1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2012

എഡിറ്റോറിയല്‍

‘എന്താണ് എമേര്‍ജിംഗ് കേരള എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. യുഡിഎഫ് എംഎല്‍എമാര്‍ക്കെങ്കിലും എമേര്‍ജിംഗ് കേരള സംബന്ധിച്ച് ഒരു സ്റ്റഡിക്ലാസ് നല്‍കേണ്ടതായിരുന്നു. എങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ കുറേയൊക്കെ ഒഴിവാക്കാമായിരുന്നു’. കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ കെ.മുരളീധരന്റെ വാക്കുകളാണിത്. ചരിത്രം ആവര്‍ത്തിക്കുന്നുവെന്ന സൂചനയാണ് മുരളീധരന്റെ വാക്കുകളില്‍ ഒളിഞ്ഞുകിടക്കുന്നത്.

ഒന്‍പതു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറെ കൊട്ടിഘോഷിച്ചു അവതരിപ്പിച്ച ആഗോള നിക്ഷേപക സംഗമം(ജിം) തന്നെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഉയര്‍ത്തിപ്പിടിക്കുന്നത്. പദ്ധതികളുടെ രൂപഘടനയിലും ക്രമപ്പെടുത്തലുകളിലും പ്രത്യക്ഷത്തില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും ഫലത്തില്‍ ‘എമേര്‍ജിംഗ് കേരള’യും ജിമ്മും ഒരേ സന്ദേശം തന്നെയാണ് നല്‍കുന്നത്. സംസ്ഥാനത്തിന്റെ വളര്‍ച്ചയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഇരു പദ്ധതികളുടെയും ഉദ്യമം. ഇതിനു വേണ്ടതു മൂലധനവും. 2003ല്‍ ജിം അവതരിപ്പിച്ചപ്പോള്‍ ആന്റണി സര്‍ക്കാര്‍ നേരിട്ട അതേ പ്രശ്‌നങ്ങളും കോലാഹലങ്ങളും വിവാദങ്ങളും തന്നെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരും നേരിടുന്നത്. ഭൂമി വില്‍ക്കരുത്, പാട്ടത്തിനു കൊടുക്കരുത്, പരിസ്ഥിതി സന്തുലനാവസ്ഥ തകര്‍ക്കരുത്, കേരളത്തെ സ്വകാര്യ വ്യക്തികള്‍ക്കു വെട്ടിമുറിച്ചു നല്‍കരുത്… ഇങ്ങനെ പോകുന്നു പദ്ധതിയെ എതിര്‍ക്കുന്നവരുടെ ആവശ്യങ്ങള്‍. അന്ന് പ്രതിപക്ഷം അളന്നുമുറിച്ച് നടത്തിയ പ്രതിഷേധങ്ങളും വിവാദങ്ങളും ജിം പദ്ധതിയുടെ ആവേശവും ഉത്സാഹവുമെല്ലാം മാസങ്ങള്‍ക്കകം കെടുത്തിക്കളഞ്ഞു.

സ്വകാര്യ സംരംഭകര്‍ സംസ്ഥാനത്ത് മൂലധന നിക്ഷേപത്തിനു സന്നദ്ധരാകുമ്പോള്‍ കേരളാ ഗവണ്‍മെന്റ് അതിനു വേണ്ട സംരംഭക സാധ്യതകള്‍ അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു, ഇങ്ങനെ ഒറ്റ വാചകത്തില്‍ എമേര്‍ജിംഗ് കേരള പദ്ധതിയെ ചുരുക്കാം. എന്നാല്‍ പദ്ധതി നടത്തിപ്പിനു സംരംഭകരെ കാത്തിരിക്കുന്ന വ്യവസ്ഥകളും നിയമങ്ങളും പ്രതിപക്ഷം പറയുന്നതുപോലെ അത്ര ലളിതമല്ല. നിയമാനുസൃതമായ എല്ലാ അനുമതികളും സംഘടിപ്പിച്ചുമാത്രമെ പദ്ധതി നടപ്പാക്കാന്‍ കഴിയൂവെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു മാത്രം യാതൊരു സംശയവുമില്ല. എന്നാല്‍ ഈ വസ്തുത മനസിലാക്കിയിട്ടും പരിസ്ഥിതി നശിപ്പിക്കുമെന്ന പ്രതിപക്ഷത്തിന്റെ വാദഗതികളിലാണ് നിഗൂഢതാത്പര്യങ്ങള്‍ ഒളിച്ചിരിക്കുന്നത്. കേരളം ഒരു സമസ്തസുന്ദര ഭൂമിയാക്കി നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ആരും കണ്ടാല്‍ ‘അയ്യേ’ എന്നു പറയാത്ത വിധം വികസനം കൊണ്ടുവരാമെന്നു മാത്രമാണ് പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പദ്ധതി നടത്തിപ്പിനു മുമ്പ് പരിസ്ഥിതി ആഘാത പരിശോധനകളടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കില്ലെന്ന് പറയാന്‍ പ്രതിപക്ഷം മുതിര്‍ന്നതു വികസനത്തിനു എങ്ങനെയും തുരങ്കംവയ്ക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ്. പരിസ്ഥിതി പരിശോധനകള്‍ നടത്താതെ ഹെക്ടര്‍ കണക്കിനു ഭൂമി സ്വകാര്യവ്യക്തികള്‍ക്കു വ്യവസായത്തിന്റെ പേരില്‍ പതിച്ചുകൊടുക്കാന്‍ കേരളമെന്താ വെള്ളരിക്കാ പട്ടണമോ? എമേര്‍ജിംഗ് കേരള എന്ന പദ്ധതി നടപ്പിലാക്കുന്നതു കൊണ്ടു മാത്രം സര്‍ക്കാരിന്റെ കണ്ണു മഞ്ഞളിക്കില്ല എന്നു ചുരുക്കം.

മറ്റൊരു വാദമാണ് ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കപ്പെടുമെന്നത്. സംസ്ഥാനത്തെ ഭൂ നിയമം അനുസരിച്ച് ഒരാള്‍ക്ക് 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാന്‍ കഴിയില്ല. ഈ നിയമം മുന്‍ ഭരണകര്‍ത്താക്കള്‍ അണുവിട തെറ്റാതെ പാലിച്ചിരുന്നുവെങ്കില്‍ ഇന്നും കേരളം ഒരു കാലിത്തൊഴുത്തിനു സമാനമായി ചുരുങ്ങിയേനെ. വന്‍കിട വ്യവസായ സംരംഭങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ ഏക്കറുകണക്കിനു ഭൂമി ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ നിയമത്തില്‍ ഒഴിവു നേടിയാണ് അത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുക. അതു സ്വാഭാവികം മാത്രമാണെന്ന് സര്‍ക്കിന്റെ ഏതു പദ്ധതിയും എതിര്‍ക്കുന്ന പ്രതിപക്ഷം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ കണ്ണടച്ചു ഇരുട്ടാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹരിത രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി പ്രേമികളുടെയും നിലവിളി കേട്ടാല്‍ ഭൂമിയില്‍ ഒരു കെട്ടിടം പോലും ഇനി കെട്ടിപ്പൊക്കാന്‍ അനുവദിക്കില്ലെന്ന് വാശിപിടിക്കുന്നതിനു തുല്യമാണ്. ഭൂമിയിലല്ലാതെ ആകാശത്ത് വികസനം കൊണ്ടുവരാന്‍ കഴിയുമോയെന്ന മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ചോദ്യം ഇവര്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. ഇതിനു ഉത്തരം നല്‍കാനും ഇവര്‍ക്കു കഴിയണം. കേരളത്തിലെ വനങ്ങള്‍ മുഴുവന്‍ വെട്ടിമുറിച്ച് അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൂണു പോലെ കെട്ടിപ്പൊക്കുന്ന പദ്ധതിയല്ല എമേര്‍ജിംഗ് കേരള.

പ്രതിപക്ഷമായാലും പരിസ്ഥിതി വാദികളായാലും എമേര്‍ജിംഗ് കേരള പോലുള്ള പദ്ധതികള്‍ക്കു തുടക്കമിടുമ്പോള്‍ തടസംപറഞ്ഞുകൊണ്ടു വരാതെ സംസ്ഥാനത്തിന്റെ താത്പര്യത്തിനു അനുസരിച്ച് കാര്യങ്ങള്‍ ഗ്രഹിക്കണം. സംസ്ഥാനത്തിന്റെ താത്പര്യം തങ്ങളുടെ ആഗ്രഹങ്ങളും ജല്പനങ്ങളും മാത്രമാണെന്ന പ്രതിപക്ഷത്തിന്റെയും ഹരിത രാഷ്ട്രീയക്കാരുടെയും മിദ്ധ്യാബോധമാണ് ആദ്യം നീക്കേണ്ടത്. സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതര്‍ക്കു സ്വന്തം നാട്ടില്‍ ജോലി ചെയ്തു ജീവിക്കാനും വരുംതലമുറയ്ക്കു എന്തെങ്കിലുമൊക്കെ കരുതിവയ്ക്കുവാനും അവസരമുണ്ടാകണം. കേരളത്തില്‍ ജനിച്ച് അന്യസംസ്ഥാനങ്ങളില്‍ പഠിച്ച് വിദേശത്തു ജോലി ചെയ്തു ആ രാജ്യങ്ങളുടെ അഭിവൃദ്ധി വികസിപ്പിക്കുന്ന സമ്പ്രദായത്തിനു ഇനിയെങ്കിലും മറുപടി നല്‍കിയേ പറ്റൂ.

ഐടി പാര്‍ക്കു പോലെ തിരുവനന്തപുരത്ത് ലൈഫ് സയന്‍സസ് പാര്‍ക്ക്(ജൈവശാസ്ത്ര പാര്‍ക്ക്)- എമേര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കുന്ന പദ്ധതികളിലൊന്നാണിത്. നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് മാനുഫാക്ചറിംഗ് സോണ്‍(എന്‍ഐഎം സെഡ്), പതിനായിരക്കണക്കിനു ഭൂമി ആവശ്യമായ പെട്രോളിയം കെമിക്കല്‍സ് ആന്റ് പെട്രോ കെമിക്കല്‍ ഇന്‍വെസ്റ്റ് റീജിയന്‍(പിസിപിഐആര്‍), ചവറയിലെ ടൈറ്റാനിയം സ്‌പോഞ്ച് പ്രോജക്ട്, കൊച്ചിയിലെ ഇലക്‌ട്രോണിക് ഹബ്, ചീമേനി വാതകാധിഷ്ഠിത വൈദ്യുതി നിലയം തുടങ്ങിയവയാണ് എമേര്‍ജിംഗ് കേരളയിലെ വമ്പന്‍ പദ്ധതികളില്‍ ചിലത്.

പദ്ധതികളുടെ നടപടിക്രമങ്ങള്‍ പരിശോധിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്‌ളിയറന്‍സ് ബോര്‍ഡ് രൂപവത്കരിക്കും. നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്ന ഒരു പദ്ധതിക്കും അംഗീകാരം നല്‍കില്ല. ഭൂമി കച്ചവടം ഉണ്ടാവില്ല. സുരക്ഷിത കരാറുകളിലൂടെ പാട്ടത്തിന് മാത്രമേ നല്‍കൂ. പദ്ധതികള്‍ക്ക് ഭൂമി വിട്ടുനല്‍കുന്ന ഭൂവുടമകള്‍ക്ക് സമ്പൂര്‍ണ പുനരധിവാസ പാക്കേജ് നല്‍കും. ഭൂമി ഏറ്റെടുക്കുന്നത് റവന്യൂവകുപ്പായിരിക്കും. പദ്ധതിയുടെ ആസൂത്രണ ഘട്ടത്തില്‍ തന്നെ പരിസ്ഥിതി പരിശോധനകള്‍ നടത്തും. 20,000 ചതുരശ്ര അടിയില്‍ കൂടുതല്‍ സ്ഥലമുള്ള പദ്ധതികള്‍ക്ക് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്. പദ്ധതികളേതൊക്കെയെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ജനങ്ങള്‍ക്കുകാണാന്‍ അവസരം ഒരുക്കും.

സുതാര്യവും വിശ്വാസ്യതയും ആത്മാര്‍ഥയും കൈമുതലാക്കി എമേര്‍ജിംഗ് കേരള മുന്നേറുകയാണ്. ആഗോള വികസനത്തിനൊപ്പം എത്താനുള്ള ഈ ചെറിയ സംസ്ഥാനത്തിന്റെ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ശക്തികളെ പരാജയപ്പെടുത്തി മുന്നേറാനാകുമെന്ന ആത്മവിശ്വാസത്തോടെ സര്‍ക്കാരും ഭാവിയുടെ കുതിപ്പിനു ഇന്ധനം നിറയ്ക്കുന്നു. ഏതൊരു പദ്ധതിയാകുമ്പോഴും തെറ്റുകുറ്റങ്ങള്‍ ആര്‍ക്കും ചൂണ്ടിക്കാണിക്കാം. അതു പദ്ധതിയ്ക്കു ഗുണകരമാകുന്ന പുനപരിശോധനയ്ക്കു അവസരമൊരുക്കും. എന്നാല്‍ എന്തിനേയും എതിര്‍ക്കാനുള്ളതാണ് പ്രതിപക്ഷമെന്ന പാരമ്പര്യ കാഴ്ചപാട് ഇനിയെങ്കിലും മാറ്റിവയ്‌ക്കേണ്ടിരിക്കുന്നു. ബംഗാളില്‍ ഭൂമി കിട്ടാതെ വന്നപ്പോള്‍ ടാറ്റയ്ക്കു സൗജന്യമായി ഭൂമി അനുവദിച്ച് നാനോ കാര്‍ ഫാക്ടറി ഗുജറാത്ത് പിടിച്ചെടുത്തതുപോലുള്ള ദുര്‍ഗതി കേരളത്തിനുണ്ടാകാതിരിക്കട്ടേ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.