1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2011

പോലീസുകാരന് എന്തിനാണ് തോക്ക്? തോക്കാതിരിക്കാനാണെന്ന് മാത്രം ആരും പറഞ്ഞേക്കരുത്, പട്ടിണി കിടന്നവന്റെ മുന്‍പില്‍ സദ്യ വിളമ്പിയിട്ട് കഴിക്കരുതെന്ന് പറയുന്നത് പോലെയാണല്ലോ പോലീസുകാരുടെ കയ്യില്‍ നമ്മുടെ നാട്ടില്‍ തോക്ക് കൊടുത്തിരിക്കുന്നത്, എന്നാലും ഒന്ന് തൊട്ടു നോക്കാനും വെടി വെക്കാനും അല്പമെങ്കിലും മോഹം ഏതൊരു പോലീസുകാരനും ഉണ്ടാകില്ലേ? അത്രയൊക്കെ തന്നെയേ നമ്മുടെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാധാകൃഷണപിള്ള സാറിനും തോന്നിയിട്ടുള്ളൂ.. ഇനി ഇപ്പോള്‍ പിള്ള സാറിന്റെ നാവില്‍ പറഞ്ഞാല്‍ ബോംബിണ്ടാക്കുന്നത് പഠിക്കുന്ന പിള്ളേരുടെ അടുത്തു ഓലപ്പടക്കം കൊണ്ട് ചെന്നിട്ടു എന്താ കാര്യം, അതുകൊണ്ട് നമ്മുടെ പിള്ള സാര്‍ പൊട്ടിച്ചു വെടി, ഒന്നല്ല നാല് വട്ടം.

ഒരു എമാന്റെയും നിര്‍ദേശം നോക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും മുന്നറിയിപ്പു നല്‍കാതെയുമാണ് പിള്ള സാര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രോശിച്ച് ഓടിയടുത്തതും നിറയൊഴിച്ചതും. അതും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി വരുമ്പോഴായിരുന്നു ഇതത്രേ! അല്ല ഇതിനും പിള്ള സാറിന്റെ പക്കല്‍ ന്യായമുണ്ട് കേട്ടോ, കല്ലേറില്‍ പരിക്കേറ്റ പോലീസുകാരെ ആസ്​പത്രിയില്‍ കൊണ്ടുപോകാന്‍പോലും പറ്റാത്ത സാഹചര്യത്തിലാണ് വെടിവെച്ചതെന്നാണ് പിള്ളസാര്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എന്തായാലും കടന്നല്‍ കൂട്ടില്‍ കല്ലിടുകയാണ് നമ്മുടെ പിള്ള സാര്‍ ചെയ്തതെന്ന് പറഞ്ഞാല്‍ മതിയല്ലോ, ദേ വരുന്നു ഒന്നിന് പുറകെ ഒന്നായി കേരളം മുഴുവന്‍ എസ്,എഫ്.ഐ കാരുടെ പ്രതിക്ഷേധ ‘ആഘോഷങ്ങള്‍’. അല്ല എല്ലാത്തിനും കാരണകാരനായ ആ പയ്യന്‍ നിര്‍മല്‍ മാധവിനെ പറ്റി പറയണ്ടേ, ലെവന്‍ കരുതുന്നത് പോലെയോന്നുമല്ലോ കേട്ടോ, നമുക്കിവന്റെ ഭൂത്കാലതിലേക്കൊന്നു ഒളിഞ്ഞു നോക്കാം..

തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും പഠനം മതിയാക്കി പുന്നപ്രയിലെ സ്വാശ്രയകോളേജില്‍ മറ്റൊരു കോഴ്സിന് ചേര്‍ന്ന നിര്‍മല്‍മോനെ സര്‍വവകലാശാല ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശിപ്പിച്ചത്. അല്ല നിങ്ങള്‍ തന്നെ പറയൂ യോഗ്യതയുള്ളവര്‍ തേരാപാര നടക്കുമ്പോള്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നു പറഞ്ഞ പോലെ വല്ലവനും വന്നു കേറിയാല്‍ ആരേലും സഹിക്കുമോ?

കോളേജു പിള്ളേര്‍ ഇളകിയെന്ന് പറഞ്ഞാല്‍ മതിയല്ലോ ഈ ഇളക്കമാണ് ഒടുക്കം വിദ്യാര്‍ഥികളുടെ സമരത്തിനാധാരമായത്. 2010 നവംബര്‍ ഒന്നിന് തേഞ്ഞിപ്പലം സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ നിന്നും മൂന്നാം സെമസ്റ്ററില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠനം നിര്‍ത്തി നിര്‍മല്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജില്‍ ഒന്നാംവര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയായി എന്‍ആര്‍ഐ ക്വോട്ടയില്‍ സ്പോട്ട് പ്രവേശനം നേടി. നിര്‍മല്‍ ഒരുതടസ്സവുമില്ലാതെ പുന്നപ്രയില്‍ പഠിക്കുമ്പോള്‍ എന്തിനാണ് മെറിറ്റടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കുന്ന ഗവ. എന്‍ജി. കോളേജില്‍ ചേര്‍ത്തതെന്നാണ് ആര്‍ക്കും പിടികിട്ടാത്തത്. 2009 ലെ എന്‍ജിനിയറിങ് എന്‍ട്രന്‍സ് റാങ്ക് പ്രകാരം ഗവ. എന്‍ജി. കോളേജില്‍ ജനറല്‍ ക്വോട്ടയില്‍ പ്രവേശനം നേടിയ റാങ്ക് 1316 ആണ്. അനധികൃതമായി പ്രവേശനം നേടിയ നിര്‍മലിന്റെ റാങ്ക് 22,787 ആണ്! ഇപ്പൊ മനസിലായില്ലേ ലെവന്‍ പുലിയാണെന്ന്?

കലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ട്രാന്‍സ്ഫര്‍ ചട്ടങ്ങള്‍ പ്രകാരം മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് മറ്റുകോളേജിലേക്ക് മാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മാനേജ്മെന്റ് സീറ്റില്‍ 65,000 രൂപ വാര്‍ഷികഫീസ് നിരക്കില്‍ പഠിച്ച വിദ്യാര്‍ഥിയെ രണ്ടുസെമസ്റ്റര്‍ മറികടന്ന് 6200 രൂപ നിരക്കില്‍ പഠിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്തിന്? (ഇപ്പൊ കിട്ടണം ഉത്തരമെന്ന് അച്ചുമാമയെ പോലെ നമ്മളും വാശി പിടിഇക്കണം, അതിവേഗം ബഹുദൂരം എന്നാണല്ലോ ചാണ്ടി സാറിന്‍റെ നയം) മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ നാലാം സെമസ്റ്ററില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയെ അഞ്ചാംസെമസ്റ്ററിലേക്ക് പ്രമോട്ട് ചെയ്തത് യൂണിവേഴ്സിറ്റിയുടെ ഏത് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍വകലാശാലയ്ക്കും സര്‍ക്കാരിനുമുണ്ട്. മറ്റാരാണെങ്കിലും യൂണിവേഴ്സിറ്റി നിയമങ്ങള്‍ പ്രകാരം “ഇയര്‍ഔട്ട്” ആവുമായിരുന്നു.

എന്നാല്‍ ഈ പയ്യന്റെ വിഷയത്തില്‍ അതുണ്ടായില്ല. 2011 ജൂലൈ നാലിന് സര്‍വകലാശാല രജിസ്ട്രാര്‍ പുറപ്പെടുവിച്ച നിര്‍മലിന്റെ പ്രവേശന ഉത്തരവില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷകള്‍ സപ്ലിമെന്ററിയാക്കി നടത്തിക്കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ നിയമം നിലനില്‍ക്കേ മൂന്നും നാലും സെമസ്റ്റര്‍ പഠിക്കാത്ത വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നറിയുന്ന കോളേജ് പ്രിന്‍സിപ്പലും മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം തലവനും കൂടിയാണ് പ്രവേശനം നല്‍കിയത്. ഇതിനേക്കാള്‍ വിചിത്രമായത് ഗവ. കോളേജില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ മൂല്യനിര്‍ണയം നടക്കുന്ന സമയത്ത് നിര്‍മല്‍ പുന്നപ്ര കോ-ഓപ്പറേറ്റീവ് എന്‍ജി. കോളേജ് ഒന്നാം വര്‍ഷ സിവില്‍ എന്‍ജി. വിദ്യാര്‍ഥിയുമാണെന്നതാണ്.

ഇതൊക്കെ ബോധിച്ചപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ നിരത്തുന്ന ന്യായങ്ങളാണ് ഏറെ രസകരം. സ്വാശ്രയ പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്ന കുട്ടികളെ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ കോളേജുകളിലേക്ക് മാറ്റിയ സംഭവങ്ങള്‍ മുമ്പും കേരളത്തില്‍ ഉണ്ടായിട്ടുണ്ടെനാണ് ഇപ്പോള്‍ സര്‍ക്കാരുന്നയിക്കുന്ന വാദം, ഇപ്പോള്‍ സ്വാഭാവികമായും തോന്നാവുന്നൊരു സംശയം ഒരിക്കല്‍ സംഭവിച്ച തെറ്റ് വീണ്ടുംവീണ്ടും അതേ തെറ്റ് ചെയ്യാനുള്ള ലൈസന്‍സ് ആണോ? മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയെന്ന് വെച്ച് യു ഡി എഫിനും ഇപ്പോള്‍ ചെയ്യാമെന്ന അവകാശവാദം ഉന്നയിക്കുന്നത് ഞങ്ങള്‍ ജനങ്ങളെ കോമാളികള്‍ ആക്കാന്‍ തന്നെയാണോ? നിങ്ങള്‍ രണ്ടു കൂട്ടരെയും മാറി മാറി ഭരിക്കാന്‍ അനുവദിക്കുന്നത് വഴി ഞങ്ങള്‍ അത് തന്നെയാണല്ലോ ആയിക്കൊണ്ടിരിക്കുന്നത്. എന്നാലും നമ്മുടെ പിള്ള സാറിന്റെ കാര്യം കട്ടപ്പോകയാണ്, രാഷ്ട്രീയക്കാര്‍ കയ്യും കഴുകി പിള്ളയേമാന്റെ തോപ്പിയുമായി പോകും. അത്രതന്നെ!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.