1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2015

സ്വന്തം ലേഖകന്‍: ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടടിക്കുന്നതായി സൂചന. സംഘ് പരിവാറും കോണ്‍ഗ്രസുമാണ് ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്. ഒപ്പം മിക്ക സംസ്ഥാനങ്ങളും എതിരഭിപ്രായം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ തല്‍ക്കാലം കേന്ദ്രസര്‍ക്കാര്‍ മാറ്റിവക്കുമെന്നാണ് സൂചന.

അഭിപ്രായ ഐക്യമില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന സൂചനയാണ് ബില്‍ ചര്‍ച്ച ചെയ്ത നിതി ആയോഗ് ഭരണസമിതി യോഗത്തിലും സര്‍ക്കാരിനു ലഭിച്ചത്. കേന്ദ്രനിയമത്തിനായി അനന്തമായി കാത്തിരിക്കാന്‍ തയാറല്ലെന്നും തങ്ങളുടേതായ നിയമം നടപ്പാക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം പിന്തുണയ്ക്കണമെന്നും നിതി ആയോഗ് യോഗത്തില്‍ പല മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

യുപിഎ സര്‍ക്കാര്‍ പാസാക്കിയ ബില്ലിനു മോദിസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ കര്‍ഷകവിരുദ്ധമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു സര്‍ക്കാരിനെ പിന്നോട്ടു വലിക്കുന്ന കാര്യമായി ജയ്റ്റ്‌ലി സൂചിപ്പിച്ചു.
ലോക്‌സഭയില്‍ പാസായശേഷമാണു ബില്‍ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്കു വിട്ടത്.

പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ള ബില്ലിലെ അതേ വ്യവസ്ഥകളുള്ള ഓര്‍ഡിനന്‍സ് മോദിസര്‍ക്കാര്‍ ഇതിനകം മൂന്നു തവണ വിജ്ഞാപനം ചെയ്തുകഴിഞ്ഞു. മൂന്നാമത്തെ ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞാല്‍ അതു വീണ്ടും വിജ്ഞാപനം ചെയ്യാന്‍ സര്‍ക്കാര്‍ മുതിരില്ലെന്ന സൂചനയാണു ബിജെപി വൃത്തങ്ങള്‍ നല്‍കുന്നത്.

ബിജെപിക്കു ഭൂരിപക്ഷമുള്ള പാര്‍ലമെന്ററി സമിതി, ബില്ലിലെ വ്യവസ്ഥകളെ അനുകൂലിച്ചു റിപ്പോര്‍ട്ട് നല്‍കിയാലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും മറ്റും പിന്തുണയില്ലാതെ തുടര്‍നടപടികള്‍ സാധ്യമല്ലെന്നു സര്‍ക്കാരിനു നല്ല ബോധ്യമുണ്ട്. ഇതുകൊണ്ടുതന്നെ, ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാസാക്കുന്നതില്‍ ഊന്നല്‍ നല്‍കാതെ, ചരക്കുസേവന നികുതി ബില്‍ പ്രാബല്യത്തിലാക്കാനാവും സര്‍ക്കാര്‍ ഇനി ശ്രമിക്കുകയെന്നാണു സൂചന.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.