1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2011

അങ്ങനെ ജയിലിലെ സുഖവാസം മതിയാക്കി പിള്ള ഇന്ന് മടങ്ങി. ഇടമലയാര്‍ അഴി-മതിയെന്ന കേസില്‍ ‘മോനേ, പിള്ളേ നീ നമ്മുടെ പിള്ളേരുടെ കൂടെ ഒരു വര്‍ഷക്കാലം ആ ജയിലില്‍ ജീവിക്കൂ; എന്ന് ബഹുമാന്യപ്പെട്ട സുപ്രീം..കോടതിയാണ് പിള്ളയോട് ആവശ്യപ്പെട്ടത്, എന്നാല്‍ പിന്നെ അങ്ങനെയാകട്ടെയെന്നായി പിള്ളയുടെ കൂട്ടുകാര്‍, ഒടുവില്‍ പിള്ളയും വഴങ്ങി. ഹോ, എന്നാ പറയാനാ 2011 ഫെബ്രുവരി 18 നു ജയിലില്‍ പോയപ്പോള്‍ മുതല്‍ തുടങ്ങിയില്ലേ എന്ത് പറയാ അതുതന്നെ, ഒരു അസ്വസ്ഥത. നമ്മുടെ സ്വന്തം പുള്ളിയല്ലേ പിള്ള എന്നൊക്കെ വിചാരിച്ചു നമ്മുടെ സര്‍ക്കാര്‍ അങ്ങനെ സാധാരണ സ്വാതന്ത്ര്യദിനത്തിന് തടവുകാര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം കുറച്ചു നേരത്തെയാക്കി അങ്ങനെ കേരളപ്പിറവി ദിനത്തില്‍, അങ്ങനെ പിള്ളയ്ക്ക് പുതുപിറവിയുമായി.

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്ന് പറയുന്നത് എത്ര ശരിയാണെന്ന് നോക്കിയേ, പിള്ള വന്നു; ചരിത്രത്തിലാദ്യമായി കേരളപ്പിറവിദിനത്തില്‍ തടവുകാര്‍ക്ക് ശിക്ഷ ഇളവ് ലഭിക്കുകയും ചെയ്തു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുറിന്റെ ഉത്തരവ് ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഇന്ന് പുറപ്പെടുവിക്കുകയും ചെയ്യും, അല്ല അകത്തു പോയത് ഒറ്റയ്ക്കല്ലല്ലോ എന്നാല്‍ പിന്നെ പുറത്തു പോകുന്നതും ഒറ്റയ്ക്കാക്കണ്ട എന്നും നമ്മുടെ സര്‍ക്കാറങ്ങ് തീരുമാനിച്ചു, അങ്ങനെ പിള്ളയുടെ കൂട്ടാളി കരാറുകാരന്‍ പി കെ സജീവിനും ജയിലിലെ സുഖവാസം മതിയാക്കാം. എന്നാലുമെന്റെ സര്‍ക്കാരെ അഴി-മതി എന്ന് സുപ്രീംകോടതി പറഞ്ഞ കേസില്‍ ആരെയും ഇങ്ങനെ വെറുതെ വിടുന്നത് എവിടത്തെ ന്യായമാണ്?

ദേ കിടക്കുന്നു ന്യായം, നമ്മുടെ പിള്ള ജയിലില്‍ ജോലി ചെയ്‌തതിന്റെ കൂലി വാങ്ങിയിട്ടില്ലത്രേ! അല്ല സര്‍ക്കാരേ, പിള്ള അതിനു ജയിലില്‍ കഴിഞ്ഞിട്ടുണ്ടോ? അങ്ങേരുടെ ജയില്‍ ആശുപത്രി ആല്ലായിരുന്നൊ? ജയിലില്‍ കഴിയവേ ചികിത്സാര്‍ഥം കിംസ്‌ ആശുപത്രിയിലേക്കു മാറ്റപ്പെട്ട പിള്ളയ്ക്ക് നിങ്ങളിപ്പോള്‍ പെട്ടെന്ന് ശിക്ഷയ്ക്ക് ഇളവ് നല്‍കിയാല്‍ അങ്ങേരുടെ അസുഖം ഉടനെ മാറുമെന്നു നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും അറിയാം കേട്ടോ. ഇനി മറ്റൊരു കാര്യം ആശുപത്രിയില്‍ കഴിയവേ പിള്ള ഫോണ്‍ ദുരുപയോഗം ചെയ്തുവെന്ന് ഉമ്മച്ചന്‍ തന്നെയല്ലയോ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നത്, അല്ല ഉമ്മച്ചാ, ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരൊക്കെയോ പറയുന്നുണ്ട്, എന്താ അങ്ങനെയല്ലെ? ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കഠിനതടവും പിഴയും ശിക്ഷിക്കപ്പെട്ട പിള്ള ഇപ്പോള്‍ നഗരത്തിലെ നക്ഷത്ര ആശുപത്രിയില്‍ സുഖ തടവിലാണ്. തടവാന്‍ സര്‍ക്കാര്‍ ഉള്ളപ്പോള്‍ പിള്ളയ്ക്കെന്തു തടവ്!

യുഡിഎഫ് ഭരണത്തില്‍ വന്നു കേറിയില്ല ദേ പിള്ള പരോളില്‍! സത്യം പറയാലോ ഇതുവരെ 69 ദിവസംമാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോളില്‍ കഴിഞ്ഞ പിള്ള ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചു മുതല്‍ കിംസ് ആശുപത്രിയിലാണ്. ആശുപത്രിയില്‍ സുഖവാസം അനുഷ്ഠിക്കുന്ന പിള്ളയെ വിട്ടയക്കാന്‍ കേരളപ്പിറവി ദിനം. എന്നാലും എന്റെ പിള്ളേ, ഡിസംബര്‍ 23 വരെ ക്ഷമിചിരുന്നേല്‍ മാന്യമായി പുറത്തിറങ്ങി കൂടായിരുന്നോ? എന്തായാലും പിളളയ്‌ക്ക് കിട്ടിയ 60 ദിവസത്തെ ഇളവ് എന്തോ ഞങ്ങള്‍ വിഡ്ഢികളായ ജനങ്ങള്‍ക്ക്‌ അങ്ങോട്ട്‌ ദഹിക്കുന്നില്ല.

എന്തായാലും ഏതൊക്കെയോ ജയില്‍ച്ചട്ടങ്ങള്‍ കാറ്റില്‍പ്പറക്കുന്നത് ഞങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ട്. ഇതേ പിള്ള തന്നെയല്ലേ ജയില്‍ച്ചട്ടം ലംഘിച്ചതിന് രണ്ട് തവണ ജയില്‍ എഡിജിപിയുടെ ശാസന ഏറ്റുവാങ്ങിയതു? പിള്ളയ്ക്ക് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഇതേ സര്‍ക്കാര്‍ തന്നെയല്ലേ നാല് ദിവസം കൂടുതല്‍ ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തത്? പിള്ളയുടെ, കാമാഭ്രാന്തന്മാരെ കണ്ടെത്താന്‍ മിടുക്കനായ മകന്‍ കൂടി പങ്കെടുത്ത മന്ത്രിസഭാ യോഗമാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത് എന്നതിനാല്‍ കൊണ്ഗ്രസിന്റെ കുടുംബ സ്നേഹം ഒരിക്കല്‍ കൂടി വെളിച്ചത് വരികയാണ് ഈനു വിശ്വസിക്കാതെ വഴിയില്ല (മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ?).

ഭരണഘടനയുടെ 161-ാം അനുച്ഛേദം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിള്ളയുള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ഇളവ് നല്‍കുന്നത് എന്നോ മറ്റോ സര്‍ക്കാര്‍ പറഞ്ഞെന്നു തോന്നുന്നു. ക്വട്ടേഷന്‍ കൊലപാതകം നടത്തിയവര്‍ , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ , ലഹരിമരുന്ന് കടത്തുകാര്‍ , തീവ്രവാദികള്‍ , രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചവര്‍ തുടങ്ങിയ പട്ടികയില്‍പ്പെട്ടവര്‍ ഒരു തരത്തിലുള്ള ഇളവിനും അര്‍ഹരല്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടാകും എന്താ സര്‍ക്കാരേ അഴിമതി ഈ കുറ്റങ്ങളുടെ ഏഴയലത്ത് വരില്ലേ?

അഴിമതിയിലൂടെ പൊതുസ്വത്ത് അപഹരിച്ചവര്‍ രാജ്യത്തിന് എതിരായ കുറ്റകൃത്യം ചെയ്തവരുടെ ഗണത്തില്‍ വരുമെന്ന് സുപ്രീംകോടതി പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ? ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി 234/2011 എന്ന നമ്പരില്‍ പുറത്തിറക്കിയ ഉത്തരവില്‍ ഒക്ടോബര്‍ 24 ആണ് തീയതി രേഖപ്പെടുത്തിയിട്ടുള്ളത്. അതിനുമുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചതായി രേഖയുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ , തിങ്കളാഴ്ച രാവിലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഇതെങ്ങനെ സംഭവിച്ചു എന്നെങ്കിലും അറിഞ്ഞാല്‍ കൊള്ളാം. ജേക്കബിന്റെ മരണത്തിലൂടെ നൂല്‍പ്പാലത്തിലായ സര്‍ക്കാരേ നിങ്ങള്‍ ജനങ്ങളെ വെറും പിള്ളേരായി കാണല്ലേ, പിള്ളേരുടെ കളി നിങ്ങള്‍ കാണാന്‍ പോകുന്നേയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.