1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2012

നവീന്‍ ജേക്കബ്‌,ലണ്ടന്‍

മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ ഒന്നു കണ്ടു നോക്കൂ.തൊഴിലുറപ്പ് ജോലിക്ക് പോകുന്ന കൂലിപ്പണികാരന് പോലും ഇരുനൂറു രൂപ ദിവസ ശമ്പളമുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ മാസം ആയിരം രൂപയ്ക്കും രണ്ടായിരം രൂപയ്ക്കും ജോലി ചെയ്യുന്ന നമ്മുടെ സഹോദരങ്ങളായ നഴ്സുമാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്നതിനെതിരെ കത്തോലിക്കാ സഭയിലെ ബഹുമാന്യരായ വൈദികര്‍ പ്രകടനം നയിക്കുകയാണ്.ആതുരസേവനത്തിന്‍റെ പേരില്‍ പണം കൊയ്യുന്ന ബിസിനസ് നടത്തുമ്പോഴും ഡോക്ടര്‍മാര്‍ക്ക്‌ യാതൊരു മടിയും കൂടാതെ ലക്ഷങ്ങള്‍ കൊടുക്കുമ്പോഴും ജീവിതവൃത്തിക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന നഴ്സുമാര്‍ക്ക് മിനിമം ശമ്പളം കൊടുക്കാന്‍ തയ്യാറാകാതെ ആ സമരത്തെ രാഷ്ട്രീയപ്രേരിതമെന്ന്‍ മുദ്രകുത്തി തോല്‍പ്പിക്കാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ് കല്യാണത്തിനും,മാമോദീസയ്ക്കും, കുര്‍ബാനയ്ക്കും ,ഒപ്പീസിനും വരെ കണക്കു പറഞ്ഞു കാശു വാങ്ങുന്ന(ചിലരെങ്കിലുമുള്ള) നമ്മുടെ വൈദിക ശ്രേഷ്ഠര്‍.

മാനവരാശിയെ നേരിലേക്ക് നയിക്കുവാന്‍ രൂപം കൊണ്ടവയാണ് എല്ലാ മതങ്ങളും, തെറ്റും ശരിയും തമ്മില്‍ ഉള്ള വ്യത്യാസം മനസിലാക്കിക്കുവാന്‍ മതങ്ങള്‍ക്ക് സാധിച്ചു, പക്ഷെ പോകെ പോകെ മതം ചിലര്‍ക്ക് സമ്പത്ത് വാരിക്കൂട്ടുവാനും, തെറ്റുകള്‍ക്ക് മറ പിടിക്കാനുമുള്ള ഒരു ഉപകരണം ആയി മാറിയോ എന്ന് സംശയിക്കേണ്ടതുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളത് മത സ്ഥാപനങ്ങള്‍ക്ക് ആണ്, അത് രാഷ്ട്രീയ പരമായി ആയാലും സാമ്പത്തികപരമായി ആയാലും സാമൂഹ്യപരമായി ആയാലും. ഇത്തരത്തില്‍ മത സ്ഥാപനങ്ങളില്‍ ഒന്ന് നടത്തുന്ന അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ എന്തുകൊണ്ട് സമരത്തിനു ഇറങ്ങി? നമ്മള്‍ ചിന്തിക്കേണ്ട വിഷയം തന്നെയാണ്. സമരം എന്തായാലും ഒരാഴ്ച പിന്നിട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ശ്രമത്തിലാണ്‌ സമരസമിതിപ്രവര്‍ത്തകര്‍.

ആശുപത്രിയിലെ സമരത്തിന്‌ പിന്തുണ നല്‍കികൊണ്ട്‌ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും യുവജനസംഘടനകളും സാസംസ്കാരിക സംഘടനകളും നേഴ്സുമാരുടെ കുടുംബാംഗങ്ങളും രംഗത്ത്‌ എത്തിയിട്ടുണ്ട്‌ എന്നാലും അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടെ നടത്തിപ്പുകാരനായ ഫാ.സെബാസ്ട്യന്‍ വടക്കും പാടത്തിനും എന്തുപറ്റി എന്നതാണ് അന്വേഷിക്കേണ്ട കാര്യം, ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന നെഴ്സുമാരെ പരിഹസിക്കുകയും അവരെ പറ്റി അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു വൈദികന് ചേര്‍ന്നതാണോ എന്ന സംശയവും ന്യായമാണല്ലോ.

അടുത്തിടെയായി ഇന്ത്യയിലെ പ്രത്യേകിച്ച് മലയാളി നേഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി സമരത്തിനു ഇറങ്ങുന്നത് നാം കാണുന്നുണ്ട്. മുന്‍പൊക്കെ എല്ലാം സഹിച്ചും ക്ഷമിച്ചും നേഴ്സുമാര്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറായിരുന്നു എന്നാല്‍ ആശുപത്രികള്‍ ഇത് പരമാവധി ചൂഷണം ചെയാന്‍ തുടങ്ങിയതാണ് പ്രതികരിക്കാന്‍ നേഴ്സുമാരെ പ്രേരിപ്പിച്ചത്. അവരുടെ ആവശ്യങ്ങള്‍ അവരുടെ അവകാശങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി അധികൃതര്‍ സമരം നേരിടാന്‍ ഏതറ്റം വരെയും പോകുമെന്നൊക്കെ പരസ്യമായി വിളിച്ചു പറയുമ്പോള്‍ സംശയിക്കേണ്ടി ഇരിക്കുന്നു ഇതൊരു ആശുപത്രി തന്നെയോ എന്ന്.

ഹോസ്പിറ്റലില്‍ നിന്നും അന്യായമായി പിരിച്ചുവിട്ട നേഴ്സുമാരെ തിരിച്ചെടുക്കുക, നേഴ്സുമാര്‍ക്ക്‌ മിനിമം വേതനം അനുവദിക്കുക, ജോലി സുരക്ഷ ഉറപ്പുവരുത്തുക, ഡ്യൂട്ടി മൂന്ന്‌ ഷിഫ്റ്റ്‌ ആക്കുക, സ്റ്റാഫ്‌ പേഷ്യന്റ്‌ റേഷ്യോ, പിഎഫ്‌, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുക, ജീവനക്കാരെ കോണ്‍ട്രാക്റ്റ്‌ ബേയ്സില്‍ എടുക്കുന്നത്‌ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യുണൈറ്റഡ്‌ നേഴ്സസ്‌ അസ്സോസിയേഷന്‍ ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങളില്‍ ഒന്നുപോലും അനാവശ്യമെന്ന് പറയാന്‍ ആകില്ല എന്നതാണ് വാസ്തവം. സഹനത്തിന്റെ പരമാവധി സഹിച്ചതിനു പിന്നാലെയാണ് നേഴ്സുമാര്‍ക്ക് സമരത്തിനു കൊടി പിടിക്കേണ്ടി വന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ സമരം ഒത്തുതീര്‍പ്പാക്കുന്നതിന്‌ എം. പി.യുടെയും മറ്റും നേതൃത്വത്തില്‍ വിവിധ ചര്‍ച്ചകള്‍ നടന്നെങ്കിലും എല്ലാം പരാജയപ്പെട്ടത് മാനേജ്മെന്റിന്റെ നിസ്സഹകരണം മൂലം മാത്രമാണ് എന്നിരിക്കെ ആര്‍ക്കു വേണ്ടിയാണ് ആശുപത്രി അധികൃതര്‍ ഇങ്ങനെ നേഴ്സുമാരെ ദുരിതത്തില്‍ ആക്കുന്നതെന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു. ഇതിനുമുമ്പ്‌ ഒരു പ്രാവശ്യം ആശുപത്രി തല്ലിതകര്‍ത്തെന്ന്‌ ആരോപിച്ചുകൊണ്ട്‌ ആശുപത്രി പൂട്ടിയിട്ട്‌ നഷ്ടപരിഹാരം വാങ്ങിയിട്ടുള്ള സ്ഥാപനം ഇനിയും അത്‌ ആവര്‍ത്തിക്കുമോ എന്നും സംശയിക്കേണ്ടതുണ്ട്.

വനിതകളായ ഇരുന്നൂറ്റിയമ്പതിലധികം നേഴ്സുമാരാണ്‌ ഇപ്പോള്‍ സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌. വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള കത്തോലിക്കാസഭയുടെ സ്ഥാപനം നേഴ്സുമാരുടെ ദുരിതജീവിതം കണ്ടില്ലെന്നു നടിക്കുന്നതു എന്തിനു വേണ്ടിയായാലും ശരി, സേവനത്തിന്റെ മാലാഖമാരെ ദുരിതത്തില്‍ ആക്കുന്നത് സഹിക്കുന്നതിലും അപ്പുറമാണെന്ന് പറയാതെ വയ്യ. കഴിഞ്ഞ ദിവസം സമരക്കാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അധികൃതര്‍ ഒന്നറിയുക നല്ല കൂലികൊടുത്ത്‌ ജീവനക്കാരെ കൊണ്ട്‌ നല്ല രീതിയില്‍ ജോലി ചെയ്പ്പിച്ചാല്‍ സ്ഥാപനം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ ഒരു സംരക്ഷണസമിതിയുടെ ആവശ്യമില്ല.

അതോടൊപ്പം ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ഠരും ഒന്ന്‍ മനസിലാക്കുക.ഈ സമരം നടത്തുന്നതില്‍ ഭൂരിഭാഗവും കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്ന സഭാംഗങ്ങളാണ്. ജോലിക്കാരന് അര്‍ഹമായ കൂലി കൊടുക്കണം എന്ന വൈദികരുടെ പ്രബോധനങ്ങള്‍ ഞായറാഴ്ച പ്രസംഗങ്ങളിലും ധ്യാന വേദികളിലും ഒരു പാട് കേട്ട ഇവരുടെ കണ്ണീര്‍ നിങ്ങള്‍ കാണണം.ലക്ഷങ്ങള്‍ ലോണെടുത്ത് ( ഈ ഫീസ്‌ കൂടുതലും നല്‍കിയത് നിങ്ങളുടെ തന്നെ സ്ഥാപനങ്ങള്‍ക്കാണ്) നഴ്സിംഗ് പഠിച്ചിറങ്ങിയതിനു ശേഷം വട്ടച്ചിലവിനുള്ള പണം പോലും ശമ്പളം ലഭിക്കുന്നില്ല എന്ന് വന്നാല്‍,ലോണിന്റെ പലിശ പോലും തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ഈ ജീവിതം തന്നെ അവര്‍ക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നം ആകില്ലേ.

വൈദികരുടെ ളോഹ കണ്ടാല്‍ പോലും കുമ്പിടണമെന്ന് കാര്‍ന്നോന്മാര്‍ പഠിപ്പിച്ചത് അക്ഷരം പ്രതി നിറവേറ്റുന്ന അജഗണങ്ങളുടെ ഈ രോദനം ഇടയന്‍മാര്‍ കേള്‍ക്കണം.അവര്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള ശമ്പളം കൊടുക്കണം.ഇത് നിങ്ങളുടെ പോക്കറ്റില്‍ നിന്നോ പള്ളി ഭണ്ഡാരത്തില്‍ നിന്നോ വേണ്ട.ആശുപത്രി നടത്തിയുണ്ടാക്കുന്ന ലാഭത്തില്‍ നിന്നു മതി.അതിനാവശ്യമായതില്‍ കൂടുതല്‍ പണം ഈ കച്ചവടത്തില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കുമറിയാം.ആശുപത്രി നടത്തുന്നത് വൈദികരായാലും ,സിസ്റ്റര്‍മാരായാലും സാമിമാരായാലും,ഇമാമുമാരായാലും വേണ്ടില്ല;സേവനത്തിന്‍റെ മാലാഖമാരായ നഴ്സുമാര്‍ക്ക് ന്യായമായ ശമ്പളം ലഭിക്കണം.

അടിക്കുറിപ്പ്‌

ദയവു ചെയ്ത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സഭാവിരുദ്ധമായി ചിത്രീകരിക്കരുത്.സഭയുടെ കല്‍പ്പനകള്‍ അനുസരിക്കുന്ന,എല്ലാ ദിവസവും മുടങ്ങാതെ സന്ധ്യാപ്രാര്‍ഥന ചെല്ലുന്ന,ആഴ്ചയില്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും പള്ളിയില്‍ പോകുന്ന,മുടങ്ങാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന,നാട്ടിലായിരുന്നപ്പോള്‍ ആറു മാസത്തിലൊരിക്കല്‍ ധ്യാനം കൂടിയിരുന്നതും യു കെയില്‍ വന്നതിനു ശേഷം എല്ലാ മാസവും ധ്യാനം കൂടുന്നവരുമായ സത്യ ക്രിസ്ത്യാനികള്‍ ആണ് ഞങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.