1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2012

കലകളെല്ലാം സിനിമയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, അതേസമയം ഒരു കല എന്ന നിലയില്‍ നിന്നും വ്യവസായം എന്ന നിലയിലും സിനിമയ്ക്ക് അതിന്റേതായ സ്ഥാനം ഉണ്ട്. തിരക്കഥാകൃത്ത് മുതല്‍ തിയേറ്ററില്‍ ടിക്കറ്റ് വില്‍പ്പനക്കാരന്റെ വരെ ജീവിതോപാധിയാണ് സിനിമ. ആ തരത്തില്‍ നോക്കുമ്പോള്‍ സിനിമ ഒരുപാടു പേരുടെ അന്നമാണ്. എന്നാല്‍ സമീപകാലത്തായി ഇന്റര്‍നെറ്റും ഡിവിഡിയും വ്യാപകമായതോട് കൂടി ഈ വ്യവസായകലയും ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ് – ഇന്റര്‍നെറ്റിലെ അനധികൃത റിലീസ്‌!

പുതുപുത്തന്‍മലയാള സിനിമകള്‍ വരെ കേരളത്തില്‍പ്രദര്‍ശനം തുടങ്ങുന്നതിനുമുമ്പേ ഇന്റനെറ്റില്‍ പ്രചരിക്കുന്നത് ഒരു സാധാരണ സംഭവമായി മാറുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ സ്വാധീനമറിയിച്ചവയാണ്. ഇതേതുടര്‍ന്ന് സിനിമാ രംഗത്തെ പലരും എതിര്‍പ്പുകളുമായി രംഗത്തെത്തുകയും തുടര്‍ന്നു ഈ പ്രവണതയ്‌ക്കെതിരെ സൈബര്‍പോലീസ് നടപടി ശക്തമാക്കുകയും ചെയ്തു. എങ്കിലും വ്യാജന്മാര്‍ തങ്ങളുടെ വിളയാട്ടം നെറ്റില്‍ തുടരുക തന്നെ ചെയ്തു.

മലയാള സിനിമയെ സംബന്ധിച്ചാണെങ്കില്‍ നിര്‍മാതാക്കള്‍ തമ്മിലുള്ള തൊഴുത്തില്‍കുത്തും ഫാന്‍സുകാരുടെ പകപോക്കലും വിലക്കുകളും എല്ലാം കൂടി ഉണ്ടാക്കിയ പ്രതിസന്ധി തന്നെ ധാരാളമുണ്ട്. സിനിമാ വ്യവസായകലയെ തകര്‍ക്കാന്‍ ഇതുതന്നെ ധാരാളം എന്നിരിക്കെയാണ് ഇന്റര്‍നെറ്റിലെ ഈ നിയമവിരുദ്ധ റിലീസിങ്ങും. തുടര്‍ന്നു പോലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പ്രവാസി മലയാളികള്‍ക്കു നേരെയാണെന്നാണു മറ്റൊരു വസ്തുത. പ്രവാസി മലയാളികള്‍ക്ക്‌ ഇക്കാര്യത്തില്‍ ഒരു വലിയ പങ്ക് തന്നെയുണ്ടെന്നാണ് കേരള പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം ഇവര്‍ക്കെതിരെ തുടങ്ങുന്ന മിക്ക അന്വേഷണവും അവസാനം അവിടത്തെ നിയമങ്ങളുടെ നൂലാമാലയില്‍ കുടുങ്ങി അവസാനിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ ദൌര്‍ഭാഗ്യകരം. അല്ലെങ്കില്‍ തന്നെ കേരളത്തില്‍ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുതന്നെ തുമ്പുണ്ടാക്കാന്‍ പാടുപെടുന്ന സൈബര്‍സെല്‍ വിദേശരാജ്യങ്ങളില്‍വച്ചു നടക്കുന്ന ഈ തട്ടിപ്പിന് എങ്ങനെ തടയിടാന്‍ എന്ന് നോക്കണേ. ഈ പോരായ്മ തന്നെയാണ് ഇത്തരത്തില്‍ വിദേശരാജ്യങ്ങളിലിരുന്നു തട്ടിപ്പു നടക്കുന്നവര്‍ക്കു തുണയാവുന്നതും, അവര്‍ അതിനെ മാക്സിമം ഉപയോഗപ്പെടുത്തുന്നതും.

അടുത്തിടെ പുറത്തിറങ്ങിയ ‘അറബീം ഒട്ടകവും പി മാധവന്‍നായരും’ എന്ന സിനിമ ഇന്റര്‍നെറ്റില്‍ അനധികൃതമായി പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് പ്രസ്തുത സിനിമയുടെ അമേരിക്കയിലെയും കാനഡയിലെയും വിതരണക്കാരായ ഒമേഗ ഇന്റര്‍ നാഷണല്‍ നല്‍കിയ കേസിന്റെ അന്വേഷണവും ചെന്നെത്തിയത് ഒരു ബ്രിട്ടനിലെ പ്രവാസി മലയാളിയിലേക്കാണ്. ഇയാളുടെ താമസ സ്ഥലം റെയ്ഡ് ചെയ്ത വടക്കുപടിഞ്ഞാന്‍ ഇംഗ്ലണ്ടിലെ മെഴ്‌സിസൈഡ് പോലീസ് ഇവിടെനിന്നും ലാപ്‌ടോപ്പ്, മെമ്മറി കാര്‍ഡ്. ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തിരുന്നു.

കൂടാതെ അടുത്തിടെ ഇറങ്ങിയ അഞ്ചോളം പുതിയ മലയാളം സിനിമയുടെ വ്യാജ സിഡികളും ഇയാളില്‍നിന്നു പിടിച്ചെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിലാണ് ഇയാള്‍സിനിമ അപ്‌ലോഡ് ചെയ്തിരുന്നത് ഇതേതുടര്‍ന്ന് സൈബര്‍ സെല്ലിന് ഗൂഗിള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കേരള പോലീസിന് പുറമേ ഈ കേസില്‍ ബ്രിട്ടനിലെ ആന്റി പൈറസി ആക്ട് അനുസരിച്ച് ബ്രിട്ടീഷ് പോലീസ് കേസെടുത്തിട്ടുണ്ട്.

‘വെള്ളരി പ്രാവിന്റെ ചങ്ങാതി’, ‘വെനീസിലെ വ്യാപാരി’ തുടങ്ങിയ ചിത്രങ്ങളും ലിവര്‍പൂളിലെ താമസക്കാരനായ ഈ മലയാളി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തന്നൊണ് കരുതുന്നത്. അടുത്തിടെ ‘ഉറുമി’ എന്ന ചിത്രം ഇന്റനെറ്റില്‍ അനധികൃതമായി പ്രചരിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അമേരിക്കന്‍ മലയാളിയെ പോലീസ് പിടികൂടിയിരുന്നു. ഇത്തരത്തിലുള്ള മിക്ക കേസുകളില്‍ പ്രവാസികരങ്ങള്‍ക്കു പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.

പുതിയ മലയാളം സിനിമകളുടെ വ്യാജ സിഡികള്‍ ഗള്‍ഫ് മേഖലകളില്‍ വ്യാപകമായി പ്രചരിക്കുന്നതും മാധ്യങ്ങളില്‍ തലക്കെട്ടു നേടിയിരുന്നു. ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ക്കു നാമമാത്രമായ ശിക്ഷ നല്‍കുന്നതും കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതും കേസിലെ പ്രതികള്‍ക്കു എപ്പോഴും സഹായമാകുകയാണ് പതിവ്. പുതിയ സിനിമകളുടെ സിഡികള്‍വ്യാജമായി നിര്‍മിച്ച് യഥാര്‍ഥ നിര്‍മാതാവിനെ പാപ്പരാക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ കേരളത്തില്‍മാത്രം ഒതുങ്ങി നില്‍ക്കുന്ന സംഭവം ഒന്നുമല്ല എന്നാണു ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം തന്നെ തെളിയിക്കുനത്.

ലോകത്തെല്ലായിടത്തും വ്യാജന്‍മാര്‍ വിലസുന്നുണ്ട്. എന്നിരുന്നാലും മലയാള സിനിമയുടെ നട്ടെല്ലെടിക്കുന്ന ഈ കുറ്റകൃത്യത്തിന് പിന്നില്‍ ഒരു പ്രവാസി കരം ഉണ്ടാകുന്നത് തീര്‍ച്ചയായും ആശാവഹമല്ല. ഏറെ അതിശയം എന്ന കാര്യം ഇത്തരം സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ്‌ ചെയ്യുന്ന ഇവര്‍ക്കാര്‍ക്കും തന്നെ കാര്യമായ സാമ്പത്തിക നേട്ടം ഒന്നും തന്നെ ലഭിക്കുന്നില്ല എന്താണ്. അടുത്തിടെ ഇതേ കുറ്റത്തിന് കേരളത്തില്‍ പിടിയിലായ രണ്ടു കൌമാര്‍ക്കാരെ പോലീസ്‌ ചോദ്യം ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് തങ്ങള്‍ ടൈംപാസിന് വേണ്ടിയാണ് ഇത്തരത്തില്‍ സിനിമകള്‍ നെറ്റില്‍ ഇടുന്നത് എന്നാണ്.

പ്രവാസി മലയാളിയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മണിക്കൂറുകളോളം സമയമെടുത്ത് അവര്‍ വെറുതെ നെറ്റിലേക്ക് സിനിമ അപ്ലോഡ്‌ ചെയ്യുന്നു, നമ്മളില്‍ പലരും മണിക്കൂറുകളോളം കാത്തിരുന്നു അവ ഡൌണ്‍ലോഡ് ചെയ്യുന്നു, കാണുന്നു. ഇതിനിടയില്‍ ഈ വ്യവസായം ഒന്നുകൊണ്ടു മാത്രം ജീവിക്കുന്ന ആയിരങ്ങളുടെ കഞ്ഞികുടി മുട്ടുന്നു. സിനിമ എന്നത് അനേകം പേരുടെ ദിവസങ്ങളോളം നീണ്ട കഠിന പരിശ്രമത്തിന്റെ സൃഷ്ടിയാണ് ഇവരുടെ വിയര്‍പ്പിന്റെ വിലയാണ് ഇത്തരക്കാര്‍ ഇല്ലാതെയാക്കുന്നത്‌. അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ ഇതിനെതിരെ നമുക്കും നിലകൊള്ളാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.