1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2012

സമാധാനകാലത്തും സമരകാലത്തും സമൂഹത്തിന്‌ ഒരുപോലെ അനുപേക്ഷണീയമായ സേവനമാണ്‌ നഴ്സുമാരുടേത്‌. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വിവിധ മേഖലകളിലെ ഹൈടെക്‌ വിജയങ്ങള്‍ രോഗമോചനത്തിനിടയാകുന്നത്‌ നഴ്സുമാരുടെ സ്നേഹനിര്‍ഭരമായ, സ്വാര്‍ത്ഥ രഹിതമായ സേവനത്തിലൂടെ കരുതലിലൂടെ, പരിചരണത്തിലൂടെയാണ്‌ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയായി.

ഉപമയിലൂടെ ക്രിസ്തു ചുണ്ടിക്കാട്ടിയ നല്ല ശമരിയക്കാരന്റെ ദൗത്യം അക്ഷരാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കുന്ന ഇവര്‍ പക്ഷേ, അസംഘടിതരും നിരന്തരം നിരവധി ചൂഷണങ്ങള്‍ക്ക്‌ വിധേയരാകുന്നവരുമാണ്‌. രാപകലന്യേ സേവനത്തിന്റെ സൗമ്യ സാന്നിദ്ധ്യങ്ങളായി രോഗികളെ പ്രത്യാശയുടെ ശാദ്വലതീരങ്ങളിലേയ്ക്ക്‌ കൈപിടിച്ചെത്തിക്കുന്ന ഇവരില്‍ 99 ശതമാനവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ ദുരിതം പേറിയുഴറുന്നവരാണ്‌.

സമൂഹത്തിലെ മറ്റ്‌ സേവനമേഖലകളിലും പ്രവര്‍ത്തി മണ്ഡലങ്ങളിലും വ്യാപരിക്കുന്നവര്‍ക്ക്‌ സംഘടനാ സ്വാതന്ത്ര്യമുണ്ട്‌. അതിലൂടെ മികച്ച സേവനവേതന വ്യവസ്ഥകള്‍ നേടിയെടുക്കാന്‍ അവസരങ്ങളുമുണ്ട്‌. നിശ്ചിത സമയങ്ങളില്‍, നിലവിലുള്ള മൊത്ത വിലസൂചികയുടെയും അനുബന്ധ ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച്‌ മാന്യമായ വരുമാനം അവരെല്ലാം നേടിയെടുക്കുമ്പോഴും അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും ലോകത്തു ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ നഴ്സുമാര്‍.

അവരിലും സംഘടനാ ബോധവും അവകാശ ബോധവും ആനുകൂല്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാനുള്ള സന്നദ്ധതയും ഇപ്പോള്‍ ഉന്നിദ്രമാകുകയാണ്‌. ദശാബ്ദങ്ങളായി നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ക്കുവേണ്ടിയാണ്‌ കേരളത്തില്‍ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ ഇന്ന്‌ സമരം ചെയ്യുന്നത്‌. അതില്‍ പലതും ഇപ്പോള്‍ വിജയം കാണുകയും ചെയ്തു. എറണാകുളം ലേക്ക്‌ഷോര്‍, അമൃത, തൃശ്ശൂര്‍ മദര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്‌ തുടങ്ങി നിരവധി ആശുപത്രികള്‍ നേഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തപ്പോള്‍ ചില മാനേജ്മെന്റുകള്‍ ഇപ്പോഴും അവരുടെ ദുര്‍വാശിയില്‍ തന്നെയാണ്.

നമ്മള്‍ ശ്രദ്ധിക്കേണ്ട വസ്തുത അടിസ്ഥാന ജീവിത ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമുള്ള വേതന വ്യവസ്ഥയില്ലാതെയാണ്‌ നഴ്സുമാര്‍ സേവനമനുഷ്ഠിക്കുന്നത്‌. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്നതാണ്‌ ലോകത്തൊഴിലാളി വര്‍ഗ്ഗ മുദ്രാവാക്യം. മറ്റു മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും പൂര്‍ണമായി ഈ അവകാശത്തിന്റെ ഗുണഭോക്താക്കളായി സ്വാസ്ഥ്യം അനുഭവിക്കുമ്പോഴാണ്‌ ദിവസം 20 മണിക്കൂറോളം വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കാന്‍ നഴ്സുമാര്‍ നിര്‍ബന്ധിതരാകുന്നത്‌. ഇന്ന്‌ ഏറ്റവും കുറഞ്ഞ വേതനം പറ്റുന്ന തൊഴിലാളികളും ഇവര്‍ തന്നെയാണ്‌.

അതേസമയം തുടക്കത്തില്‍ ഇവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ സഹായിക്കാനും ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തയ്യാറായിട്ടില്ല സാക്ഷര കേരളത്തിന്‌, പ്രബുദ്ധ കേരളത്തിണ്‌ ഇതില്‍ പരം അപമാനം വേറെന്തുണ്ട്‌?! എന്നാല്‍ ഇപ്പോള്‍ നേഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നത് കണ്ടിട്ടാകണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുമായി രംഗത്ത് വരുന്നു. ഇതവരുടെ ഒരു ഇരട്ടത്താപ്പ്‌ നയത്തിന്റെ ഭാഗമാണോ എന്ന സംശയം ഉണ്ടാകുക സ്വാഭാവികം തന്നെ. എങ്കിലും വൈകിയെങ്കിലും ഇത്തരമൊരു പിന്തുണ ലഭിക്കുന്നുണ്ട് എന്നത് നല്ല കാര്യം. അതേസമയം തുടക്കം മുതല്‍ ജനങ്ങളുടെ പിന്തുണ നെഴ്സുമാര്‍ക്ക് ഉണ്ടായിരുന്നു. അതിപ്പോഴും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയുമാണ്.

കേരളത്തിലെ പ്രമുഖ മാനസിക രോഗാശുപത്രിയായ ഇടുക്കി ജില്ലയിലെ പൈങ്കുളം എസ് എച്ച് ആശുപത്രിയിലെ നേഴ്സുമാര്‍ സമരത്തില്‍ ഇറങ്ങുകയും ചെയ്തു. ഇന്ത്യയിലെ തന്നെ മുന്‍ നിരയിലുള്ള ഒരു മാനസിക രോഗാശുപത്രി ആണ് ഇത്. ഇന്ത്യയില്‍ ഉടനീളം ഉള്ള നേഴ്സിംഗ് സ്കൂളുകള്‍ക്ക് മാനസിക രോഗ വിഭാഗത്തില്‍ പരിശീലനം നല്‍കപ്പെടുന്ന ഒരു സ്ഥലം. അവിടെ ആകട്ടെ വെറും തുച്ചമായ അടിസ്ഥാന ശമ്പളം പറ്റി ദൈവത്തിന്റെ ഭൂമിയിലെ മാലാഖമാര്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒത്തിരിയായി. പരിശീലനം ലഭിക്കാത്ത ആളുകള്‍ക്ക് ഒരിക്കലും കൃത്യമായി കൈകാര്യം ചെയ്യുവാന്‍ പറ്റാത്ത ആളുകളാണ് മാനസിക രോഗികള്‍ എന്നറിയാവുന്ന അധികാരികളും ഇതിന്റെ നേരെ കണ്ണടയ്ക്കുകയാണ്.

ജീവന്‍ പോലും പണയം വെച്ച് നമ്മുടെ ഈ സുഹൃത്തുക്കള്‍ ഇവിടെ ജോലി ചെയ്യുന്നു. നിങ്ങള്‍ പറയൂ. മാന്യമായ വേതനം ഇവര്‍ അര്‍ഹിക്കുന്നില്ലേ???? സമരതിലായിട്ടും എല്ലാ വാര്‍ഡിലും ഓരോരുത്തര്‍ വീതം ജോലി ചെയ്യാന്‍ തയ്യാറായിരുന്നു. ഇവരെയും കഴിഞ്ഞ ദിവസം രാവിലെ അധികാരികള്‍ ആശുപത്രിയില്‍ നിന്നും ബലം പ്രയോഗിച്ചു ഇറക്കി വിട്ടു. ഇപ്പോള്‍ പരിശീലനത്തിനായി വന്നിരിക്കുന്നവരാണ് രോഗികളെ ശുശ്രൂഷിക്കുന്നത്‌. ഇത് എത്ര മാത്രം പ്രായോഗികമാവും എന്ന് നമുക്ക് തന്നെ അറിയാം. ഇതിനെതിരെ നമ്മള്‍ പ്രതികരിക്കണ്ടേ? പാര്‍ട്ടിയുടെ കൊടിയുടെ കളറോ ആളുടെ മതമോ നോക്കാതെ നമ്മള്‍ ഇതിനെതിരെ പോരാടണ്ടേ? നേഴ്സുമാരുടെ ന്യായമായ സമരം വിജയിപ്പിക്കുവാന്‍ നമ്മള്‍ ഒറ്റക്കെട്ടാകുക..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.