1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2012

ജോബി ആന്റണി

കേരള സമാജം വിയന്നയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത കലാകാരനും നാടകകൃത്തുമായ ജാക്ക്സണ്‍ പുല്ലേലി രചനയും സംവിധാനവും നിര്‍വഹിച്ച ‘തണ്ണീരും കണ്ണീരും’ എന്ന നാടകം വിവിധ കലാസാംസ്‌കാരിക തലങ്ങളില്‍ ശ്രദ്ധ നേടുന്നു. കേരള ജനത ഭയാനകമായ ഒരു വിങ്ങലായി അടക്കിപ്പിടിച്ചിരിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയം സാമൂഹ്യ പ്രതിബദ്ധതയോടെയും കലമേന്മയോടെയും സാങ്കേതിക തികവോടെയും മനോഹരമായ രംഗ ശില്‍പ്പമാക്കാന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.

ജീവിത യഥാര്‍ത്ഥ്യങ്ങളുടെ ഉപരിപ്ലവമായ ചിത്രീകരണത്തെക്കാള്‍ ആന്തരികാനുഭവങ്ങളെ പ്രകടമാക്കുന്ന പുല്ലേലിയുടെ ആഖ്യാന രീതി നല്ല നാടകങ്ങളുടെ വസന്ത കാലത്തിലേക്ക് പുതിയൊരു ചുവടുവെപ്പായി വേണം വിലയിരുത്തേണ്ടത്. സമകാലീന പ്രസക്തിയുള്ള മുല്ലപെരിയാര്‍ വിഷയം നാടകത്തിന്റെ പേരുപോലെത്തന്നെ പ്രവാസി മനസിലും തീരാ വേദനയായി നിലനില്‍ക്കുന്നുവെന്ന് നാടകകൃത്ത്‌ ഓര്‍മ്മിപ്പിക്കുന്നു. കേരളത്തില്‍ പെയ്യുന്ന മഴയും നദികളില്‍ ഒഴുകുന്ന ജലവും അണകെട്ടി നിര്‍ത്തി നൂറ്റാണ്ടുകളായി തമിഴ് മക്കള്‍ക്ക്‌ മലയാളികള്‍ ദാനമായി നല്‍കിവരുന്നു. ഈ അണക്കെട്ട് മലയാളികളുടെ ജീവന് ഭീഷണി ആയപ്പോള്‍ നല്ല അയല്‍ക്കാരുടെ ജീവന് സംരക്ഷണം നല്കിയിട്ടുമതി ഇനി കനാല്‍ ജലം എന്ന് ഉറക്കെ വിളിച്ചു പറയുവാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം ഓരോ തമിഴനും അല്ലെങ്കില്‍ ജീവനെ സ്നേഹിക്കുന്ന ആര്‍ക്കും ഉണ്ടെന്ന് നാടകം ഉത്ബോധിപ്പിക്കുന്നു.

മുല്ലപെരിയാര്‍ വിഷയത്തില്‍ മലയാളികള്‍ തമിഴരില്‍ നിന്നും പ്രതീക്ഷിക്കുന്ന നന്ദിയുടേയും നന്മയുടേയും പ്രതീകമാണ്‌ ഈ നാടകത്തിലെ ചിന്നപ്പ കൗണ്ടര്‍ എന്ന പ്രധാന കഥാ പാത്രം. തന്‍റെ മകനായ അരുണ്‍ തമിഴ് യുത്ത് ഫ്രെണ്ടിലൂടെ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ചിന്നപ്പ കൗണ്ടറെ അവിസ്മരണീയമാക്കിയത് എബി പാലമറ്റം ആണ്. തമിള്‍ വീട്ടമ്മയായ ലക്ഷ്മിയമ്മയ്ക്കാകട്ടെ ജന്മനാടായ കേരളം മധുര സ്മരണകള്‍ നിറഞ്ഞതാണെന്ന് ജാനറ്റ് സാജു മികവുറ്റ പ്രകടനത്തിലൂടെ തെളിയിച്ചു. മനു കിണറ്റുകര തീവ്രവാദിയായ അരുണിനേയും, സ്റ്റെഫാനി കുന്നുംപുറത്ത് കോളജ് കുമാരിയായ അപര്‍ണയെയും, നുള്‍ഫി കോയിതറ മുത്തുച്ചാമി എന്ന കഥാപാത്രത്തെയും മിഴിവുറ്റതാക്കി.

തമിഴ് നാട്ടിലെ ഒരു കോളജിലെ വാര്‍ഷിക ആഘോഷങ്ങളുടെ വേദിയില്‍ നിന്നാണ് ‘തണ്ണീരും കണ്ണീരും’ ആരംഭിക്കുന്നത്. മലയാളി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ‘ജീവന്റെ വില’ എന്ന ടാബ്ലോയും, തമിഴരുടെ ‘തണ്ണീര്‍ തണ്ണീര്‍ ’ എന്ന ടാബ്ലോയും അവിടെ പ്രദര്‍ശിപ്പിക്കുന്നു. അജിഷ് പോത്തന്‍, ഡോമിനിക് പറത്താഴം, ബിബിന്‍ കുടിയിരിക്കല്‍ , ഈപ്പന്‍ നൈനാന്‍, ആനീസ് പുതുപറമ്പില്‍ എന്നിവരുള്‍പ്പടെ മുപ്പത് അഭിനേതാക്കള്‍ അരങ്ങില്‍ അവതരിച്ചു. സമകാലീന പ്രശ്നങ്ങള്‍ കലാനൈപുണ്യത്തോടെ പ്രതീകവല്‍ക്കരിക്കാനും ഡിജിറ്റല്‍ യുഗത്തില്‍ അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന നാടക കലയുടെ തനിമ സംരക്ഷിക്കുവാനും രചയിതാവും സംവിധായകനുമായ ജാക്സന്‍ പുല്ലേലി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ഷാജു ചിറ്റിലപ്പിള്ളി, സിറിയക് ചെറുകാട്, ടിജി കോയിതറ, പാപ്പച്ചന്‍ പുന്നക്കല്‍ , മെറിന്‍ അറത്തില്‍ തുടങ്ങിയ സാങ്കേതിക പ്രതിഭകളുടെ സേവനവും നാടകത്തിന്റെ വിജയത്തിന്‌ വഴിത്തിരിവായി. സ്വിറ്റ്സര്‍ലണ്ടിലെ ഭാരതീയ കലാലയം, ബാബു പുല്ലേലി, സെബി പുല്ലേലി, ജെയ്ബി, എന്നിവരും കേരള സമാജം വിയന്നയുടെ ഭാരവാഹികളായ അഗസ്റിന്‍ മംഗലത്ത്, പോളി സ്രാമ്പിക്കല്‍ , ബൈജു ഓണാട്ട് എന്നിവരും നിസ്തുലമായ സഹകരണം നല്‍കി.

ആധുനിക സാങ്കേതിക വിദ്യകളെ യഥോചിതം ഉപയോഗപ്പെടുത്തുന്നതിലും ചിന്തോദീപകമായ സന്ദേശം പകരുന്നതിലും കലാപരമായ ആവിഷ്കരണത്തിലും തണ്ണീരും കണ്ണീരും ഉയര്‍ന്ന നിലവാരം പുലര്‍ത്തി. പരിമിമായ സാഹചര്യങ്ങള്‍ക്കിടയിലും പ്രവാസി മലയാളികള്‍ അര്‍പ്പണബോധത്തോടെ അവതരിപ്പിക്കുന്ന നാടക കലാസംരംഭങ്ങള്‍ പ്രോത്സാഹനം അര്‍ഹിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.