1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2011


ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ എന്തൊരു ശേല് ..എന്ന മലയാളം പഴഞ്ചൊല്ല് യാഥാര്‍ത്യമാവുകയാണ് യു കെ മലയാളികളുടെ കാര്യത്തില്‍ .കഴിഞ്ഞ കുറെ ആഴ്ചകളായി മലയാളികളെയും പ്രത്യേകിച്ച് നഴ്സുമാരെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ചില മഞ്ഞപ്പത്രങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നതില്‍ സഹി കെട്ടാണ് ഞാനീ കത്തെഴുതുന്നത്.മറ്റുള്ളവന്റെ വീട്ടിലെ രഹസ്യങ്ങള്‍ മണത്തറിയാനും അത് പരസ്യപ്പെടുത്താനും ഇത്തരം നീചന്മാര്‍ കാണിക്കുന്ന താല്പര്യം വെറും കച്ചവട ലാഭം മാത്രമാണ്.എങ്ങിനെയും വായനക്കാരെ ആകര്‍ഷിക്കാന്‍ ഇവന്മാര്‍ എഴുതിക്കൂട്ടുമ്പോള്‍ തകരുന്നത് മലയാളിയുടെ ആത്മാഭിമാനമാണ്.

മറ്റൊരാളെക്കുറിച്ച് മോശമായി പറയുന്നത് കേള്‍ക്കാനും വായിക്കാനും മലയാളിക്ക് താല്‍പ്പര്യം കൂടുമെന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുളള കാരണമായി അവര്‍ പറയുന്നത്.പത്രധര്‍മം ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കു വഴിമാറുമ്പോള്‍ തകര്‍ന്നു വീഴുന്ന മലയാളിയുടെ ആത്മാഭിമാനത്തിന് തെല്ലും വില പത്ര മുതലാളിമാര്‍ കല്‍പ്പിക്കുന്നില്ല.വായനക്കാരെ ആകര്‍ഷിക്കാന്‍ കുന്നായ്മകള്‍ എഴുതിക്കൂട്ടുന്നവര്‍ നാളെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഇത്തരം പ്രശ്നം ഉണ്ടാവുമ്പോള്‍ ഇത്തരത്തില്‍ എഴുതുമോ എന്ന് കൂടി ചിന്തിക്കണം.ആരാന്‍റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ എന്തൊരു ശേല് എന്ന മനോഭാവും പത്രക്കാരും വായനക്കാരും മാറ്റണം.

ഞാനും ഒരു നഴ്സാണ്.ഈ പ്രോഫഷനിലെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ഒരു നഴ്സിന് മാത്രമേ സാധിക്കൂ.ഡ്യൂട്ടിയും കുടുംബവും തമ്മില്‍ ഒരുമിച്ചു കൊണ്ട് പോകാന്‍ ഞങ്ങള്‍ പെടുന്ന കഷ്ട്ടപ്പാട് മറ്റാര്‍ക്കും മനസിലാവാക്കാന്‍ സാധിക്കില്ല.എത്ര നന്നായി ഡ്യൂട്ടി ചെയ്താലും ഒരു നല്ല വാക്ക് ഞങ്ങളുടെ മേധാവികളില്‍ നിന്നും ലഭിക്കാറില്ല.ഡ്യൂട്ടിക്ക് പുറമേ മറ്റൊന്നും പഠിക്കാന്‍ സാധിക്കാത്തതിനാല്‍ വര്‍ഷങ്ങളായി ഒരേ ജോലിയില്‍ തന്നെ കടിച്ചു തൂങ്ങുകയാണ് ഞങ്ങള്‍.BSc നഴ്സിംഗ് പാസായി ഉയര്‍ന്ന നിലയില്‍ നാട്ടില്‍ ജോലി ചെയ്ത ഞങ്ങളില്‍ പലരുടെയും ജോലിയുടെ പേര് സ്റ്റാഫ് നഴ്സ് എന്നാണെങ്കിലും ഞങ്ങള്‍ ചെയ്യുന്നത് കെയറര്‍ ജോലിയാണ്.എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും കൂടെ ജോലി ചെയ്യുന്ന ഞങ്ങളുടെ മലയാളി സുഹൃത്തുക്കള്‍ തന്നെയാണ് ഞങ്ങളുടെ ഏക ആശ്രയവും ആശ്വാസവും.

നാട്ടില്‍ അത്യാവശ്യം നല്ല ജോലിയുണ്ടായിരുന്നയാളെ കല്യാണം കഴിച്ചതിനാല്‍ ഇന്ന് തെറിവിളി കേള്‍ക്കാത്ത ഒരു ദിവസവും ഞങ്ങള്‍ക്കില്ല.ഭര്‍ത്താവിന് നാട്ടില്‍ ഉണ്ടായിരുന്ന അതേ ജോലി ഇവിടെ ലഭിക്കാതതിനും ഞങ്ങള്‍ ഭാര്യമാരാണ് കുറ്റക്കാരായി ചിത്രീകരിക്കപ്പെടുന്നത്.ഒരു ചുമട്ടുകാരനെ കല്യാണം കഴിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പിച്ച ചില നിമിഷങ്ങള്‍ എങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.ശമ്പളം കുറവാണെന്നും ജോലി ചെറുതാണെന്നുമുള്ള ഭര്‍ത്താവിന്റെ കോംപ്ലക്സ് മാറ്റാന്‍ ഞങ്ങള്‍ പെടുന്ന പാട് ചില്ലറയല്ല.2000 പൌണ്ടില്‍ കൂടുതല്‍ ബാങ്കില്‍ വരുന്ന ശമ്പളം എന്തു ചെയ്യുന്നു എന്നും ഞങ്ങള്‍ ചോദിക്കാറില്ല.ഭര്‍ത്താവ് അത് മാന്യമായി മാത്രമേ ചിലവാക്കുകയുള്ളൂ എന്നതിനാല്‍ ഞങ്ങള്‍ക്ക് പരാതിയുമില്ല.പക്ഷെ ഞങ്ങളുടെ വീട്ടില്‍ കൊടുക്കുന്ന 1000 രൂപയുടെ സഹായത്തിനു പോലും ഭര്‍ത്താവ് കണക്ക് വയ്ക്കുന്നത് ഞങ്ങളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.

ഇങ്ങിനെ നഴ്സായും,ഭാര്യയായും,അമ്മയായും ,സുഹൃത്തായും ഞങ്ങള്‍ ഈ ജീവിത നാടകം ആടിത്തീര്‍ക്കുകയാണ്.എല്ലവരുടെയും വിഷമം കേള്‍ക്കാന്‍ ആളുണ്ട്.ഞങ്ങളുടെ വിഷമങ്ങളും കഷ്ട്ടപ്പടുകളും ഒന്ന് ഷെയര്‍ ചെയ്യാന്‍ പോലും ആരുമില്ല.ഇതിനിടയിലാണ് ഞങ്ങള്‍ നഴ്സുമാരെ കരിവാരി തേയ്ക്കുന്ന വാര്‍ത്തകള്‍ ചില മഞ്ഞപ്പത്രങ്ങള്‍ പടച്ചു വിടുന്നത്.ഞങ്ങള്‍ കുശുമ്പ് കുത്തലുകാരും,കുന്നായ്മ പറയുന്നവരും .അസൂയക്കാരും ആണെന്നാണ്‌ ഈ പഹയന്മാര്‍ എഴുതി തിമര്‍ക്കുന്നത്.ഒരു ചെറിയ സംഭവം ഉണ്ടായാല്‍ അത് മസാല കൂട്ടി എഴുതി പൊലിപ്പിച്ച് ഞങ്ങള്‍ നഴ്സുമാരെ താറടിച്ചിട്ട് ഇവനൊക്കെ എന്താ ലാഭം ? ഞങ്ങള്‍ ടോയിലറ്റ് ടിഷ്യൂ മോഷ്ട്ടിച്ച്,ടാബ്ലറ്റ് മോഷ്ട്ടിച്ച്,ബെഡ് ഷീറ്റ് മോഷ്ട്ടിച്ചു ,ഡ്യൂട്ടിക്കിടയില്‍ ഉറങ്ങി എന്നൊക്കെ ഇല്ലാത്തത് എഴുതി ഉണ്ടാക്കിയിട്ട് ഇവനൊക്കെ എന്നാ കിട്ടാനാ ? ഇവന്റെയൊക്കെ ഭാര്യയെക്കുറിച്ചാണ് ഇത്തരത്തില്‍ കേട്ടതെങ്കില്‍ ഇവനൊക്കെ അത് വെളിച്ചം കാണിക്കുമോ ?
ഒന്ന് മനസിലാക്കുക ..ഞങ്ങള്‍ നഴ്സുമാരുടെ ആത്മാഭിമാനം വിറ്റു കാശാക്കാന്‍ ഒരുത്തനും ഇവിടെ മിനക്കെടണ്ട.ഒത്തിരി സഹിച്ചും ക്ഷമിച്ചുമാണ് ഞങ്ങള്‍ ഇവിടെ ജീവിക്കുന്നത്.ഞങ്ങള്‍ നഴ്സുമാര്‍ ആണ് യു കെ മലയാളിയുടെ നിലനില്‍പ്പിന് ആധാരം.ഞങ്ങളെക്കുറിച്ച്‌ മോശമായി എഴുതി ഒരുത്തനും ഇവിടെ ആളാവണ്ട.വെറുതെ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കല്ലേ .

ബിജി ജെയിംസ്‌
ഹാന്‍ഡ്സ് വര്‍ത്ത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.