1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2012

കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ മിനിമം വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. നേഴ്സുമാര്‍ക്കെതിരെ തുറന്ന പോരിന് ഇറങ്ങിയിരിക്കുകയാണ് ഇതോടെ മാനേജ്മെന്റ്. സമരം ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും മാനേജ്മെന്റ് വാദിച്ചു. സേവന, വേതന പരിഷ്കരണം ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരം ഇതോടുകൂടി ശക്തിപ്പെടുമെന്ന് ഉറപ്പായി. സമരം നടത്തുന്ന നഴ്സുമാരുടെ സംഘടനയുമായി ഇന്നലെ മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സമരം തുടരാന്‍ നഴ്സുമാര്‍ തീരുമാനിക്കുകയും ചെയ്തു.

അതേസമയം ശമ്പള വര്‍ധന സംബന്ധിച്ച് വ്യാഴാഴ്ച ചേരാനിരുന്ന ലേക്‌ഷോര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ബോര്‍ഡ് യോഗം മാര്‍ച്ചിലേക്ക് മാറ്റി. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് തൊഴില്‍ വകുപ്പ് നിര്‍ദേശം നല്‍കണമെന്നും ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. തൊഴില്‍ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അടുത്ത മാസം നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യും. 16000 രൂപ വരെയാണ് സമരം ചെയ്യുന്ന നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്. ഇത് ആസ്​പത്രിക്ക് താങ്ങാന്‍ കഴിയുന്നതല്ല. നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതില്‍ ഉണ്ടാകുന്ന തീരുമാനം മറ്റു സ്വകാര്യ ആസ്​പത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

സമരം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നഴ്‌സുമാരെ നിയമിച്ച് ആസ്​പത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നും. 2010 മുതല്‍ മിനിമം വേതനം നല്‍കുന്ന ആസ്​പത്രിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണമാണ് എന്നും ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ വാദിച്ചു.വിദേശ രാജ്യങ്ങളില്‍ ജോലി നേടുന്നതിന്റെ ഭാഗമായി 18 ഓളം നഴ്‌സുമാര്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കേണ്ട ആവശ്യമില്ല. എന്നാലും മാനേജ്‌മെന്റ് മുന്‍കൈയെടുത്ത് യാത്ര ബത്ത ഉള്‍പ്പടെ 1000 മുതല്‍ 4000 രൂപ വരെ നല്‍കുന്നുണ്ടത്രേ!

സേവന വേതന വ്യവസ്ഥകള്‍ കൃത്യമായി നടപ്പാക്കുന്ന ആസ്​പത്രിയാണ് ലേക്‌ഷോര്‍ എന്ന് പറഞ്ഞ അദ്ദേഹം ശമ്പള വര്‍ധനയെ കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോഴാണ് നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത് എന്നും ഇനി എന്തായാലും നഴ്‌സുമാര്‍ സമരം പിന്‍ വലിച്ചാലും ഇല്ലെങ്കിലും അടുത്ത ചര്‍ച്ചയില്‍ മാത്രമേ ശമ്പള വര്‍ധന പരിഗണിക്കൂവെന്നും പറഞ്ഞു. നിയമപരമായല്ല നഴ്‌സുമാര്‍ സമരം നടത്തുന്നത്. ആസ്​പത്രയിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെയാണ് സമരം കൂടുതലായി ബാധിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും നെഴ്സുമാര്‍ക്കെതിരെ തുറന്ന പോരിന് ഇറങ്ങിയിരിക്കുകയാണ് ആശുപത്രി മാനേജ്മെന്റ് എന്ന് ഇതോടു കൂടി വ്യക്തമായിരിക്കുകയാണ്. നേഴ്സുമാര്‍ ആരുമല്ലെന്നും അവര്‍ അടിമകള്‍ മാത്രമാനെന്നുമുള്ള ധ്വനി ഡോ. ഫിലിപ്പ് അഗസ്റ്റിന്‍നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം മുഴച്ചു നിന്നിരുന്നു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് പകരം മാനേജ്മെന്റ് പക പോക്കലിനു ഇറങ്ങിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.