1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012

ആസാമില്‍ കലാപമൊരു പുത്തരിയല്ല. ഇതിന്റെ അടിവേരുകളാകട്ടെ ബ്രട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് നീണ്ടു കിടക്കുന്നു. എന്നാല്‍ കഴിഞ്ഞ മാസം ആസ്സാമിലെ നാല് പടിഞ്ഞാറന്‍ ജില്ലകളിലുണ്ടായ കലാപം വെറുമൊരു കുടിയേറ്റപ്രശ്‌നമായി അവഗണിക്കാന്‍ കഴിയാത്ത അത്ര വളര്‍ന്നു വലുതായിരിക്കുന്നു. കാലങ്ങളായി രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ മെനഞ്ഞുണ്ടാക്കിയ നുണക്കഥകള്‍ ഒരു വലിയ ബോംബായി ഇന്ന് രാഷ്ട്രത്തെ തന്നെ നശിപ്പിക്കാന്‍ പാകത്തിന് നമ്മുടെ തലയക്കുമുകളില്‍ തൂങ്ങിക്കിടക്കുന്നു. അസ്സാമിലെ കലാപത്തിന് പകരം വീട്ടുമെന്ന നുണപ്രചാരണത്തെ തുടര്‍ന്ന് കര്‍ണ്ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വടക്കുകിഴക്കന്‍ സം്സ്ഥാനക്കാരാണ് ഒഴിഞ്ഞുപോയിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാന്‍ കാരണമായേക്കാവുന്ന ആ നുണപ്രചരണം എന്തിനായിരുന്നു?

അതറിയണമെങ്കില്‍ ആദ്യം ആസ്സാമിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിയണം. നേരത്തെ പറഞ്ഞതുപോലെ ആസ്സാമിലെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് ബ്രട്ടീഷ് സാമ്രാജ്വത്വ കാലത്താണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ ചില ബംഗാളികള്‍ ആസ്സാമിലേക്ക് കുടിയേറിയിരുന്നെങ്കിലും വന്‍ തോതിലുളള കുടിയേറ്റത്തിന് തുടക്കം കുറിച്ചത് ബ്രട്ടീഷുകാരായിരുന്നു. ബംഗാളില്‍ വന്‍ തോതില്‍ ജനസംഖ്യ വര്‍ദ്ധിക്കുകയും ജനങ്ങള്‍ രാഷ്ട്രീയമായി നല്ല അവബോധമുളളവരാകുകയും ചെയ്ത കാലഘട്ടത്തിലാണ് താരതമ്യേന ജനസംഖ്യ കുറഞ്ഞ ആസ്സാമിലേക്ക് കുടിയേറാനായി ബ്രട്ടീഷുകാര്‍ ബംഗാളികളെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാര്‍ക്കായി പ്രത്യേക മേഖലതന്നെ ബ്രട്ടീഷുകാര്‍ വേര്‍തിരിച്ച് നല്‍കിയിരുന്നു. ഈ കുടിയേറ്റമാകട്ടെ 1930 വരെ തുടര്‍ന്നു. അപ്പോഴേക്കും ജനസംഖ്യയുടെ നല്ലൊരു ഭാഗം മുസ്ലീങ്ങളായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടാകുകയും തല്‍ഫലമായി ആസ്സാമിലെ മുസ്ലീം ജനസംഖ്യ മറ്റ് സ്ംസ്ഥാനങ്ങളിലേതിന് തുല്യമാവുകയും ചെയ്തു.

എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. ബംഗ്ലാദേശില്‍ നിന്ന് മ്ുസ്ലീങ്ങള്‍ കുടിയേറിയതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ നേപ്പാളില്‍ നിന്ന് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്ന് തന്നെ കുടിയേറുന്ന ഹിന്ദുക്കളെ കുടിയേറ്റക്കാരുടെ ഗണത്തിലെ ഉള്‍്‌പ്പെടുത്തുന്നില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപാരങ്ങളുടെ ഏറിയ പങ്കും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും രാജസ്ഥാനിലെ മാര്‍വാഡികളാണ്. ബീഹാറികളും ഗുജറാത്തികളും ഒക്കെ ആസ്സാമിലുണ്ട്. ഇവരെയാരേയും കുടിയേറ്റക്കാരുടെ വിഭാഗത്തില്‍ പെടുത്താതെ ഒരു വിഭാഗത്തിന്റെ മാത്രം കുടിയേറ്റത്തെ പര്‍വ്വതീകരിച്ച് കാണിച്ച് അതിന് വര്‍ഗ്ഗീയതയുടെ നിറം പകരാനുളള ശ്രമമാണ് ഇവിടെ നടക്കുന്നത്.

ജൂലൈ 19,20 തീയ്യതികളിലാണ് ആസ്സാമിലെ നാല് പടിഞ്ഞാറന്‍ ജില്ലകളില്‍ കലാപം പടര്‍ന്ന് പിടിക്കുന്നത്. നാല് ജില്ലകളിലെ ഇരുനൂറിലേറെ ഗ്രാമങ്ങളില്‍ പടര്‍ന്ന കലാപത്തില്‍ 56 പേരാണ് മരിച്ചത്. നാല് ലക്ഷത്തിലധികം പേര്‍ അഭയാര്‍ത്ഥികളായി. 270 അഭയാര്‍ത്ഥിക്യാമ്പുകളില്‍ നാമമാത്രമായ സൗകര്യങ്ങള്‍. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ആറായിരത്തിലധികം വീടുകള്‍ കത്തി ചാമ്പലായി. ബോഡോ വംശജരും കുടിയേറ്റക്കാരായ മുസ്ലീങ്ങളുമാണ് കലാപത്തിന് നേതൃത്വം നല്‍കിയിരുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുളളില്‍ ഭീകരമായ ആറ് വംശീയ സംഘര്‍ഷങ്ങള്‍ക്കാണ് ആസ്സാം സാക്ഷ്യം വഹിച്ചത്. 1983ലെ നെല്ലി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത് മൂവായിരത്തിലധികം മുസ്ലീങ്ങളായിരുന്നു. ഈ വംശീയ സംഘര്‍ഷങ്ങള്‍ക്കെല്ലാം ഭരണവര്‍ഗ്ഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുളള പിന്തുണയുണ്ടായിരുന്നു എന്നത് നഗ്നമായ സത്യം മാത്രം.

അസ്സമിലെ തദ്ദേശീയ വാസികളായ ബോഡോ വിഭാഗക്കാരുടെ ജോലിയും ഭൂമിയും ഭൗതിക വിഭവങ്ങളും കാലാകാലങ്ങളായി ആസ്സാമിലേക്ക് കുടിയേറിയ ബംഗാളികള്‍ കവര്‍ന്നെടുക്കുന്നു എന്ന പരാതി പണ്ടുമുതലേ ഉളളതാണ്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്ന് കൂട്ടത്തോടെ ബംഗ്ലാദേശില്‍ നിന്നുളള മുസ്ലീങ്ങള്‍ ആസ്സാമിലേക്ക് പാലായനം ചെയ്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമായി. ഇതുമൂലം തദ്ദേശീയരായ ബോഡോ ഗോത്രവര്‍ഗ്ഗക്കാര്‍ ന്യൂനപക്ഷമാവുകയും മറ്റ് വിഭാഗങ്ങള്‍ പ്രത്യേകിച്ച് കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ ഭൂരിപക്ഷമാവുകയും ചെയ്തു. ഇത് ഇരുവിഭാഗങ്ങളും തമ്മിലുളള സംഘര്‍ഷത്തിന് കാരണമായതോടെയാണ് ബോഡോ വിഭാഗത്തിന്റെ അസംതൃപ്തി ശമിപ്പിക്കാനായി ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത്. എന്നാല്‍ ഈ കൗണ്‍സിലിന്റെ കീഴില്‍ വരുന്ന നാല് ജില്ലകളില്‍ ബോഡോ വിഭാഗത്തില്‍ പെട്ടവരുടെ സംഖ്യ ഏകദേശം 25 ശതമാനത്തോളമേ വരൂ. ബാക്കിയുളളവര്‍ മുസ്ലീങ്ങളും ബംഗാളികളുമാണ്.

ബംഗാളില്‍ നിന്നുളള കുടിയേറ്റക്കാര്‍ തങ്ങളുടെ അവസരങ്ങള്‍ കൈയ്യടക്കുന്നു എന്ന അസംതൃപ്തി ബോഡോ വിഭാഗക്കാരുടെ ഉളളില്‍ കിടക്കുമ്പോഴാണ് വര്‍ഗ്ഗീയ ശക്തികള്‍ അതിനെ മുതലെടുക്കാന്‍ രംഗത്തെത്തുന്നത്. അതിന്റെ ഫലമായി പണ്ട് ശിവസേന മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയതുപോലെ ആസ്സാം ആസ്സാംകാര്‍ക്ക് , ബംഗാളികള്‍ പുറത്തുപോവുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി. വോട്ടര്‍ പട്ടികയില്‍ നിന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ ഒഴിവാക്കണമെന്ന് ആവശ്്യപ്പെട്ട് അഖില ആസ്സാം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചതോടെയാണ് ആദ്യത്തെ സംഘര്‍ഷമുണ്ടാകുന്നത്. ഈ സമരത്തിന് പിന്തുണ നല്‍കിയതാകട്ടെ ബിജെപിയും. ഈ സമയത്താണ് നെല്ലി കൂട്ടക്കൊല അരങ്ങേറുന്നത്. കലാപത്തിന് നേതൃത്വം നല്‍കിയ അഖില ആസ്സാം വിദ്യാര്‍ത്ഥി യുണിയന്‍ – ഇപ്പോള്‍ ആസ്സാം ഗണ പരിഷിത്ത് – അധികാരത്തില്‍ വന്നു. നെല്ലി കൂട്ടക്കൊല അന്വേഷിക്കാനായി നിയോഗിച്ച ട്രിബുബന്‍ദാസ് ദിവാരി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുകയും നെല്ലി കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വെറുതേ വിടുകയും ചെയ്യുകയാണ് അധികാരത്തിലെത്തിയ ആസ്സാം ഗണപരിഷിത് ആദ്യം ചെയ്തത്.

കുടിയേറ്റക്കാരായ ബംഗാളികള്‍ തങ്ങളുടെ അവസരം കവര്‍ന്നെടുക്കുന്നുവെന്ന ബോഡോ വിഭാഗക്കാരുടെ അസംതൃപ്തിയെ ആളിക്കത്തിച്ച് വോട്ട് ബാങ്ക് പിടിച്ചെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ നടത്തിയ നാണം കെട്ട കളികളാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം.

പിന്നീടാണ് ബോഡോ വംശീയ വാദികള്‍ നേതൃത്വം നല്‍കുന്ന സായുധ വിഘടന സംഘടനകളുടെ രംഗപ്രവേശം. ബോഡോ ലിബറേഷന്‍ ടൈഗേഴ്‌സ്, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് എന്നീ സായുധ സംഘടനകള്‍ ബോഡോ വംശക്കാര്‍ക്ക് ഭൂരിപക്ഷമുളള ജില്ലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക ബോഡോ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായാണ് രംഗത്തെത്തി. ഇത്തരം സംഘടനകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഒളി്ഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കിയിരുന്ന രാഷ്ട്രീയ കക്ഷികളാകട്ടെ ആസ്സാമിനെ മറ്റൊരു ദുരന്തത്തിലേക്ക് തളളിയിടുകയായിരുന്നു. തുടക്കത്തില്‍ പ്രശ്‌നമുയര്‍ത്തിയിരുന്ന എജിപിയും ആസ്സുവും തകര്‍ന്നെങ്കിലും രാഷ്ട്രീയ കക്ഷികള്‍ ചെല്ലും ചെലവും നല്‍കി വളര്‍ത്തിയ ബോഡോ ലിബറേഷന്‍ ടൈഗേഴ്‌സിനെ പോലുളള തീവ്രവാദി സംഘടനകള്‍ സംസ്ഥാനത്ത് പിടിമുറുക്കി കഴിഞ്ഞിരുന്നു. ഇതിന് ബദലായി മറ്റ് ചില സംഘടനകളും രംഗത്തെത്തി. അണിയറയിലിരുന്ന് ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയ ഇത്തരം സംഘടനകളാണ് നിലവിലെ കലാപത്തിന് തിരികൊളുത്തിയത്്.

റൂമിനാഥ് എന്ന വനിതാ കോണ്‍ഗ്രസ് എംഎല്‍എ മതം മാറി വിവാഹം കഴിച്ചതും അവരെ ബിജെപിയുടേയും ബോഡോ ലിബറേഷന്‍ ടൈഗേഴ്‌സിന്റേയും ്പ്രവര്‍ത്തകര്‍ കരിംഗഞ്ചിലെ ഹോട്ടലില്‍ വച്ച് അക്രമിക്കുകയും ചെയ്തതോടെയാണ് കലാപത്തിന് തുടക്കമാകുന്നത്. ജൂലൈ 19 ന് കൊക്രജാറില്‍ വച്ച് രണ്ട് മുസ്ലീം യുവാക്കള്‍ കൊല്ലപ്പെടുകയും അതിന് പകരമായി നാല് മുന്‍ ബോഡോലാന്റ് ലിബറേഷന്‍ ടൈഗേഴ്‌സിലെ നാല് ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തതോടെ കലാപം കത്തിപ്പടര്‍ന്നു. എന്നാല്‍ തുടക്കത്തിലെ കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയ അലംഭാവമാണ് ദുരന്തം ഇത്ര ഭീകരമാക്കിയത്. കലാപം തുടങ്ങി ഒരാഴ്ചയ്ക്് ശേഷമാണ് മുഖ്യമന്ത്രി ഗൊഗോയ് കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറായത്.

കലാപകാരികളായ ബോഡോ ലിബറേഷന്‍ ടൈഗേഴ്‌സിന്റെ രാഷ്ട്രീയ രൂപമായ പീപ്പിള്‍സ് ഫ്രണ്ട് ഗൊഗോയ് മന്ത്രിസഭയിലെ അംഗമായതാണ് കലാപകാരികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ വിമുഖത കാട്ടാന്‍ കാരണം. കേന്ദ്രസേനയുടെ സഹായം മുഖ്യമന്ത്രി അവശ്യപ്പെട്ടില്ല. ഇതോടെ സ്വന്തം കക്ഷിയില്‍ പെട്ട മുഖ്യമന്ത്രിയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ശകാരിക്കേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ബോഡോ വിഭാഗങ്ങളെ തങ്ങളുടെ വോട്ട് ബാങ്കായാണ് കോണ്‍ഗ്രസ്സ് കാണുന്നത്. കുടിയേറ്റക്കാര്‍ക്കെതിരേ നിരന്തരം സംഘര്‍ഷങ്ങളുണ്ടാക്കുന്നതിലല്ലാതെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കോണ്‍ഗ്രസും ബിജെപിയും അടക്കമുളള രാഷ്ട്രീയകക്ഷികളൊന്നും തന്നെ തുനിഞ്ഞി്ട്ടില്ല. പകരം ഇരുകൂട്ടരേയും തമ്മിലടിപ്പിച്ച് അവരുടെ ചോരകുടിക്കുന്ന ഹീനതന്ത്രമാണ് എ്ല്ലാ രാഷ്ട്രീയ കക്ഷികളും അവലംബിക്കുന്നത്.

ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ് മൂലം ഭൂമിയിലും ജോലിയിലുമുണ്ടായ കുറവാണ് യഥാര്‍ത്ഥത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുളള അസംതൃപ്തിക്ക് കാരണം. കുടിയേറ്റക്കാരായ ബംഗാളികള്‍ തങ്ങളുടെ അവസരം കവര്‍ന്നെടുക്കുന്നുവെന്ന ബോഡോ വിഭാഗക്കാരുടെ അസംതൃപ്തിയെ ആളിക്കത്തിച്ച് വോട്ട് ബാങ്ക് പിടിച്ചെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ നടത്തിയ നാണം കെട്ട കളികളാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഒരു സ്ഥലത്തെ തൊഴിലില്ലായ്മയക്കും മറ്റും അവിടെയുളള കുടിയേറ്റക്കാരാണ് കാരണമെന്ന കണ്ടെത്തല്‍ പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണം അന്വേഷിക്കാതിരിക്കാനുളള കുറുക്കുവഴിയാണ്. പ്രത്യേകിച്ച് വര്‍ഗ്ഗീയ വാദികളുടെ. അവരാകട്ടെ അവരുടെ ലക്ഷ്യത്തില്‍ ഏറെക്കുറെ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. അതിന്റെ ഫലമാണ് അസം കലാപത്തെ കുറിച്ച് രാജ്യത്ത് പടരുന്ന കഥകള്‍.

അസം കലാപം ബംഗ്ലാദേശി കുടിയേറ്റക്കാരും തദ്ദേശവാസികളായ ഗോത്ര വര്‍ഗ്ഗക്കാരും തമ്മിലുളള സംഘര്‍ഷമായാണ് വര്‍ഗ്ഗീയവാദികള്‍ ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ അസന്തുലിതമായ വികസനം സംസ്ഥാനത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കിയിരിക്കുന്നു. എന്നാല്‍ അത്തരം തെറ്റുകളെ ജനങ്ങളുടെ മുന്നില്‍ മറച്ചുപിടിക്കാനും വോട്ട് ബാങ്കുകള്‍ നിലനിര്‍ത്താനും ഇത്തരം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കണം. എ്ല്ലാം നഷ്ടപ്പെട്ടവരുടെ വേദനകള്‍ കാണാന്‍ ഭരണകൂടത്തിന് കണ്ണില്ലാതായിരിക്കുന്നു.

അസം കലാപം രാഷ്ട്രത്തിന് മറ്റൊരു ഭീഷണി ഉയര്‍ത്തിയിരിക്കുന്നു. അസം കലാപത്തിന് കാരണം ബംഗ്ലാദേശില്‍ നിന്നുളള മുസ്ലീം കുടിയേറ്റ്ക്കാരാണെന്ന ബിജെപി നേതാവ് എല്‍. കെ. അദ്വാനിയുടെ പ്രസ്താവനയില്‍ പ്രതിക്ഷേധിക്കാനായി വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ മുംബെയില്‍ ചേര്‍ന്ന പ്രതിക്ഷേധ യോഗം അക്രമാസ്‌കതമാവുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ അഗ്നിക്ക് ഇരയാവുകയും ചെയ്തു. കഴിഞ്ഞദിവസം ആന്ധ്രയില്‍ പുറത്തിറങ്ങിയ തെലുങ്ക് ഭാഷാ പത്രമായ സാക്ഷിയില്‍ അസാമിലെ അക്രമസംഭവങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടിക്കുമെന്നും ബാംഗ്ലൂര്‍ നഗരം കേന്ദ്രീകരിച്ച് അക്രമം അഴിച്ചുവിടുമെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഈ വാര്‍ത്തയുടെ ഉളളടക്കങ്ങള്‍ വെച്ച് ആ്സ്സാമിലെ ദൈനിക് ആഗ്ര ദൂത് ദിനപത്രം ഒന്നാം പേജില്‍ മുഖ്യവാര്‍ത്ത് നല്‍കിയതോടെ ആശങ്കയിലായ രക്ഷിതാക്കള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജോലിക്കും പഠനത്തിനുമായി എത്തിയ ആസ്സാമികളോട് തിരികെ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടയില്‍ കര്‍ണ്ണാടകയില്‍ വടക്കു കിഴ്ക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് നേരെ അക്രമം ഉണ്ടാകുമെന്ന തരത്തിലുളള എസ്എംഎസ് സന്ദേശങ്ങള്‍ പ്രചരിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ബംഗളൂരുവില്‍ നിന്ന് നിരവധി പേര്‍ സ്ഥലം വിടുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അഭ്യന്തരമന്ത്രി അശോകിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം റെയില്‍വേ സ്‌റ്റേഷനില്‍ നേരിട്ടെത്തി ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ചെങ്കിലും ആശങ്കകള്‍ ഒഴിഞ്ഞുപോയില്ല. സംഭവത്തെ തുടര്‍ന്ന് പതിനാല് ദിവസത്തേക്ക് കൂ്ട്ട എസ്എംഎസുകള്‍ രാജ്യത്ത് നിരോധിച്ചു.

മുറിവുകളുടെ പുറത്ത് മരുന്ന് വച്ച് കെട്ടിയിട്ട് കാര്യമില്ല. കാലങ്ങളോളം അടങ്ങികിടന്ന ശേഷം അവ പുറത്തുചാടും. പ്രശ്‌നങ്ങളുടെ വേര് കണ്ടെത്തി അവയെ പിഴുത് മാറ്റുകയാണ് വേണ്ടത്. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി സാധാരണക്കാരന്റെ ചോര കുടിക്കുന്ന തല്‍പ്പര കക്ഷികളെ തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.