1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2023

സ്വന്തം ലേഖകൻ: നഴ്‌സിംഗ് ക്ഷാമം പരിഹരിക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ സ്വന്തം പദ്ധതികളുമായി രംഗത്ത്. പുതിയ നഴ്‌സുമാര്‍ക്ക് 4500 പൗണ്ട് വരെ ബോണസും മാറിത്താമസിക്കാനായി 8000 പൗണ്ടും ഓഫറുണ്ട്. ഇതോടെ മലയാളികളടക്കമുള്ള വിദേശ നഴ്‌സുമാര്‍ക്ക് അവസരങ്ങളേറിയിരിക്കുകയാണ്. പുതിയ നീക്കത്തിന്റെ ഭാഗമായി ചെഷയര്‍ ആന്‍ഡ് വിരുള്‍ ട്രസ്റ്റ് തങ്ങളുടെ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ലേണിംഗ് ഡിസെബിലിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കൂടുതല്‍ നഴ്‌സുമാരെ കൊണ്ടു വരുന്നതിനായി 4500 പൗണ്ടിന്റെ ബോണസ്സാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

യുകെയുടെ നോര്‍ത്ത് വെസ്റ്റ് മേഖലയില്‍ 20 ലക്ഷത്തിലധികം രോഗികള്‍ക്ക് സര്‍വീസ് നല്‍കുന്ന ഈ ട്രസ്റ്റിന്റെ നീക്കം നിര്‍ണായകമായാണ് വിലയിരുത്തുന്നത്. 1500 പൗണ്ടിന്റെ തുല്യ ഇന്‍സ്റ്റാള്‍മെന്റുകളായി മൂന്ന് പ്രാവശ്യമായിരിക്കും 4500 പൗണ്ട് ബോണസ് നല്‍കുന്നത്. നഴ്‌സുമാര്‍ ഈ ട്രസ്റ്റില്‍ ജോലിക്കായി ജോയിന്റ് ചെയ്യുമ്പോള്‍ ആദ്യ ഇന്‍സ്റ്റാള്‍മെന്റും തുടര്‍ന്ന് 12 മാസങ്ങള്‍ക്കും രണ്ട് വര്‍ഷത്തിന് ശേഷവും ശേഷിക്കുന്ന ഇന്‍സ്റ്റാള്‍മെന്റുകള്‍ നല്‍കുന്നതായിരിക്കും.

എന്നാല്‍ ഈ ഓഫര്‍ മോഹിച്ച് ഈ ട്രസ്റ്റില്‍ ജോലിക്ക് കയറുന്ന നഴ്‌സുമാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ രാജി വച്ച് പോയാല്‍ ബോണസായി കൈപ്പറ്റിയ തുകയും പകുതി തുക നിര്‍ബന്ധമായും തിരിച്ച് നല്‍കേണ്ടിയും വരും. നഴ്‌സുമാരെ ആകര്‍ഷിക്കാനായി ഇതിന് പുറമെ 8000 പൗണ്ടിന്റെ റീലൊക്കേഷന്‍ അലവന്‍സും ചെഷയര്‍ ആന്‍ഡ് വിരുള്‍ ട്രസ്റ്റ് വാഗ്ദാനം ചെയ്യുന്നു. ഇത് പ്രകാരം 40 മൈല്‍ വരെ അകലെ താമസിക്കുന്ന നഴ്‌സുമാര്‍ക്ക് ട്രസ്റ്റിനടുത്തേക്ക് താമസം മാറുന്നതിന് 8000 പൗണ്ടിന്റെ സാമ്പത്തിക സഹായം നല്‍കുകയാണ് ചെയ്യുന്നത്.

പുതിയ നഴ്‌സുമാരെ ആകര്‍ഷിക്കുന്നതിനായി വെസ്റ്റ് ലണ്ടനിലെ എന്‍എച്ച്എസ് ട്രസ്റ്റ് ഗോള്‍ഡന്‍ ഹലോ പദ്ധതിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രകാരം ഇവിടെ ജോലിക്ക് ചേരുന്ന പുതിയ നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷം കൊണ്ട് 3000 പൗണ്ട് ബോണസാണ് ശമ്പളത്തിന് പുറമെ വാഗ്ദാനം ചെയ്തിട്ടുണ്ട്. മെന്റല്‍ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തന പരിചയമുള്ള നഴ്‌സുമാരെ ആകര്‍ഷിക്കുന്നതിനുള്ള സ്‌കീമാണ് ഗോള്‍ഡന്‍ ഹലോ.

ലീഡ്‌സ് ആന്‍ഡ് യോര്‍ക്ക്‌ഷെയര്‍ പാര്‍ട്ണര്‍ ഷിപ്പ് തങ്ങളുടെ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ലേണിംഗ് ഡിസെബിലിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നഴ്‌സുമാരെ ആകര്‍ഷിക്കുന്നതിനായി 1000 പൗണ്ട് ബോണസാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. സമീപത്തെ ഹംബര്‍ ടീച്ചിംഗ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് പുതിയ ബാന്‍ഡ് ഫൈവ് നഴ്‌സുമാര്‍ക്കായി 300 പൗണ്ട് ബോണസ് ഓഫര്‍ ചെയ്തിട്ടുണ്ട്.

ഇതിന് പുറമെ കേംബ്രിഡ്ജ്, എസെക്‌സ്, ഹേര്‍ട്ട്‌ഫോര്‍ഡ് ഷെയര്‍ എന്നിവിടങ്ങളിലെ എന്‍എച്ച്എസ് ട്രസ്റ്റുകളും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ ത്വരിതപ്പെടുത്താനായി ബോണസുകള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.സേവന വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് സര്‍ക്കാരും നഴ്‌സുംഗ് യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്‌സിംഗും തമ്മിലുള്ള തര്‍ക്കം പരിഹാരമാകാതെ നീളുമ്പോഴാണ് ഇത്തരത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ വര്‍ധിപ്പിക്കാനായി സ്വന്തം നിലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ വിവിധ ട്രസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.