‍ നിന്ന് കൂട്ടികൊണ്ട് പോകാന്‍ ശ്രമിക്കുമ്പോഴും സ്വന്തം ഡയലോഗുകള്‍ അദ്ദേഹം മറന്നില്ല. ഡോക്ടര്‍മാര്‍ കേള്‍പ്പിച്ചുകൊടുത്ത ഓരോ ഡയലോഗുകള്‍ക്കും തിലകന്‍ അബോധമനസ്സില്‍ പ്രതികരിച്ചു.

തിലകന്‍ പരുക്കനായിരുന്നു. സ്വന്തം ജീവിതകാലമത്രയും ഒരു പരുക്കുമേല്‍ക്കാതെ അദ്ദേഹം അതിനെ കൊണ്ടു നടക്കുകയും ചെയ്തു. അവിടെയായിരുന്നു അമ്മ- തിലകന്‍ പ്രശ്‌നത്തിന്റെ തുടക്കം. മലയാള സിനിമ തിലകന്‍ എന്ന മഹാനടന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ എത്രകാലം മലയാള സിനിമയ്ക്ക് പിടിച്ചു നില്‍ക്കാനാകുമായിരുന്നു. തിലകന്‍ തിരിച്ചെത്തി. ഒരു പാട് സിനിമാ ഷൂട്ടിങ്ങുകളില്‍ തിലകന്‍ മരിച്ചു, മരിച്ചിടത്തുനിന്നും ചിരിച്ചുകൊണ്ട് എഴുനേറ്റ് വരുകയും ചെയ്തു. തിലകന്റെ മരണത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അനുശോചനങ്ങള്‍ പറന്നു നടക്കുമ്പോള്‍ ഒരു ആരാധകന്റെ പോസ്റ്റിന് വേദനയുടെ നനവ്. മരിച്ചിടത്തുനിന്ന് ഏഴുനേറ്റ് വരും എന്ന് പ്രതീക്ഷിക്കാന്‍ ഇത് സിനിമയല്ലല്ലോ.. ജീവിതമല്ലേ… വെറും പച്ചയായ ജീവിതം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.