1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2015

കെ എം മാണി കേരള ബജറ്റ് അവതരിപ്പിച്ചുവെന്നാണ് അവകാശ വാദം. നടന്നത് ബജറ്റ് അവതരണമല്ലെന്നും ലഡുവിതരണം മാത്രമാണെന്നും പ്രതിപക്ഷം. എന്തായാലും കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭയുടെ ചരിത്രത്തിലെ നാണക്കേടിന്റെ ദിനമായി. മാണിയെ തടയുമെന്ന പ്രതിപക്ഷവും എന്തുവില കൊടുത്തും ബജറ്റ് അവതരിപ്പിക്കുമെന്ന സര്‍ക്കാരും വാശിപിടിച്ചതോടെ നിയമസഭയും പരിസരവും യുദ്ധഭൂമിയായി. മാണിയെ മാറ്റിനിര്‍ത്തണമെന്നും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ വെല്ലുവിളി സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു.

സ്പീക്കറുടെ ഡയസില്‍ കയറി കസേര വലിച്ചെറിയുക, മൈക്കും കമ്പ്യൂട്ടറും തകര്‍ക്കുക, സ്പീക്കറെ ഡയസില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുക തുടങ്ങിയ ശക്തമായ സമരമാര്‍ഗമാണ് പ്രതിപക്ഷം സ്വീകരിച്ചത്. ബജറ്റുമായി സഭയില്‍ എത്തിയ മാണിയെ ആദ്യം തടഞ്ഞ് തിരിച്ചയക്കാനും പ്രതിപക്ഷത്തിനു കഴിഞ്ഞു. എന്നാല്‍ പിന്‍വാതിലിലൂടെ എത്തിയ മാണി വാച്ച് ആന്റ് വാര്‍ഡിന്റെയും ഭരണപക്ഷത്തിന്റെയും സുരക്ഷാ വലയത്തിനുള്ളില്‍ നിന്ന് ബജറ്റിന്റെ ആറ് മിനിറ്റ് ആമുഖ പ്രസംഗം നടത്തി ബജറ്റ് സഭയില്‍ വച്ചു.

ബജറ്റ് അവതരിപ്പിക്കുമെന്ന സര്‍ക്കാരിന്റെ വാദം സാങ്കേതികമായി വിജയിച്ചുവെങ്കിലും മാണിയെ ഇരിപ്പിടത്തില്‍ ഇരുത്താനോ സ്പീക്കറെ ഡയസില്‍ ഇരിക്കാനോ അനുവദിക്കാതെ പ്രതിപക്ഷവും വിജയിച്ചു. സാങ്കേതികമായി ബജറ്റ് അവതരണം നടന്നില്ലെന്ന പ്രതിപക്ഷവാദം ശരിയാണെന്ന് നിയമവിദഗ്ദരും പറയുന്നു. അതോടെ ബജറ്റ് അവതരണം എന്നുമില്ലാത്ത രീതിയില്‍ കലാപകലുഷിതമായി.

നിയമസഭയുടെ പതിവ് നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കാതെയായിരുന്നു മാണിയുടെ ബജറ്റ് വായന. സഭ ചേരാതെയാണ് ബജറ്റ് വായിച്ചെന്ന് വരുത്തിത്തീര്‍ക്കുകയാണെന്ന് പ്രതിപക്ഷവും നടപടിക്രമങ്ങളെല്ലാം പാലിച്ച് സഭ ചേര്‍ന്നുവെന്ന് സര്‍ക്കാരും അവകാശപ്പെട്ടു. സഭയിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ എംഎഎല്‍എ മാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തിനിടിയെ വി ശിവന്‍കുട്ടി എംഎല്‍എ സഭയില്‍ കുഴഞ്ഞുവീണു.

പ്രതിഷേധത്തിനിടെ ബജറ്റ് അവതരണം തുടങ്ങിയതോടെ വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരുപറ്റം എം.എല്‍.എമാര്‍ രോഷാകുലരായി. മുണ്ടും മടക്കികുത്തി കസേരകള്‍ക്കു മുകളിലൂടെ നടന്ന് മാണിയുടെ അടുത്തെത്താന്‍ അവര്‍ ശ്രമിച്ചുവെങ്കിലും വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞു. ഉന്തും തള്ളിനിടെ ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് വാച്ച് ആന്റ് വാര്‍ഡിനും പരുക്കേറ്റു. ഷീജ ബീഗം, നവീന്‍ രാജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ തലയ്ക്കാണ് പരുക്ക്.

അതേസമയം പ്രതിപക്ഷം പരാതി നല്‍കിയാല്‍ ചട്ടപ്രകാരം ബജറ്റ് റദ്ദാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭതന്നെ രാജിവെക്കേണ്ട അതീവ ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയാണ് ഉരുത്തിരിയുന്നത്.

കേരള നിയമസഭാ ചട്ടം അനുസരിച്ച് സ്പീക്കര്‍ ചെയറില്‍ ഇരുന്ന് ഓര്‍ഡര്‍ നല്‍കാതെ ബജറ്റ് അവതരിപ്പിക്കാനാവില്ല. സ്പീക്കറുടെ അനുമതിയില്ലാതെ ബജറ്റ് അവതരിപ്പിക്കാനും പാസാക്കാനുമാവില്ല. സ്പീക്കര്‍ ചെയറില്‍ ഇരുന്നു ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രമേ നിയമസഭ ചേര്‍ന്നതായി പോലും കണക്കാക്കാനാവൂ എന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ എന്‍. ശക്തന് ഡയസില്‍ എത്താനോ ചെയറില്‍ ഇരിക്കാനോ സാധിച്ചിട്ടില്ല. പ്രതിഷേധത്തിനിടെ സഭയിലെത്തിയപ്പോള്‍ സ്പീക്കറെ പ്രതിപക്ഷ എം.എല്‍.എമാര്‍ തടഞ്ഞിരുന്നു. ബഹളത്തിനിടെ മാണിക്ക് ആംഗ്യം കാണിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയെന്നാണ് സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞത്. എന്നാല്‍ ഈ വാദം ചട്ടപ്രകാരം നിലനില്‍ക്കുന്നതല്ല.

സഭയിലെ സീറ്റില്‍ സ്പീക്കറെത്തി ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ ഓര്‍ഡര്‍ നല്‍കുകയും ധനമന്ത്രി ബജറ്റ് മേശപ്പുറത്തുവെച്ചെന്ന് പറയുകയും സ്പീക്കര്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്താല്‍ മാത്രമേ ചട്ടപ്രകാരം ബജറ്റ് അവതരിപ്പിക്കാനാവൂ. കേവലം ഒരു മിനിട്ടുകൊണ്ടുമാത്രം ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവും. എന്നാല്‍ സ്പീക്കര്‍ക്ക് ഡയസിലും ചെയറിലും എത്താനാവാത്ത സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിച്ചതായുള്ള വാദം ചട്ട പ്രകാരം നിലനില്‍ക്കില്ല.

നിയമങ്ങളും ചട്ടങ്ങളും തലനാരിഴകീറി പരിശോധിക്കുന്ന മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ പി. സദാശിവം ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടായിരിക്കും നിര്‍ണായകം. പ്രതിപക്ഷം നല്‍കുന്ന പരാതിയില്‍ ഗവര്‍ണര്‍ ബജറ്റ് റദ്ദാക്കിയാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ രാജിവെക്കേണ്ടി വരും. മാണിക്കെതിരെ ബി.ജെ.പിയും സമരരംഗത്തായതിനാല്‍ ബജറ്റ് റദ്ദാക്കാന്‍ ഗവര്‍ണര്‍ക്കു മേല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദവുമുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.