1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2015

സ്വന്തം ലേഖകന്‍: പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫി എടുത്ത് തനിക്കു ട്വീറ്റ് ചെയ്താല്‍ മികച്ചവ റീട്വീറ്റ് ചെയ്യാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനസംഖ്യയില്‍ സ്ത്രീ അനുപാതം കുറയുന്നതിനെ കുറിച്ചു മന്‍ കി ബാത് റേഡിയോ പരിപാടിയില്‍ ആശങ്ക പ്രകടിപ്പിച്ച ശേഷമാണ് നരേന്ദ്ര മോദി പെണ്‍മക്കളുമൊത്തുള്ള സെല്‍ഫികള്‍ ട്വീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്തത്. നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ഹാഷ്ടാഗിലാണ് പെണ്‍മക്കള്‍ക്കൊപ്പമുള്ള സെല്‍ഫികള്‍ പോസ്റ്റു ചെയ്യേണ്ടത്.

പെണ്‍കുട്ടികള്‍ ഏറെ കുറവുള്ള ഹരിയാനയിലെ ബിബിപുര്‍ ഗ്രാമമുഖ്യനായ സുനില്‍ ജഗ്‌ലന്റെ ആശയം കടമെടുത്താണ് പ്രധാനമന്ത്രിയുടെ സെല്‍ഫി ആഹ്വാനം. ഇത്തരം സെല്‍ഫികള്‍ പോസ്റ്റു ചെയ്യുന്നതിനു സുനില്‍ ജഗ്‌ലന്‍ തന്റെ ഗ്രാമത്തില്‍ മല്‍സരം സംഘടിപ്പിക്കുന്ന കാര്യവും മോദി അറിയിച്ചു.

രാജ്യത്തെ 100 ജില്ലകളില്‍ ജനസംഖ്യയിലെ പെണ്‍ അനുപാതം ആശങ്കയുളവാക്കും വിധത്തില്‍ കുറവാണെന്ന് മോദി പറഞ്ഞു. പെണ്‍ ഭ്രൂണഹത്യകള്‍ തടയാനും പെണ്‍മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കാനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പെണ്‍മക്കളെ രക്ഷിക്കൂ, പെണ്‍മക്കളെ പഠിപ്പിക്കൂ പദ്ധതിയെ കുറിച്ചും മോദി വിശദീകരിച്ചു. പെണ്‍മക്കളെ രക്ഷിക്കാനുള്ള പ്രചാരണത്തെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അതേസമയം, ബിജെപിയിലെ വനിതാ നേതാക്കള്‍ക്കെതിരെയുള്ള വിവാദങ്ങളെ കുറിച്ചു റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചില്ല. യോഗ ദിനാഘോഷം, എല്ലാവര്‍ക്കും ഭവനം പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഇവയെക്കുറിച്ച് മോദി സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി മരങ്ങള്‍ വച്ചു പിടിപ്പിക്കാനും ജലം സംരക്ഷിക്കാനും ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.