1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2015

സ്വന്തം ലേഖകന്‍: കാലവര്‍ഷം ഈ മാസം 30 നു തന്നെ കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കയുടെ തെക്കന്‍ മുനമ്പിലും ആന്‍ഡമാന്‍ തീരത്തും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്. മണ്‍സൂണ്‍ എത്തുന്നതു വരെ വേനല്‍ മഴ ചെറിയ തോതില്‍ തുടരുമെന്നാണു സൂചന.

ഉത്തരേന്ത്യയിലെ കൊടുംചൂടും രാജസ്ഥാന്‍ ഭാഗത്തു രൂപംകൊണ്ട ന്യൂനമര്‍ദവും കേരളത്തില്‍ കാലവര്‍ഷം വൈകില്ല എന്നതിന്റെ സൂചനയാണ്. ശ്രീലങ്കയിലെയും ആന്‍ഡമാനിലെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നു തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

ഇന്നലെ തെക്കന്‍ കേരളത്തില്‍ പലയിടത്തും ചെറിയതോതില്‍ മഴ ലഭിച്ചു. അതേ സമയം വടക്കന്‍ കേരളത്തില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉത്തരേന്ത്യം കൊടും ചൂടില്‍ പൊരിയുകയാണ്. 750 തിലധികം ആളുകള്‍ ഇതിനകം ചൂട് കാരണം മരിച്ചതായാണ് റിപ്പോര്‍ട്ട്.

ആന്ധ്രയിലും തെലങ്കാനയിലുമാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ മാത്രം 550 ലധികം ആളുകള്‍ മരിച്ചു. മെയ് 30 വരെ ചൂട് ഇതേ രീതിയില്‍ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.! പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴക്കും കൊടുംകാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കടുത്ത ചൂട് മൂലം പലയിടങ്ങളിലും ജോലി സമയം പുനക്രമീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ ടാക്‌സികള്‍ രാവിലെ 11 മുതല്‍ വൈകീട് 4 വരെ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് ടാക്‌സി തൊഴിലാളികളുടെ സംഘടന പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.