1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2020

സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചത്: കാസർകോട് 4, കണ്ണൂർ 3, കൊല്ലം 1, മലപ്പുറം 1. ഇവരിൽ വിദേശത്തു നിന്നു വന്ന 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2 പേരും ഉൾപ്പെടുന്നു. സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 ആണ്. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കണ്ണൂർ 5, എറണാകുളം 4, തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ഓരോന്നു വീതം. ഇതുവരെ 336 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 263 പേർ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1,46,686 പേർ നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ 752 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 131 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി.

“ഇന്ന് ലോക ആരോഗ്യ ദിനമാണ്. നഴ്സുമാരെയും പ്രസവ ശുശ്രൂഷകരെയും പിന്തുണയ്ക്കുകയെന്നതാണ് ഈ ദിനത്തിന്റെ മുദ്രാവാക്യമായി ലോകാരോഗ്യ സംഘടന കാണുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആശങ്കയുണ്ടാക്കുന്നു. കോട്ടയത്ത് കൊറോണ ബാധിച്ച വയോധിക ദമ്പതികൾക്ക് സുഖം പ്രാപിച്ചത് ആരോഗ്യ മേഖലയുടെ നേട്ടമാണ്. ഇവരെ ശുശ്രൂഷിക്കവെ സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസിന് രോഗം ബാധിച്ചിരുന്നു. രോഗം മാറി തിരിച്ചെത്തുമ്പോള്‍ ഇനിയും കോവിഡ് വാർഡിൽ ജോലി ചെയ്യാൻ തയാറാണെന്നാണ് നഴ്സ് രേഷ്മ പ്രതികരിച്ചത്. കോട്ടയത്ത് തന്നെയുള്ള മറ്റൊരു നഴ്സ് പാപ്പാ ഹെൻറി കോവിഡ് ബാധയുള്ള ജില്ലകളിൽ ജോലി ചെയ്യാനുള്ള സന്നദ്ധത അറിയിച്ചതായി മാധ്യമവാർത്തകളുണ്ടായിരുന്നു. അവർക്കു അതേ കരുതലാണ് നൽകേണ്ടത്,” മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാരിന് അയച്ചു. ചരക്ക് നീക്കത്തിൽ ചെറിയ കുറവ് വന്നിട്ടുണ്ട്. 1745 ട്രക്കുകളാണ് തമിഴ്നാട്, കർണാടക അതിർത്തി കടന്ന് വന്നത്. ഇതിൽ 43 എൽപിജി ടാങ്കറുകളും സിലിണ്ടറുകളുള്ള 65 ട്രക്കുകളുമുണ്ട്. ലോക്ഡൗണിന് മുൻപ് ഒരു ദിവസം 227 എൽപിജി ടാങ്കറുകൾ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്റ്റോക്കിൽ പ്രശ്നമില്ല. സ്റ്റോക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു.

കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ ബുദ്ധിമുട്ടുണ്ട്. വിഷു, ഈസ്റ്റർ വിപണി സജീവമാകേണ്ട കാലമാണിത്. വിപണി കിട്ടാതിരിക്കുന്നത് കർഷകരെ ബാധിക്കും. അതുകൊണ്ട് കൃഷിവകുപ്പ് കർഷക വിപണി വഴി പച്ചക്കറി ശേഖരിക്കും. കർഷകർ ഇത് ഉപയോഗിക്കണം. പഴം, പച്ചക്കറി വ്യാപാരികൾ വിൽക്കുന്ന ഉത്പന്നങ്ങളിൽ പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തിൽനിന്ന് തന്നെ ശേഖരിക്കണം. രോഗികളെ കടത്തിവിടുമെന്ന് കേന്ദ്രവും കർണാടകയും സമ്മതിച്ചു. ഉത്തരവും ഇറങ്ങിയിട്ടുണ്ട്.

ലോക്ഡൗണിന്റെ മറവിൽ ഭാരതപ്പുഴയിൽനിന്ന് മണൽ വാരുന്നുവെന്ന് വിവരം ലഭിച്ചു. നിയമവിരുദ്ധപ്രവർത്തനങ്ങള്‍ അനുവദിക്കില്ല. നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും അമിത വില ഈടാക്കലും തടയാൻ നടപടികൾ സ്വീകരിക്കും. 326 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 144 നടപടികൾക്കു ശുപാർശ ചെയ്തു. മത്സ്യ പരിശോധനയിൽ ഗുരുതരമായ പ്രശ്നം കണ്ടെത്തി. വളമുണ്ടാക്കാൻ വച്ച മീൻ ഇങ്ങോട്ട് കൊണ്ടുവരുന്നതായി ശ്രദ്ധയിൽപെട്ടു. റേഷൻ വിതരണത്തിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ ഘട്ടം ഘട്ടമായേ അവസാനിപ്പിക്കാവൂ എന്ന് കർമ്മ സമിതി റിപ്പോർട്ട്. പൊതുഗതാഗതത്തിന് കർശന നിയന്ത്രണം തുടരണമെന്നും കർമ്മസമിതി ശുപാർശ ചെയ്യുന്നു. ലോക്ക് ഡൗൺ മൂന്ന് ഘട്ടമായി പിൻവലിച്ചാൽ മതിയെന്നാണ് സമിതിയുടെ ശുപാർശ. പുറത്തിറങ്ങാൻ മാസ്ക്ക് നിർബന്ധമാക്കണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.

65 വയസ്സുള്ളവർ ചികിത്സക്ക് വേണ്ടി മാത്രമേ പുറത്തിറങ്ങാവൂവെന്നാണ് നിർദ്ദേശം. ഒരു സമയത്ത് ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രം പുറത്തിറങ്ങാൻ അനുമതി. 3 മണിക്കൂറിനുള്ളിൽ തിരിച്ചെത്തണം. സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റ-ഇരട്ട നമ്പർ സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഞായറാഴ്ച പൂർണ്ണ ലോക്ക് ഡൗൺ വേണമെന്നും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നാണ് മറ്റൊരു നിർദ്ദേശം.

വിമാന-ട്രെയിൻ സർവ്വീസ് പാടില്ലെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. വിവാഹങ്ങൾക്ക് പത്ത് പേർ മാത്രം മതിയെന്നും നിർദ്ദേശമുണ്ട്.

രണ്ടാം ഘട്ടത്തിൽ ഓട്ടോ-ടാക്സി സർവ്വീസുകൾ അനുവദിക്കും, ഓട്ടോയിൽ ഒരാൾ, ടാക്സിയിൽ മൂന്ന് പേർ മാത്രം എന്ന നിലയിലായിരിക്കും ഇത്. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ രണ്ടാം ഘട്ടത്തിൽ തുറക്കാം. ഈ ഘട്ടത്തിൽ വിവാഹത്തിന് 20 പേരെ മാത്രം അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങൾ തുറക്കാം. ജീവനക്കാരുടെ എണ്ണം 20 അല്ലെങ്കിൽ ആകെ ജീവനക്കാരുടെ ഇരുപത് ശതമാനം മാത്രം അനുമതി. ഈ ഘട്ടത്തിൽ പ്രഭാതസവാരിക്ക് അനുമതി നൽകും. രാവിലെ ഏഴരക്ക് മുമ്പ് മാത്രം വീട്ടിൽ നിന്നും അരകിലോമീറ്റർ ചുറ്റളവിൽ ആയിരിക്കും ഇത് അനുവദിക്കുക.

മൂന്നാം ഘട്ടത്തിൽ ജില്ലകളിലൂടെ ബസ് സർവ്വീസ് തുടങ്ങാം. മൂന്നിൽ രണ്ട് പേർക്ക് മാത്രം അനുമതി, ആഭ്യന്തര വിമാന സർവ്വീസും ഈ ഘട്ടത്തിൽ തുടങ്ങാമെന്നാണ് നിർദ്ദേശം. വരുന്നവരെ മുഴുവൻ സ്ക്രീനിംഗിന് വിധേയരാക്കും. വരുന്നവർക്ക് 28 ദിവസം നിരീക്ഷണം നിർബന്ധമാക്കണമെന്നും നിർദ്ദേശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.