1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2021

സ്വന്തം ലേഖകൻ: ഇയു രാജ്യങ്ങളിലെ കൊവിഡ് മൂന്നാം തരംഗവും ഇന്ത്യയിൽ നിന്നുള്ള വാക്സിൻ കയറ്റുമതി വൈകലും ബ്രിട്ടന് വരാനിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള സൂചനയാണെന്ന് ആശങ്ക. യൂറോപ്പിലുടനീളം കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നത് ആഴ്ചകൾക്കുള്ളിൽ ബ്രിട്ടനും പ്രശ്‌നമായേക്കാമെന്നും സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

യുകെ വാക്സിനേഷൻ പദ്ധതി സജീവമായി മുന്നോട്ട് പോയിട്ടും രാജ്യം ഇനിയും കൊവിഡ് ഭീഷണി ഒഴിവാക്കിയിട്ടില്ലെന്ന് സർക്കാർ ഉപദേശക സമിതിയിലെ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു. പാരീസ് ഉൾപ്പെടെ ഫ്രാൻസിലെ നിരവധി പ്രദേശങ്ങൾ ഒരു മാസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൗണിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മുന്നറിയിപ്പ്.

യൂറോപ്പിലെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്ക മൂലം ഇറ്റലിയിലെ 20 മേഖലകളിൽ പകുതിയും വീണ്ടും കർശനമായ ലോക്ക്ഡൗൺ നിയന്ത്രണത്തിലാണ്. ഈ പ്രദേശങ്ങളിൽ സ്കൂളുകളും അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴിച്ചുള്ള സ്ഥാപനങ്ങളും അടച്ചിടണം. രാജ്യം ഇപ്പോൾ മൂന്നാമത്തെ തരംഗത്തിന്റെ തുടക്കത്തിലാണെന്ന് ജർമ്മനിയിലെ പൊതുജനാരോഗ്യ മേധാവി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഫ്രാൻസിൽ കെൻ്റ് വകഭേദമാണ് കൊവിഡ് കേസുകളുടെ കുത്തനെയുള്ള വർധനവിന് പിന്നിലെന്നാണ് സൂചന. എന്നാൽ കോവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദമാണ് ഏറ്റവും കൂടുതൽ ആശങ്കയുണ്ടാക്കുന്നതെന്ന് യുകെ സർക്കാർ ഉപദേഷ്ടാവായ ശാസ്തജ്ഞൻ സ്കൈ ന്യൂസിനോട് പറഞ്ഞു.

അതിനിടെ ബ്രിട്ടനിലെ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഏപ്രില്‍ മാസത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കയറ്റുമതി വൈകുന്നതാണ് കാരണം. മാര്‍ച്ച് 29 മുതല്‍ വാക്‌സിന്‍ വിതരണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നാണ് രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ബ്രിട്ടനിലെത്തുന്ന വാക്‌സിന്‍ ഡോസുകളുടെ അളവില്‍ താമസിയാതെ കുറവുണ്ടാകുമെന്നും ഒരാഴ്ച മുമ്പ് തയ്യാറാക്കിയ പദ്ധതിയനുസരിച്ചുള്ള വിതരണം നടപ്പാക്കുന്നത് അസാധ്യമാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നുള്ള വാക്‌സിന്‍ കയറ്റുമതി കുറയുന്നതും യുകെയിലെ ഒരു ബാച്ച് വാക്‌സിന്റെ പുന:പരീക്ഷണം വൈകുന്നതുമാണ് കാരണമെന്ന് ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ഫൈസറിന്റേയും ആസ്ട്രസെനകയുടേയും വാക്‌സിനുകളാണ് ബ്രിട്ടനില്‍ നിലവില്‍ വിതരണം ചെയ്യുന്നത്. ഓര്‍ഡര്‍ നല്‍കിയ 100 ദശലക്ഷം ആസ്ട്രസെനക വാക്‌സിന്‍ ഡോസുകളില്‍ 10 ദശലക്ഷം സിറം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നാണ് ലഭിക്കേണ്ടത്. അഞ്ച് ദശലക്ഷം ഡോസുകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ എത്തിച്ചതായി സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ വക്താവ് അറിയിച്ചു. ഇന്ത്യയിലെ വാക്‌സിന്‍ വിതരണം കണക്കിലെടുത്തായിരിക്കും ശേഷിക്കുന്ന ഡോസുകളുടെ കയറ്റുമതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇന്ത്യ നിര്‍ത്തിയതായി കരുതുന്നില്ലെന്നും സാങ്കേതികതടസങ്ങള്‍ ഒഴിവാകുന്നതോടെ വിതരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. യുകെയിലെ ജനങ്ങളില്‍ പ്രായപൂര്‍ത്തിയായ പകുതിയോളം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.