1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2012

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെ എന്ന അവസ്ഥയാണ് എല്ലാ തവണയും റെയില്‍വേ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴും കേരളത്തിന്‌ ഉണ്ടാകാറുള്ളത്. എന്നാല്‍ ഇക്കുറി 2012 ലെ റെയ്ല്‍വേ ബജറ്റ് രാജ്യമൊട്ടാകെ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. യാത്രാനിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ടാണ് പ്രധാന പ്രതിഷേധം. എട്ടുവര്‍ഷത്തിനിടെ ആദ്യമായാണ്, നിരക്കുവര്‍ധന എന്ന കടുംകൈ ചെയ്യാന്‍ ഒരു റെയ്ല്‍ മന്ത്രി ധൈര്യപ്പെടുന്നത്.

ദൈവം നേരിട്ടു വന്നു പറഞ്ഞാലും വര്‍ധന പിന്‍വലിക്കില്ല എന്നു ടിപ്പണിയുമുണ്ട് മന്ത്രി വക. ബംഗാള്‍ മുഖ്യമന്ത്രി പദമേല്‍ക്കാന്‍ വേണ്ടി മമത ബാനര്‍ജി വച്ചൊഴിഞ്ഞ റെയ്ല്‍വേ മന്ത്രിസ്ഥാനത്ത്, അവര്‍ക്ക് പകരം വന്നയാളാണ് ത്രിവേദി. ദീദിയുടെ ദാനമാണ് ദിനേശിന്‍റെ മന്ത്രിസ്ഥാനം. അതായത് ദീദി എന്ന ദൈവം കൊടുത്തവരം. ദൈവം പറഞ്ഞാലും നിരക്ക് വര്‍ധന തീരുമാനം പിന്‍വലിക്കില്ല എന്നു ദിനേശ്. പിന്‍വലിച്ചില്ലെങ്കില്‍ ദിനേശിനെ വലിച്ചു മന്ത്രിസഭയ്ക്കു പുറത്തെറിയും എന്നു ദീദിയുടെ അന്ത്യശാസനം അങ്ങനെ ഒടുവില്‍ ദിനേശ്‌ പുറത്ത്‌. യുപിഎ ഭരണം, ഒരിക്കല്‍കൂടി പ്രതിസന്ധിയുടെ കാര്‍മേഘക്കുടക്കീഴില്‍.

കൂട്ടത്തില്‍ കേന്ദ്ര റെയ്ല്‍വേ മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ച ബജറ്റ് രാജ്യത്തിനു മുന്നില്‍ വലിയ സ്വപ്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. എല്ലാ ബജറ്റുകളിലുമെന്നതുപോലെ ഒരിക്കലും നടപ്പാക്കാത്ത വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഇക്കുറിയും സമൃദ്ധം. ഇന്ത്യന്‍ റെയ്ല്‍വേ കണ്ട് ലോകം അസൂയപ്പെടും എന്ന നിലയ്ക്കുള്ള പദ്ധതികള്‍ പലതുമുണ്ട് കടലാസില്‍. ആധുനികീകരണം, സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തല്‍, റെയ്ല്‍ പാളങ്ങളില്‍ സ്വര്‍ഗം പണിയല്‍ എന്നിങ്ങനെ പലതിനും വന്‍ തുകകള്‍ വക കൊള്ളിച്ചിരിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കികളയും എന്നു തുടങ്ങി പതിവു ഫലിതങ്ങള്‍ പലതും ഇക്കുറിയും ബജറ്റിലുണ്ട്.

എന്നാല്‍ ഈ പൊന്നുരുക്കുന്നിടത്ത് കേരളമെന്ന പാവം പൂച്ചയ്ക്ക് പ്രത്യേകിച്ചു കാര്യമൊന്നുമില്ല. ബജറ്റ് പ്രഖ്യാപനത്തില്‍ കണ്ണുനട്ടു കാത്തിരുന്നതു വെറുതെയായി. എടുത്തു പറയാവുന്ന നേട്ടങ്ങളില്ല. കേന്ദ്ര റെയ്ല്‍ മന്ത്രാലയത്തില്‍ ഇത്തവണ മുന്‍കൂറായി തന്നെ വേണ്ടുന്ന സമ്മര്‍ദമൊക്കെ ചെലുത്തിയിരുന്നു നമ്മുടെ മുഖ്യമന്ത്രിയും, മറ്റുമന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദരും. കേരളം വഴിയാംവണ്ണം യഥാസമയം ആവശ്യങ്ങളുണര്‍ത്തിയില്ല എന്നും വേണ്ടപ്പെട്ടവരെ വേണ്ടുംവിധം മുഖം കാണിച്ചില്ല എന്നുമത്രെ മുന്‍കാലങ്ങളില്‍ അവഗണനയ്ക്ക് വിശദീകരണം. ഇക്കുറി അങ്ങനെയൊരു വീഴ്ച്ച സംഭവിച്ചിട്ടില്ല കേരളത്തിന്. കാലേകൂട്ടിത്തന്നെ ആവശ്യങ്ങളുടെ പട്ടിക തയാറാക്കി. കേന്ദ്ര റെയ്ല്‍വേ മന്ത്രിക്കും കേരളത്തിന്‍റെ മുഖ്യമന്ത്രിയും ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തി. അപേക്ഷ കയ്യോടെ കൊടുത്തു. കേരളം കൊടുത്ത അപേക്ഷ കൈനീട്ടി വാങ്ങിയ ത്രിവേദി എല്ലാം ശരിയാക്കാം എന്നും വാഗ്ദാനവും ചെയ്തു.

കേരളത്തിന്‍റെ അപേക്ഷ പക്ഷേ, റെയ്ല്‍വേ മന്ത്രാലയത്തില്‍ നിന്ന് ആക്രികച്ചവടക്കാര്‍ക്കു തൂക്കിവിറ്റു എന്നേ കരുതേണ്ടതുള്ളൂ. അത്രവലിയ അവഗണനയും ആക്ഷേപവുമാണ്, റെയ്ല്‍ ബജറ്റ് 2012 ല്‍ കേരളത്തിന്‍റെ വിഹിതം. മുന്‍ ബജറ്റുകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള ചിലതെല്ലാം ആവര്‍ത്തിച്ചിരിക്കുന്നു എന്നതൊഴിച്ചാല്‍, പുതിയ പദ്ധതികള്‍ കേരളത്തിനില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തലയില്‍ മുന്‍പ് അനുവദിച്ച വാഗണ്‍ ഫാക്റ്ററി എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ അവ്യക്തത അനിശ്ചിതത്വം.

മുന്‍ ബജറ്റില്‍ അനുവദിച്ച മെമു ട്രെയ്ന്‍ നമ്മുടെ പാളത്തില്‍ ഓടിയതേയില്ല. ഇത്തവണ ഒന്നിനു പകരം രണ്ടെണ്ണമാണു വാഗ്ദാനം. നടന്നാല്‍ അതു മഹാത്ഭുതമാകും എന്നും ചിന്തിപ്പിക്കുന്നു മുന്‍കാല അനുഭവം. രണ്ടു പുതിയ ദീര്‍ഘദൂര സര്‍വീസുകള്‍. അതിലൊന്നു പ്രതിവാരം. കോട്ടയം, നേമം എന്നിവിടങ്ങളില്‍ ടെര്‍മിനലുകള്‍ അനുവദിക്കുമെന്ന മുന്‍ പ്രഖ്യാപനം കൂടുതല്‍ അവ്യക്തതകളോടെ ആവര്‍ത്തിച്ചിട്ടുണ്ട് ബജറ്റില്‍. പിന്നെ എന്തൊക്കെ എന്നു ചോദിച്ചാല്‍, തമിഴ്നാടിനും കര്‍ണാടകയ്ക്കുമെല്ലാം വിളമ്പിയതിന്‍റെ മിച്ചം ചട്ടിയില്‍ അവശേഷിപ്പിച്ച പൊട്ടും തരിയും കറിവേപ്പിലയുമെല്ലാം കേരളത്തിന്. ആര്‍ക്കും വേണ്ടാത്തതും ആരൊക്കെയോ ഉപേക്ഷിച്ചതുമെല്ലാം ചേര്‍ത്ത് എച്ചിലും എലുമ്പും. കേരളത്തിനു റെയ്ല്‍വേ വിഹിതം ഇത്രയൊക്കെ തന്നെ ഇക്കുറി.

മുന്‍കാലങ്ങളില്‍ കുമ്പിളിലായിരുന്നു കഞ്ഞി. ഇത്തവണ കുമ്പിളിലല്ല, വെറും നിലത്ത് കേരളത്തിന് വിളമ്പി എന്നതാണ് റെയ്ല്‍ ബജറ്റിലെ വ്യത്യാസം. സത്യം പറഞ്ഞാല്‍ ദിനേശ് ത്രിവേദിയോടു കടപ്പെട്ടിരിക്കുന്നു കേരളം. മുന്‍കാല മന്ത്രിമാര്‍ അതു തരും, ഇതു തരും എന്നൊക്കെ പറഞ്ഞ് ആകാശംമുട്ടെ മോഹിപ്പിച്ചിട്ടുണ്ട് കേരളമെന്ന ദരിദ്ര സംസ്ഥാനത്തെ. ദിനേശ് ത്രിവേദി അങ്ങനെയൊരു നെറികേടു കാണിച്ചില്ല. എന്തെങ്കിലും തന്നുകളയും എന്നു പറഞ്ഞു കളിയാക്കിയില്ല. ഒന്നും തരാനില്ല, അഥവാ തരില്ല എന്നു വെട്ടിത്തുറന്നു തന്നെ പറയാനുള്ള അന്തസുകാട്ടി. അതിനാണു കടപ്പാടും സ്തുതിയും. കേരളം നീട്ടിയത് പിച്ചച്ചട്ടിയാണ്. എന്തെങ്കിലും തരണേ എന്നായിരുന്നു പ്രാര്‍ഥന. ഭിക്ഷാ പാത്രത്തില്‍ ആരും ലക്ഷവും കോടിയും പൊലിക്കാറില്ല. ഒരു ചായയ്ക്കുള്ള കാശ്. ഏറിയാല്‍ ഒരൂണിനു വഹ.

പിച്ചയ്ക്കു കൈനീട്ടുന്നവന് എത്ര കൊടുക്കണം എന്നു കൃത്യമായും തീര്‍ച്ചയുണ്ട് ബംഗാളി ബാബുവിന്. ഇത്രയുമെങ്കിലുമൊക്കെ കിട്ടിയല്ലോ എന്നുവേണം സമാധാനിക്കാന്‍. ഒരു ചുക്കുമില്ല തരാന്‍; ഇറങ്ങിപ്പോടാ എന്ന് മുഖമടച്ചാട്ടിയാലും സഹിക്കണം. പട്ടിയെത്തുടലഴിച്ചുവിട്ടാല്‍ ഗേറ്റിനു പുറത്ത് “അമ്മാ’ എന്നു നീട്ടി വിളിച്ചു നില്‍ക്കണം. അതാണ് കേരളത്തിന്‍റെ രാഷ്ട്രീയ വിധി. ഡല്‍ഹിയിലിരുന്നു പാര്‍ട്ടിയും രാജ്യവും ഭരിക്കുന്നവരുടെ കല്‍പ്പനകള്‍ അനുസരിക്കുക എന്ന അച്ചടക്ക സംവിധാനത്തിന്‍റെ കസേരച്ചുവട്ടിലെ തുടലിന്‍റെ അറ്റത്താണ് നമ്മുടെ കഴുത്ത്. കുരയ്ക്കാന്‍ അനുവാദമുണ്ടെങ്കിലേ അതു പാടുള്ളൂ. ഹൈക്കമാന്‍ഡും പാര്‍ട്ടി വിപ്പുമൊക്കെ അനുസരിച്ച് അടങ്ങിയൊതുങ്ങി നിന്നാല്‍ ഇത്രയെങ്കിലും കിട്ടും.

അതുതന്നെ കേരളത്തിന്‍റെ തലവിധി. പ്രാദേശിക പാര്‍ട്ടികള്‍ നട്ടെല്ലുനിവര്‍ത്തി നില്‍ക്കുന്ന ഫെഡറലിസത്തില്‍ ലാലുവും വേലുവും മമതയും കരുണാനിധിയുമൊക്കെയാണു ബലവാന്‍മാര്‍. അവര്‍ക്കാണു കയ്യൂക്ക്. അവരാണ് കാര്യക്കാര്‍. ദേശീയ കക്ഷിയുടെ അടുക്കളപ്പുറത്തെ വിടുപണിക്കാര്‍ക്ക് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കാനോ മോഹിക്കാനോ ചോദിക്കാനോ അവസ്ഥയില്ല. വിദേശാധിപത്യവും അടിമത്തവുമൊക്കെ കടല്‍കടന്ന് വര്‍ഷം പത്തറുപതു കഴിഞ്ഞു എന്നൊക്കെപ്പറഞ്ഞു മേനി നടക്കാം. കാര്യം വരുമ്പോള്‍ പക്ഷേ, കേരളത്തിനു സ്ഥാനം ആരുടെയൊക്കെയോ കാല്‍ച്ചുവട്ടില്‍ തന്നെ. ആ ഗതികേടിന്‍റെ ഏറ്റവും പുതിയ സാക്ഷ്യപത്രം റെയ്ല്‍വേ ബജറ്റ് 2012.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.