1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2012

കേരളത്തിന്റെ സാംസ്‌ക്കാരിക-സാമൂഹിക-പൊതു ഇടങ്ങളില്‍ വലിയൊരു ശൂന്യത സൃഷ്‌ടിച്ചുകൊണ്ടാണ് ഡോ. സുകുമാര്‍ അഴീക്കോട്‌ (85) യാത്രയായിരിക്കുന്നത്. ആയിരക്കണക്കിനു പ്രബന്ധങ്ങള്‍… പതിനായിരക്കണക്കിനു പ്രഭാഷണങ്ങള്‍… എണ്ണമറ്റ അംഗീകാരങ്ങള്‍… എന്നും കാലത്തിനു മുമ്പേ നടന്ന മാഷിനെ അര്‍ബുദ രോഗം കീഴ്ഴ്പ്പെടുത്തിയതിനെ തുടര്‍ന്നു തൃശൂര്‍ അമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എഴുത്തുകാരന്‍ സാഹിത്യവിമര്‍ശകന്‍, വാഗ്‌മി, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, ഗാന്ധിയന്‍, എന്നീ നിലകളില്‍ എല്ലാം തന്നെ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ഈ വാക്കിന്റെ ലഹരിയില്‍ നടന്ന സുകുമാര്‍ അഴീക്കോടെന്ന കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യത്തിന് എന്‍ആര്‍ഐ മലയാളിയുടെ ആദരാജ്ഞലികള്‍.

അവിവാഹിതനായ അഴീക്കോട്‌ തൃശൂരിലെ എരവിമംഗലത്തെ വീട്ടിലായിരുന്നു താമസം. കണ്ണൂര്‍ ജില്ലയിലെ ചിറയ്‌ക്കലില്‍ വിദ്വാന്‍ പി ദാമോദരന്റെയും കെ ടി മാധവിയമ്മയുടെയും മകനായി 1926ല്‍ ജനിച്ചു. എം. എ. മലയാളം, സംസ്‌കൃതം. ബി കോം, ബി.ടി, പി. എച്ച്‌. ഡി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്‌. നിരന്തരം നവീകരിക്കുന്ന വ്യക്തിത്വമായിരുന്നു അഴീക്കോട് മാഷിന്റെത്. പതിനെട്ടാം വയസ്സിലാണ് ഇദ്ദേഹത്തിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്.

1954ല്‍ ആദ്യകൃതി ‘ആശാന്റെ സീതാകാവ്യം’ പ്രസിദ്ധീകരിച്ചു. ‘രമണനും മലയാള കവിതയും’ 1956ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ‘പുരോഗമനസാഹിത്യവും മറ്റും’, ‘മഹാത്മാവിന്റെ മാര്‍ഗം’ എന്നിവയ്ക്കുശേഷം 1963ല്‍ പുറത്തിറങ്ങിയ ‘ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ എന്ന കൃതി മലയാളസാഹിത്യലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഭാരതീയ തത്വചിന്തയുടെ അമൃതായ ഉപനിഷത്തിന്റെ സന്ദേശം സമകാലിക ലോകബോധത്തോടെ എഴുതിയ ‘തത്വമസി’ (1984) എക്കാലത്തെയും മികച്ച ഗ്രന്ഥമായി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡടക്കം പതിനഞ്ചോളം പുരസ്കാരങ്ങള്‍ ഈ ഗ്രന്ഥത്തിന് ലഭിച്ചു.

പിന്നീട് ഏറെവൈകി ഇക്കഴിഞ്ഞ വര്‍ഷമാണ് ജീവചരിത്രം എഴുതിയത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച അദ്ദേഹം നാഷണല്‍ ബുക്ക്ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അനര്‍ഹര്‍ക്കും പത്മ പുരസ്കാരം നല്‍കുന്നത് ചോദ്യംചെയ്ത അഴീക്കോട് പത്മശ്രീ ബഹുമതി ഉപേക്ഷിച്ചു.

അവസാന കാലങ്ങളില്‍ നിരന്തരം വിവാദങ്ങളുടെ ചുഴിയില്‍ അകപ്പെടുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു മാഷ്‌. രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ചുള്ള പ്രതികരണവേദിയായി മാറി അദ്ദേഹത്തിന്റെ പ്രഭാഷണവേദികള്‍. വാക്കുകളുടെ മൂര്‍ച്ഛയും മുനയും സുഹൃത്തുക്കളേയും ശത്രുക്കളേയും ഒരുപോലെ സൃഷ്ടിച്ചു. രാഷ്ട്രീയമായ വിഷയങ്ങളില്‍ ഒരുകാലത്ത് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മാഷ് പിന്നീട് ഇടതുപക്ഷ വേദികളിലെ സജീവസാന്നിധ്യവും ഇടതുരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇഷ്ടതോഴനുമായി മാറുന്ന കാഴ്ച്ചയും കേരളം കണ്ടു. അവിടെയും തന്റെ നിലപാടിന്റെ സുവ്യക്തത ഊന്നിപ്പറയാന്‍ മാഷ് ശ്രദ്ധിച്ചുപോന്നു.

താന്‍ അനുകൂലിക്കുന്നവരുടെ വീഴ്ച്ചകള്‍ എടുത്തുപറയാന്‍ അദ്ദേഹം ഒരിക്കലും മടിച്ചില്ല. ചിലപ്പോഴെങ്കിലും നിലപാടുകളില്‍ രൂപപ്പെട്ട വൈരുദ്ധ്യങ്ങളും മാഷ് വിമര്‍ശിക്കപ്പെടാന്‍ കാരണമായി. പ്രശസ്ത എഴുത്തുകാരന്‍ ടി.പത്മനാഭന്‍, പ്രൊഫ. എം.കെ.സാനു, വെള്ളാപ്പള്ളി നടേശന്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരുമായുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ കേരളീയ പൊതുസമൂഹവും മാധ്യമങ്ങളും വലിയ ശ്രദ്ധയോടെ രേഖപ്പെടുത്തിയവയാണ്. എം.എന്‍.വിജയന്‍ മാഷിന്റെ മരണം സംബന്ധിച്ച് അഴീക്കോട് നടത്തിയ ചില പരാമര്‍ശങ്ങളും വിവാദമായിരുന്നു.

എന്നാല്‍ ആസ്പത്രിക്കിടക്കയില്‍ മാഷിനെ കാണാന്‍ ആദ്യമെത്തിയവരുടെ നിരയില്‍ ഇവരുണ്ടായിരുന്നുവെന്നത് അതിലും ശ്രദ്ധേയമായി. എല്ലാ തര്‍ക്കങ്ങളേയും പരിഭവങ്ങളേയും കഴുകിക്കളയാനുള്ള മാഷിന്റെ സൗമനസ്യമാണ് അവിടെ വിജയിച്ചത്. വെള്ളാപ്പള്ളിയും ടി.പത്മനാഭനും കാണാനെത്തിയപ്പോള്‍ ഇരുവരും വിതുമ്പിപ്പോയത് എല്ലാ തര്‍ക്കങ്ങള്‍ക്കും മേലെയുള്ള ജീവിതത്തിന്റെ ക്ഷണികതയെ ഓര്‍മ്മിപ്പിച്ചു. അര്‍ബുദരോഗം കീഴടക്കി വേദനാജനകമായ അവസ്ഥയിലേക്ക് പോകുമ്പോഴും മാഷ് തന്റെ നിലപാടുകള്‍ പറയാന്‍ മടിച്ചില്ല.

ആസ്പത്രിക്കിടക്കയില്‍ നിന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം മടിച്ചില്ല. വിയ്യൂരില്‍ ഏറെക്കാലം താമസിച്ച അദ്ദേഹം ഇരവിമംഗലത്തെ പുതിയ വീട്ടിലേക്ക് അടുത്ത കാലത്താണ് മാറിയത്. കണ്ണൂരില്‍ ജനിച്ച അഴീക്കോട് ദീര്‍ഘകാലം അധ്യാപകനായി ജീവിച്ചത് മലബാറിലാണെങ്കിലും പിന്നീട് സജീവപ്രവര്‍ത്തനമണ്ഡലമായി തൃശൂര്‍ മാറുകയായിരുന്നു. തൃശൂരില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. അഴീക്കോടിന്റെ വിയോഗത്തോടെ അരനൂറ്റാണ്ട് കാലം കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ സക്രിയസാന്നിധ്യമായിരുന്ന സാംസ്‌കാരിക ശ്രേഷ്ഠനെയാണ് നഷ്ടമാകുന്നത്.

ശാരീരിക അസ്വസ്‌ഥതകളെ തുടര്‍ന്ന്‌ ഡിസംബര്‍ ഏഴിനാണ്‌ അഴീക്കോടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടര്‍ന്നുള്ള പരിശോധനനയില്‍ മോണയിലെ അര്‍ബുദബാധ ഗുരുതരമായതായി കണ്ടെത്തി. നേരത്തെ രോഗം കണ്ടെത്തിയെങ്കിലും പ്രഭാഷണങ്ങളിലും എഴുത്തിലും സജീവമായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ പ്രവേശിച്ചതിന്റെ തലേദിവസവും തൃശൂരിലെ ഒരു പരിപാടിയില്‍ അദ്ദേഹം പ്രസംഗിച്ചിരുന്നു. അഴീക്കോടിന്റെ വിമര്‍ശനങ്ങളില്‍ പിണങ്ങിനിന്ന നിരവധിപേര്‍ അസുഖബാധിതനായി ആശുപത്രിയില്‍ കിടന്ന അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലും പിണക്കം മാറ്റിവെച്ച്‌ അഴീക്കോടിനെ സന്ദര്‍ശിച്ചിരുന്നു.

അഴീക്കോട് സൗത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍ , ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഇന്റര്‍മീഡിയറ്റ് പാസായശേഷം, മദിരാശി സര്‍വകലാശാലയില്‍നിന്ന് 1946ല്‍ ബികോം പാസായി. 1946ല്‍ വാര്‍ധയിലെത്തി ഗാന്ധിജിയെ കണ്ടു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. 1952ല്‍ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജില്‍നിന്ന് ബിഎഡ് ബിരുദമെടുത്തു. പിന്നീട് മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിഎ മലയാളം, സംസ്കൃതം ഡബിള്‍ മെയിനുമെടുത്ത് പാസായി.

1953ല്‍ മംഗലാപുരം സെന്റ്അലോഷ്യസ് കോളേജില്‍ മലയാളം സംസ്കൃതം ലക്ചററായി. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ പാസായി. പിന്നീട് കോഴിക്കോട് ദേവഗിരി കോളേജില്‍ മലയാളം ലക്ചററായി. 1962ല്‍ തൃശൂര്‍ മൂത്തകുന്നം ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായി. 1981ല്‍ മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. എന്തായാലും കേരളത്തിന്റെ സാംസ്കാരിക മനസാക്ഷിയാണ് നഷ്ടമായിരിക്കുന്നത്.. ഈ വിടവ്‌ നികത്താന്‍ ഇനിയാരുമില്ല എന്നത് സത്യം തന്നെയാണ്…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.