1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2011

ബിജു തോമസ്‌

ഏതൊരു സംഘടനയ്ക്കും സ്വന്തമായി ഒരു പ്രത്യയ ശാസ്ത്രം ഉണ്ടായിരിക്കും.ഈ പ്രത്യയ ശാസ്‌ത്രത്തെ എത്രമാത്രം മുറുകെ പിടിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും സംഘടനയുടെ വളര്‍ച്ചയുടെ ഗതിവിഗതികള്‍.ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഏതൊരു സംഘടനയുടെയും വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും പിന്നില്‍ അവരെടുത്ത നിലപാടുകളിലെ സ്ഥിരത മുഖ്യ ഘടകമായിരുന്നുവെന്ന് നമുക്ക് കണ്ടെത്താന്‍ സാധിക്കും.ഏതൊക്കെ സംഘടനകള്‍ അവരുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നും പുറകോട്ടു പോയിട്ടുണ്ടോ അവരൊക്കെ ഒടുവില്‍ പരാജയം രുചിച്ചിട്ടുണ്ട്‌.കാലാകാലങ്ങളില്‍ സംഘടനകളെ നയിക്കുന്നവര്‍ പ്രത്യയ ശാസ്ത്രങ്ങളെ നിര്‍വചിക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നതുകൊണ്ടായിരിക്കാം ഒരു പക്ഷെ ഇങ്ങിനെ സംഭവിക്കുന്നത്.

വ്യക്തികളുടെ പൊതുവായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുസമ്മതമായ പ്രത്യയ ശാസ്ത്രത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതിനും വേണ്ടിയാണ് സംഘടനകള്‍ രൂപീകരിക്കപ്പെടുന്നത്. മൂല്യങ്ങളില്‍ ഉറച്ചു നിന്നു കൊണ്ട് ചിട്ടയായ പ്രവര്‍ത്തനം കാഴ്ച വച്ചാല്‍ ഏതൊരു സംഘടനയും വളരും.അതോടൊപ്പം അറിയാതെ തന്നെ നേതാക്കളും വളരും.പക്ഷെ ഏതെങ്കിലും അവസരത്തില്‍ സംഘടനയുടെ താല്‍പ്പര്യങ്ങള്‍ ബലികൊടുക്കാന്‍ നേതൃത്വം തയ്യാറായാല്‍ സംഘടന തളരും.ഇങ്ങിനെ സംഭവിച്ചാല്‍ നേതാക്കളുടെ പ്രഭാവത്തിനുപരിയായി ഇടര്‍ച്ച സംഭവിക്കുന്നത് സംഘടനയുടെ യശസ്സിനായിരിക്കും.

യു കെയിലെ ചില സംഘടനകളില്‍ അടുത്ത കാലത്ത് ഉണ്ടായ നിലപാടുകളിലെ ഭ്രംശനം ചൂണ്ടിക്കാണിക്കുന്നതിനു വേണ്ടിയാണ് ഇത്രയും കാര്യം മുഖവുരയായി പറഞ്ഞത്.സമുദായത്തിന്‍റെ തനിമയും പാരമ്പര്യവും എന്നും മുറുകെ പിടിക്കുന്നവരാണ് ക്നാനായമക്കള്‍.യു കെയിലെ ക്നാനായ മക്കളെ സംബന്ധിച്ചിടത്തോളം ഈ തനിമ നിലനിര്‍ത്തുകയും വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുകയെന്നത് കാലഘട്ടത്തിന്‍റെ ആവശ്യവുമാണ്.ഈ വിശ്വാസപാരമ്പര്യത്തില്‍ മുറുകെ പിടിക്കുന്നതില്‍ വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറാവാത്തത് കൊണ്ടാണ് UKKCA ഇന്ന് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായി മാറിയിരിക്കുന്നത്.ഓരോ ക്നാനായക്കാരനും തികച്ചും അഭിമാനിക്കാവുന്ന വസ്തുതയാണിത്.

എന്നാല്‍ മറ്റു ചില സംഘടനകളെപ്പോലെ വളര്‍ച്ചയുടെ പടവുകളില്‍ മൂല്യങ്ങളെ മുറുകെ പിടിക്കുന്നതില്‍ വിട്ടു വീഴ്ച ചെയ്യാന്‍ UKKCA തയ്യാറാവുന്നു എന്ന നിലയിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത് സമുദായാംഗങ്ങളുടെ മനസുകളെ അലോസരപ്പെടുത്തുന്നു.സംഘടനയുടെ ആഭ്യന്തര കാര്യങ്ങളില്‍ സമുദായത്തില്‍ അംഗമല്ലാത്തവര്‍ ഇടപെടുന്നുവെന്നും ഇത്തരത്തില്‍ ചില മാധ്യമപ്രവര്‍ത്തകരുടെ പിണിയാളുകളായി നേതൃത്വത്തിലെ ചിലര്‍ പെരുമാറുന്നുവെന്നുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.സംഘടനയുടെ കഴിഞ്ഞ കുറെ കാലത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാല്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്നും നമുക്ക് മനസിലാക്കാം.മറ്റു വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സമുദായത്തിന്‍റെ/സംഘടനയുടെ പൊതുവായ നിലപാടുകളില്‍ അയവു വരുത്തുന്നത് ഓരോ ക്നാനായക്കാരനെയും അങ്ങേയറ്റം വേദനിപ്പിക്കുന്നു.

ഈ വര്‍ഷത്തെ UKKCA കണ്‍വന്‍ഷന് സ്പോണ്സര്‍ഷിപ്പ് നിശ്ചയിക്കുന്നതില്‍ കമ്മിറ്റി അംഗങ്ങള്‍ ഒത്തു കളിച്ചു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.കഴിഞ്ഞ വര്‍ഷം സ്വീകരിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇക്കൊല്ലം സ്പോണ്സര്‍ഷിപ്പ് നല്‍കിയിരിക്കുന്നതെന്നും ചില വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയിരിക്കുന്ന നടത്തിയ വെട്ടിനിരത്തലില്‍ സേവനങ്ങളെ താരതമ്യം ചെയ്യാനുള്ള അംഗങ്ങളുടെ അവകാശം ഹനിക്കപ്പെട്ടുവേന്നുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.തികച്ചും ഗുരുതരമായ ഈ ആരോപണം സംഘടനയുടെ യശസ്സിന് കളങ്കം വരുത്തിയിരിക്കുകയാണ്.കുറച്ചുകൂടി വിവേകപൂര്‍വ്വം UKKCA നേതൃത്വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള ഒരു ആരോപണം ഒഴിവാക്കാമായിരുന്നു.

മുന്‍പ് വിവരിച്ചതു പോലെ യു കെയിലെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ UKKCA-യുടെ വളര്‍ച്ച പലരുടെയും ഉറക്കം കെടുത്തുന്നുണ്ടെന്നത് തീര്‍ച്ച.അറിഞ്ഞോ അറിയാതെയോ UKKCA നേതൃത്വം എടുത്ത നിലപാടുകളിലൂടെ ഇത്തരം വിമര്‍ശകര്‍ക്ക് സംഘടനയെ പഴിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്.ഇനിയെങ്കിലും സംഘടനയെടുക്കുന്ന നിലപാടുകളില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാതിരിക്കാന്‍ നേതൃത്വം തയ്യാറാവണം.പരസ്യക്കാരുടെ താല്പ്പര്യങ്ങല്‍ക്കുപരി സംരക്ഷിക്കപ്പെടെണ്ടത് സമുദായാംഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ ആയിരിക്കണം.

പരസ്യക്കാര്‍ അവര്‍ ആരായിരുന്നാലും പണം തരുന്നത് സമുദായത്തെ പോഷിപ്പിക്കാനല്ല മറിച്ച് അവരുടെ കച്ചവടം മെച്ചപ്പെടുത്താനാണ് എന്ന ബാലപാഠം നമുക്ക് മറക്കാതിരിക്കാം.അതു കൊണ്ടു തന്നെ ബിസിനസുകാര്‍ക്കിടയിലെ മല്‍സരം അംഗങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ മുതലെടുക്കുകയാണ് ചെയ്യേണ്ടത്.അങ്ങിനെ ചെയ്‌താല്‍ പല ബിസിനസുകാരുടെ സേവനം പ്രയോജനപ്പെടുത്തുവാനും അംഗങ്ങള്‍ക്ക് അവയെ താരതമ്യം ചെയ്യാനുള്ള അവസരം ഒരുക്കുവാനും കഴിയും.ഇനി ഇതിനൊന്നും കഴിയുന്നില്ലെങ്കില്‍ ഒരു പരസ്യക്കാരനെയും കൂടാതെ അത്യന്തം ഭംഗിയായി മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കഴിവുള്ള സംഘടനയാണ് UKKCA എന്ന സത്യം മറ്റുള്ളവരെ കാണിച്ചുകൊടുക്കാന്‍ നമുക്ക് കഴിയണം.സമുദായ താല്‍പ്പര്യങ്ങള്‍ ബലി കഴിച്ചുകൊണ്ടുള്ള സ്വീകരിക്കുന്ന സ്പോണ്‍സര്‍ഷിപ്പുകളെക്കാള്‍ ഭേദം അതായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.