1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2012

എഡിറ്റോറിയല്‍

കാലത്തിനും ദേശത്തിനും വ്യക്തികളുടെ കാഴ്ച്ചപ്പാടിനുമനുസരിച്ച് മാധ്യമപ്രവര്‍ത്തനത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളോടുള്ള സമീപനവും മാറിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍ വാര്‍ത്തയുടെ നിര്‍വചനത്തിന് വ്യതിയാനമില്ല. മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും മട്ടിലും ഭാവത്തിലും വ്യത്യസ്തമായിട്ടാണ് യൂറോപ്പിലുള്‍പ്പെടെ ലോകമെമ്പാടും പ്രവാസികളുടെ ഇടയില്‍ പ്രചരിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കെല്ലാംതന്നെ അപ്‌ഡേറ്റ് ചെയ്യുന്നത്. എന്നിരുന്നാലും ന്യൂസ് കവറേജിന്റെ തത്ത്വവും പ്രയോഗവും മറന്ന് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്ത രീതിയില്‍ വാര്‍ത്തകള്‍ പ്രതിപാദിക്കുന്ന പത്രങ്ങളും കുറവല്ല.

ഈ അടുത്തക്കാലത്തായി പ്രത്യേകിച്ച് യുകെ മലയാളികളുടെ ഇടയില്‍ ചില മാധ്യമങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ഊഹാപോഹങ്ങളുടെവില്പന അഥവാ അതിനെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ ചമച്ച് സഹജീവികളെ നിന്ദ്യവും സഭ്യമല്ലാത്തതുമായ ഭാഷയില്‍ വിമര്‍ശിച്ച് സമൂഹത്തെക്കൊണ്ട് ആസ്വദിപ്പിക്കുന്ന രീതി പതിവ് പരിപാടികളായി തീര്‍ന്നിരിക്കുന്നു. അസംബന്ധങ്ങള്‍ പോസ്റ്റ് ചെയ്ത് വായനക്കാരെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും തിരിച്ചു വിടുന്ന കാഴ്ച അധികം കാലം ഇങ്ങനെ കണ്ടു നില്‍ക്കാന്‍ കഴിയില്ല. വ്യക്തി ഹത്യകളില്‍ നിന്നും ഒരുപടി ഉയര്‍ന്ന് മാധ്യമ സ്വാന്ത്ര്യമെന്ന് ധരിച്ച് സമൂഹത്തെപ്പോലും നികൃഷ്ടമായി ഭര്‍ത്സിക്കുന്ന ധാര്‍ഷ്ട്യം ഇനി വിലപ്പോകില്ല. മൂല്യബോധമുള്ള മാധ്യമങ്ങള്‍ അത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കും. ഇതിന്റെ നേര്‍ കാഴ്ചകളാണ് കഴിഞ്ഞ കുറെനാളുകളായി യുകെയിലെ മലയാളികള്‍ കണ്ടികൊണ്ടിരിക്കുന്നത്.

ഞാനാണ് വാര്‍ത്തകളുടെ അധിപനെന്നും കാശ് തന്നാല്‍ വാര്‍ത്തയില്‍ നിന്നൊഴിവാക്കാമെന്നും പ്രത്യക്ഷമായും പരോക്ഷമായും പുലമ്പി കൊണ്ടിരുന്നയാളുടെ പതനവും അദ്ദേഹം നടത്തിവരുന്ന മാഫിയ പത്രത്തിന്റെ താളം തെറ്റുന്ന കാഴ്ചയും യുറോപ്യന്‍ മലയാളികള്‍ കൗതുകത്തോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്രവാസിമലയാളി കണ്ടതില്‍ വച്ചേറ്റവും വലിയ തട്ടിപ്പ് നടത്തിയതില്‍ ആരോപിതനായ വ്യക്തിക്ക് ഒത്താശ പാടി പണി കിട്ടിയ ഈ പത്രക്കാരനെ ഒടുവില്‍ ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്നുതന്നെ ഭ്രഷ്ടനാക്കി.

എന്തായിരുന്നു മാദ്ധ്യമങ്ങളേ നമ്മുടെ ധര്‍മ്മം? നേരിന്റെ നേര്‍ കാഴ്ചയാകേണ്ട മാധ്യമങ്ങള്‍ കപടതയുടെ മുഖലേപനവുമായി വായനക്കാരന്റെ മുന്നിലെത്തി. എത്രനാള്‍ ഇങ്ങനെ തുടരാനാവും? എന്താണ് നല്ലത് എന്നറിയാഞ്ഞിട്ടല്ല. നല്ലതേ കൊടുക്കൂ എന്ന വാശി ഇന്നാര്‍ക്കുമില്ല. വായനക്കാര്‍ മാധ്യമങ്ങളെ തെറ്റുതിരുത്തുന്നതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ അവലോകനം ചെയ്യാന്‍ യാതൊരു സംവിധനാവുമില്ല എന്നത് ഇത്തരക്കാര്‍ക്ക് വളമാവുകയാണ്. നൈതിക പ്രശ്‌നമായി ഇതിനെ കാണേണ്ടതില്ലെങ്കിലും വായനക്കാരന്റെ പ്രതികരണം പ്രതീക്ഷിച്ചു തന്നെയാവണം ഓരോ വാര്‍ത്തയും പോസ്റ്റ് ചെയ്യുന്നതും വാര്‍ത്തകളെ പിന്തുടരാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതും.

ഈ മാസമാദ്യം തുടങ്ങിയ മലയാളി വിഷനും എന്‍ ആര്‍ ഐ മലയാളിയുമായുള്ള കൂടുകെട്ട് വാര്‍ത്തകള്‍ക്ക് സത്യത്തിന്റെുയും സഭ്യതയുടെയും പുതിയ മാനം നല്‍കി കഴിഞ്ഞു.കൂടുതല്‍ പുതുമകളോടെ പ്രവാസി മാധ്യമങ്ങളുടെ ഇടയില്‍ ശക്തമായ മുന്നേറ്റത്തിന് കളമൊരുക്കിക്കൊണ്ട് ഈ കൂട്ടുകെട്ട് അതിശക്തമായി തുടരാനാണ് ഞങ്ങളുടെ ശ്രമം. വിപണിമത്സരങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കി ഒരു പുത്തന്‍ മാദ്ധ്യമ സംസ്‌കാരത്തിന് തുടക്കമിടാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഞങ്ങളുടെ മുന്‍പോട്ടുള്ള യാത്ര. സത്യമല്ലാത്തത് നല്‍കുന്നതും, സത്യം നല്‍കാതിരിക്കുന്നതും പാപമാണെന്നു വിശ്വസിക്കുന്ന ഈ പുതിയ കൂട്ടുകെട്ട് യുറോപ്യന്‍ മലയാളികളുടെ ഇടയില്‍ ഒരു പുതിയ മാധ്യമ വസന്തം വിരിയിക്കാനുള്ള പുറപ്പാടിലാണ്. നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന വിപത്തുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സാമൂഹ്യബാധ്യതകള്‍ നിറവേറ്റുകതന്നെചെയ്യുമെന്ന ഉറച്ച ബോധ്യത്തോടെ മൂല്യബോധമുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഉത്തരവാദിത്വമുളളവരാകാന്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ അണിചേരാന്‍ ഓരോ വായനക്കാരനെയും ക്ഷണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.