1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2020

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണ. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് സമവായം ആയത്. രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതാകും ഉചിതമെന്ന് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതായാണ് ഔദ്യോഗിക വിവരം. അതേ സമയം ചില മേഖലകൾക്ക് കൂടി ഇളവ് നല്കാൻ സാധ്യതയുണ്ടെന്ന സൂചനയും ഉണ്ട്. ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് വിവരം.

വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താൻ ലോക്ക് ഡൗൺ കാര്യക്ഷമമായിരുന്നു എന്ന വിലയിരുത്തലാണ് യോഗത്തിൽ പൊതുവെ ഉണ്ടായത് എന്നാണ് വിവരം. സംസ്ഥാനങ്ങൾക്ക് സ്ഥിതി തീരുമാനിക്കാൻ സ്വാതന്ത്ര്യം നൽകുന്നതിന് പകരം പൊതു സ്ഥിതി കണക്കിലെടുത്ത് രാജ്യത്താകെ ലോക്ക് ഡൗൺ തുടരുന്നതാകും ഉചിതമെന്ന അഭിപ്രായത്തിനായിരുന്നു യോഗത്തിൽ മുൻതൂക്കം എന്നാണ് വിവരം.

ഒറ്റയടിക്ക് ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ലെന്നാണ് സൂചന. ഘട്ടം ഘട്ടമായി ഇളവ് എന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഓരോ മേഖലകൾക്ക് ഇളവ് നൽകുന്ന തീരുമാനം നടപ്പാക്കാമെന്നും കേരളം നിലപാടെടുത്തു.

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാനും ആശങ്കകൾ പരിഹരിക്കാനും ഉള്ള നടപടികളും പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ചര്‍ച്ചയായി. കേന്ദ്രസര്‍ക്കാരിന്‍റെ അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം തടഞ്ഞു നിര്‍ത്താൻ ലോക്ക് ഡൗൺ തുടരണമെന്ന അഭിപ്രായം യോഗത്തിൽ പങ്കെടുത്ത മിക്ക സംസ്ഥാനങ്ങളും ഉന്നയിച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന ഓദ്യോഗിക പ്രതികരണം. ഒപ്പം ഒരു സാമ്പത്തിക പാക്കേജിനു കൂടിയുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ധനമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനായി യോഗം തുടങ്ങി.

അതിനിടെ ഉചിതമായ തീരുമാനമാണ് കൊവിഡ് വ്യാപനത്തിനെതിരെ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു.

അതേസമയം ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും താൻ കൂടെയുണ്ടെന്നും എപ്പോഴും ലഭ്യമാണെന്നും മുഖ്യമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയ്ക്കും തന്നോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാനും നിർദേശങ്ങൾ നൽകാനും സാധിക്കുമെന്നും ഈ അവസരത്തിൽ തോളോട് തോൾ ചേർന്ന് നിൽക്കണമെന്നും മോദി പറഞ്ഞു.

ഹോം മെയ്ഡ് മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോണ്‍റന്‍സില്‍ പങ്കെടുക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം യോഗത്തിന് ശേഷമുണ്ടാകും. മെഡിക്കല്‍ മാസ്‌കിന് ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ ഹോംമെയ്ഡ് മാസ്‌കിന് പ്രചാരം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സില്‍ ഹോംമെയ്ഡ് മാസ്‌ക് ധരിച്ചെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.