1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2011

ഒരു പത്തുവയസുകാരന്റെ കഥയാണിത്. കഥയാണ് എന്നു പറഞ്ഞാല്‍ ശരിയാകുമോ എന്നറിയില്ല, ജീവിതം തന്നെയാണ് എന്നുതന്നെ പറയണം. വിശപ്പിനെക്കുറിച്ചാണ് പറയാനുള്ളത്. പത്തുവയസുകാരന്റെ വിശപ്പ് എന്നൊക്കെ പറയുമ്പോള്‍ എല്ലാവരും കരുതും രണ്ട് അപ്പവും ഏറിയാല്‍ ഒരു മുട്ടക്കറിയിലും തീരുന്നതാണെന്ന്. എന്നാല്‍ അങ്ങനെയൊന്നുമല്ല കളി. കണ്ണില്‍ കണ്ടതെല്ലാം തിന്നുന്ന ഒരു വിശപ്പുരോഗിയായി മാറിയിരിക്കുകയാണ് ബെന്‍ ഗ്രീന്‍ എന്ന പത്തുവയസുകാരന്‍.

മുഴുവന്‍ സമയവും വിശപ്പ് എന്നതാണ് ബെന്‍ ഗ്രീന്റെ പ്രശ്നം. വിശപ്പ് മൂത്ത ബെന്‍ ടൂത്ത്പേസ്റ്റുംവരെ തിന്നുമെന്നാണ് ബെന്നിന്റെ മാതാപിതാക്കള്‍ പറയുന്നത്. ജെനറ്റിക് പ്രശ്നംമൂലം അനന്തമായ വിശപ്പിനടമിയായ ബെന്‍ ഗ്രീന്‍ ഇപ്പോള്‍ വളരെ അപകടകരമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് മാതാപിതാക്കളായ പോള്‍ ഗ്രീനും ആഞ്ജല ബൂത്തും പറഞ്ഞു.

മകന്‍ മുഴുവന്‍ സമയവും ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുകയാണ്. ഭക്ഷണം ചോദിക്കുമ്പോള്‍ കൊടുത്തില്ലെങ്കില്‍ അവന്‍ കരയാന്‍ തുടങ്ങും. അപ്പോള്‍പ്പിന്നെ ഭക്ഷണം കൊടുക്കാതിരിക്കാന്‍ തോന്നില്ല- ആഞ്ജല ബൂത്ത് പറഞ്ഞു. 22,000 പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അപൂര്‍വ്വമായ അസുഖമാണ് മകന് ഉണ്ടായിരിക്കുന്നതെന്ന് പോള്‍ ഗ്രീന്‍ പറഞ്ഞു. ക്രോമസോം 15 അബ്നോര്‍മലായി തുടരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കുറച്ചു വ്യക്തമായി പറഞ്ഞാല്‍, വയറ് നിറഞ്ഞകാര്യം തലച്ചോര്‍ തിരിച്ചറിയുന്നില്ല എന്നതാണ് പ്രശ്നം. അതുതന്നെയാണ് അസുഖം. എത്ര കഴിച്ചാലും വയറ് ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് തലച്ചോറ്‍ ചിന്തിക്കുന്നത്. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ? തലച്ചോറിന്റെ ആ ചിന്ത ഒഴിവാക്കാന്‍ ബെന്‍ വീണ്ടും കഴിക്കാന്‍ തുടങ്ങും. എത്ര കഴിച്ചാലും തലച്ചോറിന്റെ ആ തോന്നല്‍ മാറില്ല. അതാണ് ബെന്നിന്റെ അസുഖമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

ഇപ്പോള്‍ വീട്ടിലാണെങ്കില്‍ ഭക്ഷണമുണ്ടോയെന്ന് അന്വേഷിക്കാന്‍ വേണ്ടിയാണ് ബെന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഒരിക്കല്‍ ഒരു കൂട്ടുകാരന്റെ വീട്ടില്‍ പോയപ്പോഴാണ് ബെന്‍ പൂച്ചകള്‍ക്ക് വെച്ചിരിക്കുന്ന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. അപ്പോള്‍ത്തന്നെ ബെന്നിനെ അവിടെനിന്ന് കൊണ്ടുപോന്നു. അതോടെയാണ് മകന്റെ വിശപ്പ് അപകടകരമായ അവസ്ഥയിലെത്തിയെന്ന കാര്യം തിരിച്ചറിഞ്ഞത്- പോള്‍ ഗ്രീന്‍ പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍ അവന് കഴിക്കാനുള്ള ഭക്ഷണം അവന്‍തന്നെ കണ്ടെത്തും. അത് വാങ്ങി കഴിച്ചു തുടങ്ങും. അതാണ് മകന്റെ അസുഖം- പോള്‍ ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.