1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2018

സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി; ഇന്ത്യക്ക് അധികമായി എണ്ണ നല്‍കാമെന്ന് സൗദിയുടെ വാഗ്ദാനം. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക, ഊര്‍ജ വികസന വിഷയങ്ങളില്‍ രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി സഖ്യത്തെ കുറിച്ചാണ് ഇരു ഭരണാധികാരികളും ചര്‍ച്ച നടത്തിയത്.

സാങ്കേതിക വിദ്യ, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിലെ അധിക നിക്ഷേപ സമാഹരണത്തെ കുറിച്ചും ചര്‍ച്ച നടത്തി. മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദുമായി സാമ്പത്തിക സാംസ്‌കാരിക ഊര്‍ജ കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

നരേന്ദ്രമോദി പിന്നീട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേഴ്‌സുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മാസത്തിനിടെ ഗട്ടേഴ്‌സുമായി മോദി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്ക ഇരു നേതാക്കളും പങ്കുവെച്ചതായി ഔദ്യോഗിക വൃത്തം അറിയിച്ചു.

ആവശ്യമുള്ള ഘട്ടങ്ങളില്‍ ഇന്ത്യക്ക് വേണ്ട പെട്രോളിയം ഉത്പന്നങ്ങള്‍ നല്‍കാമെന്ന് സൗദി അറേബ്യ. ജി.20 ഉച്ചകോടിക്കിടെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ബ്യൂണസ് ഐറിസില്‍ സല്‍മാന്‍ രാജകുമാരന്റെ താമസ സ്ഥലത്തായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

ജി 20 ഉച്ചകോടിക്കിടെ മോദിയും യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും. ട്രംപും ആബെയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായുള്ള ത്രിരാഷ്ട്ര ചര്‍ച്ചയായിരിക്കും നടക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.