1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2021

സ്വന്തം ലേഖകൻ: ഗള്‍ഫില്‍ കോവിഡ് വാക്‌സിന്‍ ഡ്യൂട്ടിക്കെന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി ഫിറോസ് ഖാന്‍ പിടിയിലായി. കലൂരിലെ ‘ടെയ്ക് ഓഫ്’ റിക്രൂട്ടിങ് ഏജന്‍സിയുടമയായ ഫിറോസ് ഖാനെയും സഹായികളായ രണ്ട് പേരെയുമാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടിച്ചത്. കോഴിക്കോട് രഹസ്യ കേന്ദ്രത്തില്‍ നിന്നാണിവരെ പോലീസ് പിടിച്ചത്.

ഫിറോസിന്റെ തട്ടിപ്പിന് ഗള്‍ഫില്‍ കൂട്ടുനിന്ന എറണാകുളം സ്വദേശി സത്താറും ഒളിവില്‍ കഴിയാന്‍ സഹായിച്ച കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. ‘നഴ്സ് വിസ’ എന്ന വ്യാജേന വിസിറ്റിങ് വിസ നല്‍കി വഞ്ചിച്ചെന്നു കാട്ടി കൊല്ലം പത്തനാപുരം പട്ടാഴിയിലെ റീന രാജന്‍ നല്‍കിയ പരാതിയിലാണ് നടപടി. അഞ്ഞൂറില്‍ കൂടുതല്‍ നഴ്സുമാരെ വാക്‌സിന്‍ നല്‍കുന്ന ഡ്യൂട്ടിക്കെന്ന പേരില്‍ പണം വാങ്ങി, ദുബായിയില്‍ എത്തിക്കുകയായിരുന്നു. ഇവരെ മുറിയില്‍ അടച്ചിടുകയും മസാജ് സെന്റര്‍, ഹോം കെയര്‍ ജോലികള്‍ക്കായി പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒന്നരലക്ഷം രൂപ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍. സര്‍ക്കാര്‍ ജോലിയെന്ന് തെറ്റിദ്ധരിപ്പിച്ച് 2.5 ലക്ഷം രൂപ സര്‍വീസ് ചാര്‍ജായി ഓരോരുത്തരില്‍ നിന്നും വാങ്ങി. വിസിറ്റിങ് വിസയില്‍ ദുബായിലെത്തിച്ച ശേഷം, റിക്രൂട്ടിങ് ഏജന്‍സിക്കാര്‍ ഒഴിഞ്ഞുമാറി. കോവിഡ് വാക്സിന്‍ നല്‍കുന്ന ജോലിയില്‍ ഒഴിവില്ലെന്നു പറഞ്ഞാണ് ഇവരെ മറ്റു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചത്.

പണം നല്‍കിയ 500-ല്‍പ്പരം പേരെ ദുബായില്‍ ഇവര്‍ മുറിയില്‍ പൂട്ടിയിട്ടു. സുരക്ഷയില്ലാത്ത ഒരുമുറിയില്‍ 13 മുതല്‍ 15 പേര്‍ വരെയുണ്ടായിരുന്നു. ഇവര്‍ക്ക് കൃത്യമായി ഭക്ഷണം പോലും ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് നഴ്സുമാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഫിറോസ് ഖാന്‍ ഒളിവില്‍ പോയി. കരിപ്പൂര്‍ വിമാനത്താവളം വഴി ഡല്‍ഹിക്ക് കടക്കാനാണ് ഇയാള്‍ കോഴിക്കോട്ടെത്തിയത്. വിമാനയാത്രയ്ക്കായി ആര്‍.ടി.പി.സി.ആര്‍. പരിശോധനയടക്കം നടത്തിയിരുന്നു.

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് വഞ്ചിച്ചതിന് ഇയാള്‍ക്കെതിരേ നോര്‍ത്ത് പോലീസ് മുമ്പും കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സ്ഥാപനത്തിന്റെ പേര് മാറ്റി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു. അഞ്ഞൂറിലധികം നഴ്‌സുമാര്‍ തട്ടിപ്പിന് ഇരയായതായാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.