1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2012

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമായാണ് അറിയപ്പെടുന്നത്. ഇക്കാര്യത്തില്‍ നമ്മള്‍ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുകയും ചെയ്യുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികളും മറ്റും നമ്മുടെ മത വികാരത്തെ ചൂഷണം ചെയ്യാറുണ്ട് എങ്കില്‍ പോലും ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മള്‍ ഒറ്റക്കെട്ടാണ്. നമ്മുടെ നാടും ജനങ്ങളും നമ്മുടെ മാത്രമാണ് അതിപ്പോള്‍ നമ്മള്‍ ആര്‍ക്കും അടിയറവ്‌ വെച്ചിട്ടുമില്ല എന്നിട്ടും കടലില്‍ മത്സ്യബന്ധനത്തിന് പോയ നമ്മുടെ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ നാവികര്‍ക്കെതിരെ കാര്യമായ ഒന്നും ചെയ്യാന്‍ നമ്മുടെ ഭരണകൂടത്തിനും പോലീസിനും കഴിഞ്ഞിട്ടില്ല എന്നത് ഏറെ ദുഖകരമാണ്. രാഷ്ട്രീയാ ഇടപെടല്‍ മാത്രമല്ല ഇപ്പോള്‍ മതപരമായ ഇടപെടല്‍ കൂടിയാണ് ഇറ്റലി ഇക്കാര്യത്തില്‍ നടത്തുന്നത് എന്നത് നാം ആശങ്കയോടെ കാണേണ്ടതുണ്ട്.

കാരണം മതമെന്നത് മൂര്‍ച്ചയേറിയ ഒരു ആയുധമാണ് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കില്‍ നാശം ഉറപ്പ്‌. മാറാടും ഗുജറാത്തും അടക്കം നിരവധി അനുഭവങ്ങള്‍ നമുക്കുണ്ട്. ഇതിപ്പോള്‍ ഇവിടെ പറയാന്‍ കാരണം ഇറ്റാലി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ നാവികരെ രക്ഷപ്പെടുത്താന്‍ കേരളീയരുടെ മതവികാരത്തെ കൂടി കൂട്ടുപിടിക്കുന്നു എന്നതാണു. ഇതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ സന്ദര്‍ശിക്കുന്നതിനായി ഒരു സംഘം വൈദികര്‍ കേരളത്തില്‍ എത്തി. എന്നാല്‍ ഇവരുടെ സന്ദര്‍ശനം നാവികരില്‍ മാത്രം ഒതുങ്ങിയില്ല എന്നുമാത്രം.

കേസില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായാണ് വൈദികര്‍ എത്തിയതെന്ന് വ്യക്തമായ സൂചന നല്‍കിക്കൊണ്ട് കൊല്ലം രൂപതയിലെ ചില വൈദികരുമായും വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ വീട്ടുകാരുമായും ഇവര്‍ ചര്‍ച്ച നടത്തുകയുണ്ടായി. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് വൈദികരെത്തിയതെന്നാണ് വിശദീകരണം. 31ന് എത്തിയ വൈദികര്‍ മരിച്ച ജലസ്റ്റിന്റെ ഭാര്യയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും പ്രാര്‍ഥിക്കുകയും മൂതാക്കര സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ജലസ്റ്റിന്റെ കല്ലറ സന്ദര്‍ശിക്കുകയും ചെയ്തു.

കേരളത്തിലെ ക്രൈസ്തവ സഭ ഇക്കാര്യത്തില്‍ കഴിയുന്നതും ഇടപെടാതിരിക്കുന്നതായിരിക്കും ഏറ്റവും ഉചിതം എന്ന് ഈ അവസരത്തില്‍ പറയേണ്ടിയിരിക്കുന്നു. ഒന്നാമത്തെ കാര്യം ഇതൊരു മതപ്രശ്നമല്ല എന്നത് തന്നെ. ഇത് നമ്മുടെ രാജ്യത്തിന്റെ അഭിമാന പ്രശ്നവും അതേസമയം സാധാരണക്കാരായ മത്സ്യതോഴിലാളികളുടെ സുരക്ഷയുടെ പ്രശ്നവുമാണ്. നയപരമായ തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. ഇത്തരം ഒരു ദുരന്തം നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ തക്കതായ ശിക്ഷ ഇറ്റാലിയന്‍ നാവികര്‍ക്ക് നല്‍കേണ്ടതുണ്ട്. അഞ്ചോ പത്തോ നല്‍കി കേസ്‌ ഒതുക്കാനാണ് ഇറ്റലി തുടക്കം മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെ വീട്ടിലെ അവസ്ഥകളും നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള സാഹചര്യവുമുണ്ടോ എന്ന് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നത്രെ ഇറ്റാലിയന്‍ വൈദികരുടെ സന്ദര്‍ശനം. സൈനികര്‍ക്കുവേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകന്‍ വി.ജെ.മാത്യു ഇതേ ആവശ്യവുമായി മുമ്പ് ജലസ്റ്റിന്റെ ബന്ധുക്കളെ സമീപിച്ചിരുന്നു എന്നതിനും തെളിവുണ്ട്. ഇറ്റാലിയന്‍ സൈനിക മേധാവികളുടെ അനുമതിയോടെയാണ് വൈദികരുടെ വരവെന്നാണ് സൂചന. ജയിലില്‍ കഴിയുന്ന സൈനികര്‍ക്ക് ആത്മീയധൈര്യമേകുകയാണ് വൈദികരുടെ ഔദ്യോഗിക ലക്ഷ്യം എങ്കിലും ഇവരുടെ കൊല്ലം സന്ദര്‍ശനം അനൗദ്യോഗികമാണെന്നാണ് സൂചന.

മുമ്പ് ജലസ്റ്റിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഇറ്റാലിയന്‍ മന്ത്രിയുടെ ശ്രമം ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ വൈദികരുടെ സന്ദര്‍ശനം ആശ്വാസമേകല്‍ മാത്രമാണെന്ന് കരുതാനാകില്ല. ഇറ്റാലിയന്‍ വൈദികരുടെ സന്ദര്‍ശനവുമായി കൊല്ലം രൂപതയ്ക്ക് ഒരു ബന്ധവുമില്ലെന്നും കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ഒരുനീക്കവും നടന്നിട്ടില്ലെന്നും രൂപത വക്താവ് ഫാ. റെബയ്‌റോ പറഞ്ഞു. രാജ്യത്തിന്റെ നിയമത്തിന് പുറമേയുള്ള ഒരു നീക്കത്തേയും രൂപത പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

എന്തായാലും രൂപതയുടെ ഈ പ്രസ്താവന വളരെ നന്നായി. അല്ലായിരുന്നെങ്കില്‍ മുന്‍പ്‌ മാര്‍ ആലഞ്ചേരി സ്വീകരിച്ച പോലൊരു നിലപാട് രൂപതയും സ്വീകരിച്ചിരുനുവെങ്കില്‍ ഉണ്ടാകുന്ന പ്രതിഷേധം അത്രയെളുപ്പം അടക്കാന്‍ രൂപതയ്ക്കോ സഭയ്ക്കോ ആകുമായിരുന്നില്ല. ഇനിയിപ്പോള്‍ ഏതെങ്കിലും ക്രൈസ്തവ മത നേതാവ്‌ ഇക്കാര്യത്തില്‍ ഇറ്റാലിയന്‍ അനുകൂല നിലപാട് തീരുമാനിച്ചാല്‍ അവരും ഇസ്ലാം ജിഹാദ്‌ തീവ്രവാദികളും തമ്മില്‍ എന്താണ് വ്യത്യാസം? ഇന്ത്യയിലെ എല്ലാ മതനേതാക്കളും മനസിലാക്കേണ്ട ഒരു കാര്യമുണ്ട് നമ്മളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നത് ഇന്ത്യന്‍ എന്ന ഭാവമാണ്. മതമെന്ന വികാരമല്ല. അതിനാല്‍ തന്നെ ഇകകര്യത്തില്‍ മതപരമായ ഇടപെടല്‍ നാം അനുവദിച്ചുകൂടാ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.