1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2020

സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍.

വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം ലോക്ക്ഡൗണ്‍ കാലയളവ് നീട്ടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നതിനിടെയാണ് ലവ് അഗര്‍വാളിന്റെ പ്രതികരണം. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി തുടരുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി.

രാജ്യത്ത് നിലവില്‍ 4,421 കോവിഡ്-19 രോഗികളുണ്ട്‌. ഇതില്‍ 354 പേര്‍ക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം 326 പേര്‍ രോഗമുക്തി നേടിയതായും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഐ.സി.എം.ആറിന്റെ അടുത്തിടെ പുറത്തുവന്ന പഠന പ്രകാരം, ഒരു കോവിഡ്-19 രോഗി ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ മുപ്പതുദിവസത്തിനുള്ളില്‍ 406പേരിലേക്ക് രോഗം പടരാന്‍ കാരണമാകുമെന്ന് ലവ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു

രോഗവ്യാപന മേഖലകള്‍ കണ്ടെത്തി അത് തടയാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ നടപടികള്‍ ആഗ്ര, ഗൗതം ബുദ്ധനഗര്‍, പത്തനംതിട്ട, ഭില്‍വാര, കിഴക്കന്‍ ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ റെയില്‍വേ ഇതിനോടകം 2,500 കോച്ചുകളിലായി 40,000 ഐസൊലേഷന്‍ ബെഡ്ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 375 ബെഡ്ഡുകളാണ് റെയില്‍വേ സജ്ജമാക്കുന്നത്. രാജ്യത്തിന്റെ 133 ഭാഗങ്ങളിലേക്കുള്ളതാണ് ഇവയെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.