1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

മലയാളത്തില്‍ റിയാല്‍റ്റി ഷോ ഒരു തരംഗമാക്കിയത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ചാനലാണ് എഷ്യാനെറ്റ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോ തങ്ങളുടെ സ്വീകരണ മുറികളില്‍ എത്തിയപ്പോള്‍ അതിന്റെ പുതുമ കൊണ്ട് മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തുടര്‍ന്നു അവിടിന്നിങ്ങോട്ട് റിയാല്‍റ്റി ഷോകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. ഇതിനിടയില്‍ ഈ കുത്തൊഴുക്കില്‍ ഒലിച്ചു പോകാതിരിക്കാന്‍ അവയില്‍ പലതും മെഗാസീരിയലുകള്‍ പോലെ നീണ്ടു, സീരിയലുകളില്‍ കാണുന്ന കണ്ണീരും കിനാവും തന്നെ റിയാല്‍റ്റി ഷോകളിലും കണ്ടു തുടങ്ങി. പ്രേക്ഷകരുടെ സഹതാപം പിടിച്ചു പറ്റാന്‍ ഉതകുന്ന ചിലരെയൊക്കെ മത്സരാര്‍ഥികള്‍ ആക്കി, അങ്ങനെ അത്തരക്കാരെ തുടക്കത്തില്‍ യാതൊരു തെറ്റും കുറവും ഇല്ലെന്ന മട്ടില്‍ വിധി എഴുതുകയും എന്നാല്‍ ഒടുവില്‍ ഇല്ലാത്ത കുറവുകളുടെ പേരില്‍ പുറത്താക്കുകയും ചെയ്തു.

പ്രതിഭയുള്ളവരെ ആസ്വദിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന മലയാളികളുടെ മനസ്സിനെ ഇത്തരം റിയാല്‍റ്റി ഷോകള്‍ പറ്റിച്ച് കാശുണ്ടാക്കാന്‍ തുടങ്ങി. എസ്എംഎസ് എന്നത് റിയാലിറ്റി ഷോയുടെ മാനദന്ധമാകുമ്പോള്‍ പലപ്പോഴും കാശ് മുടക്കി എസ്എംഎസ് അയക്കുന്ന പ്രേക്ഷകര്‍ മണ്ടന്മാര്‍ ആകുകയും ചെയ്തു. ആറാം സീസണിലും സംഗതികള്‍ വിഭിന്നമല്ല. ഓട്ടിസം എന്ന രോഗബാധിതനായ സുകേഷ് കുട്ടന്‍ എന്ന ഗായകനാണ് ഇത്തവണ ഏഷ്യാനെറ്റിന്റെ നാടകത്തിലെ നായകനാകുന്നത്. രോഗ ബാധിതനെങ്കിലും, വളരെയധികം കഴിവുള്ള ഒരു ഗായകനാണ് സുകേഷ് കുട്ടന്‍. വളരെ സങ്കീര്‍ണമായ ഗാനങ്ങള്‍ പോലും അസാധ്യമായും മനോഹരമായും സുകേഷ് കുട്ടന്‍ പാടുന്നത് സ്റ്റാര്‍ സിംഗറില്‍ പ്രേക്ഷകര്‍ നിരവധി തവണ കണ്ടതാണ്.

ഇനി സുകേഷ് കുട്ടനെ നായകനാക്കി എഷ്യാനെറ്റ് ഒരുക്കിയ നാടകം എന്തെന്ന് പറയാം, തമിഴ് തണ്ടര്‍ റൌണ്ടില്‍ പാടുവാന്‍ സുകേഷ് കുട്ടന്‍ എത്തിയില്ല. അദ്ദേഹത്തിന്റെ അസുഖം മൂലം അദ്ദേഹം പാടാന്‍ റെഡി ആയില്ലത്രേ. ഒരു റൌണ്ടില്‍ പാടുവാന്‍ ഒരു ഗായകനോ ഗായികയോ എത്തിയില്ലെങ്കില്‍ മത്സരത്തിന്റെ നിയാമാവലി പ്രകാരം അയാള്‍ മത്സരത്തില്‍ നിന്നും പുറത്താകും എന്ന് അവതാരികയായ രഞ്ജിനി ഹരിദാസ് അറിയിക്കുന്നു. തുടര്‍ന്നു പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിമിഷങ്ങള്‍.

അങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അരങ്ങേറുന്ന കപട ചര്‍ച്ചകള്‍ക്കൊടുവില്‍, സുകേഷ് കുട്ടന്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ കൂടെ വേണം എന്ന് ജഡ്ജസ് തീരുമാനിക്കുന്നു. അതിനായി പ്രേക്ഷകര്‍ അയക്കുന്ന എസ്എംഎസ് തന്നെ ശരണം എന്ന് ജഡ്ജ് ചിത്ര അഭിപ്രായപ്പെടുന്നു. എല്ലാ ജഡ്ജസും ചേര്‍ന്നെടുത്ത തീരുമാനമെന്ന് ഏഷ്യാനെറ്റും പ്രഖ്യാപിക്കുന്നു. അതോടെ സുകേഷ് കുട്ടന്‍ ഓട്ടോമാറ്റിക്കായി ഡേയ്ഞ്ചാര്‍ സോണില്‍ എത്തി എന്ന് അവതാരിക പ്രഖ്യാപിക്കുന്നു. കൂടെ ആ ഗായകന് വോട്ടു ചെയ്യണം എന്ന് അവതാരികയുടെ വക പ്രത്യേകം അഭ്യര്‍ത്ഥനയും.

ഇനി ഈ നാടകത്തിന്റെ അണിയറയിലേക്ക് കടക്കാം അതിനു മുന്‍പ്‌ ചില കാര്യങ്ങള്‍ നമ്മള്‍ അറിയേണ്ടതുണ്ട്. സുകേഷ് കുട്ടന്‍ വരില്ല എന്നും അന്നേ ദിവസം പാടില്ല എന്നും ഏഷ്യാനെറ്റിനും ജഡ്ജസ്സിനും അവതാരികക്കും അറിയാമായിരുന്നു. പക്ഷെ ഒരു നാടകമെന്നവണ്ണം സുകേഷ് കുട്ടന്റെ ഗാനം അനൌണ്സ് ചെയ്തു. ഡാന്‍സര്‍മാര്‍ സ്റ്റേജില്‍ നിരന്നു. പൊടുന്നനെ അവിടെ മുഴുവന്‍ ഒരു കണ്ഫ്യൂഷന്‍. ആള്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ടെന്‍ഷന്‍ നിറഞ്ഞ മുഖങ്ങള്‍. ആരോ പെട്ടെന്ന് ജഡ്ജായ ചിത്രയോടു എന്തോ പറയുന്നു. അത് കേട്ട് അവര്‍ ഞെട്ടുന്നു. വികാര നിര്‍ഭരയായി രഞ്ജിനി സുകേഷ് കുട്ടന്‍ വരില്ല എന്ന് പ്രഖ്യാപിക്കുന്നു.

ജഡ്ജസെല്ലാം കൂടി “തിരികെ ഞാന്‍ വരുംമെന്ന..” ഗാനം ആലപിക്കുന്നു. അതോടെ സുകേഷ് കുട്ടന്‍ ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ വേണമെങ്കില്‍ പ്രേക്ഷകരുടെ ‘വിലയേറിയ’ എസ്.എം.എസ് കൂടിയെ തീരൂ എന്ന് നിറകണ്ണുകളോടെ അവതാരിക തന്റെ ഡയലോഗ് പറയുന്നു. ശേഷം സുകേഷ് കുട്ടനും അമ്മയും ചേര്‍ന്നുള്ള കുറെ കോമ്പിനേഷന്‍ സീനുകള്‍, കൂടെ ദുഖവും കണ്ണീരും സമാസമം കൂട്ടി കലര്‍ത്തി, ഒരു സെന്റി പശ്ചാത്തല സംഗീതവും. മുന്‍കൂട്ടി അറിയാവുന്ന ഒരു കാര്യം ഈ പ്രതിക്രിയാ വാതകങ്ങള്‍ ഒന്നുമില്ലാതെ വളരെ ലളിതമായി പറഞ്ഞാല്‍ എന്താ? പക്ഷെ ഇത് ഏഷ്യാനെറ്റാണ്. സുകേഷ് കുട്ടന്‍ വരില്ല എന്നതില്‍ ഒരു വലിയ കച്ചവട സാധ്യതയാണ് ഏഷ്യാനെറ്റ് അവിടെ കണ്ടത്. അങ്ങനെ ഒരു നാടകം കൂടി പ്രേക്ഷകര്‍ക്ക്‌ കാണേണ്ടി വന്നു.

ഇത് ആദ്യമായല്ല ഇത്തരം ഒരു സാഹചര്യം സ്റ്റാര്‍ സിംഗറില്‍ ഉണ്ടാവുന്നത് എന്ന് കണ്ടിരിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിനു മുന്നേ റെക്കോഡ് എസ്.എം.എസ് കിട്ടി ചില ഗായകര്‍ മുന്നോട്ടു പോയിട്ടുണ്ട്, അതാവും ഇത്തരം ഒരു അവസരം മുതലാക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്. പോരാത്തതിന് അടുത്തിടെയായി ഐഡിയ സ്റ്റാര്‍ സിംഗറിന്റെ റേറ്റിംഗ് വളരെ താഴെയുമാണ്. പക്ഷെ മലയാളത്തിന്റെ വാനമ്പാടിയെ കൊണ്ടു തന്നെ ഇത് പ്രഖ്യാപിപ്പിച്ചു എന്നതാണ് കഷ്ടം. ഏഷ്യാനെറ്റിന്റെ പണം വാങ്ങുന്നതിനാല്‍, അവര്‍ അത് ചെയ്യാന്‍ ബാധ്യസ്ഥയുമാണ്. പക്ഷെ പ്രേക്ഷകരെ മുതലെടുക്കുന്ന ഇത്തരം വിപണന തന്ത്രങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്മാര്‍ സഹകരിക്കാന്‍ പാടുണ്ടോ?

മത്സരങ്ങള്‍ക്കായി അയക്കുന്ന എസ്.എം.എസുകള്‍ക്ക്‌ പൊതുവെ ചാര്‍ജ്ജ് കൂടുതലാണ് അതിനാല്‍ തന്നെ പലരും അയക്കാന്‍ ഒന്ന് മടിക്കും. അതിനാല്‍ വൈകല്യങ്ങള്‍ ഉള്ളവരെ മത്സരത്തില്‍ ഉള്‍പ്പെടുത്തി, സഹതാപ തരംഗങ്ങളും ഇത്തരം നാടകങ്ങളും നടത്തി, ഈ പരിപാടി കാണുന്ന ആയിരകണക്കിനോ പതിനായിരകണക്കിനോ പ്രേക്ഷകരെ എസ്.എം.എസ്സിന്റെ പേരില്‍ പറ്റിക്കുകയാണ് ഏഷ്യാനെറ്റും ഐഡിയയും ചെയ്യുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. സുകേഷ് കുട്ടനിലെ പ്രതിഭയോട് തികഞ്ഞ ആദരവും ആരാധനയും പുലര്‍ത്തിക്കൊണ്ട് തന്നെ നമുക്ക് ഈ ചതിയ്ക്ക് കൂട്ട് നില്‍ക്കാതിരിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.