1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2011

നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുമ്പോഴോ അല്ലങ്കില്‍ അത്യാവശ്യമായി എന്തെങ്കിലും ജോലി ചെയ്യുമ്പോഴോ കുട്ടികളുടെ ശല്യം ഒഴിവാക്കാന്‍ നമ്മളില്‍ പലരും അവരെ ടിവിയുടെ മുന്‍പില്‍ കുടിയിരുത്താറുണ്ട്.എന്നാല്‍ നമ്മുടെ സൌകര്യത്തിനു വേണ്ടി ചെയ്യുന്ന ഈ ടി വി കാണല്‍ ശാരീരികാരോഗ്യത്തിനൊപ്പം കുട്ടികളുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ശീലമായി മാറിയിരിക്കുന്നു. അധികനേരം ടെലിവിഷന്‍ കാണുന്ന കുട്ടികളില്‍ ഏകാഗ്രതക്കുറവ് കണ്ടുവരുന്നതായും പഠനകാര്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നതായുമാണ് പുതിയ കണ്ടെത്തല്‍. 1300 സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഒരുവര്‍ഷം നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍, യു.എസ്. ജേര്‍ണല്‍ ഓഫ് പീഡിയാട്രിക്‌സിലാണ് ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ദിവസം രണ്ടുമണിക്കൂറിലധികം ടി.വി.യുടെ മുന്നില്‍ ചെലവഴിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഏകാഗ്രതയുടെ പ്രശ്‌നങ്ങള്‍ 67 ശതമാനം കൂടുതലാണെന്ന് പഠനഫലം തെളിയിക്കുന്നു.

കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു?
കുഞ്ഞുങ്ങളില്‍ ആദ്യത്തെ രണ്ടുവര്‍ഷമാണ് ബുദ്ധിവികാസത്തില്‍ നിര്‍ണായകമായിട്ടുള്ളത്. ഒറ്റയ്ക്കും കൂട്ടായുമുള്ള കളി, കാര്യങ്ങള്‍ തിരിച്ചറിയല്‍, അച്ഛനമ്മമാരോടും മറ്റുള്ളവരോടുമുള്ള ഇടപഴകല്‍ എന്നിവയ്ക്ക് കൂടുതല്‍ സമയം വേണ്ട പ്രായമാണിത്. ഈ സമയത്ത് കുട്ടികളുടെ സമയം ടെലിവിഷന്‍ അപഹരിക്കുന്നത് വ്യക്തിവികാസത്തെയും ബുദ്ധിവളര്‍ച്ചയെയും ബാധിക്കുമെന്ന് ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കായികാധ്വാനം ആവശ്യമാണ്. കളികളും ഓട്ടവും നടത്തവുമെല്ലാം ഇതില്‍ പെടും. ചെറിയ കുട്ടികള്‍ ഒരുമണിക്കൂറിലധികവും സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ രണ്ടുമണിക്കൂറിലധികവും വെറുതെയിരിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ടി.വി. കാണലിന്റെ പോരായ്മകളിലൊന്ന് കുട്ടികള്‍ ഇങ്ങനെ ചടഞ്ഞിരിക്കുമ്പോഴുള്ള വ്യായാമക്കുറവാണ്.

ടെലിവിഷനില്‍ കാണുന്ന അക്രമദൃശ്യങ്ങള്‍ കുട്ടികളെ സ്വാധീനിക്കാനുള്ള സാധ്യതയാണ് മനശ്ശാസ്ത്രജ്ഞര്‍ പരിഗണിക്കുന്ന മറ്റൊരു കാര്യം. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളും ടെലിവിഷന്‍, സിനിമാ ദൃശ്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഭീകരദൃശ്യങ്ങളും പേടിപ്പെടുത്തുന്ന സംഭവങ്ങളും സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ കുട്ടികളുടെ മനസ്സിനെ ഭയംകൊണ്ട് നിറച്ചേക്കാം. ലോകത്തെക്കുറിച്ചുള്ള പേടിനിറഞ്ഞ കാഴ്ചപ്പാട് അവരുടെ മനസ്സില്‍ വേരുറയ്ക്കും. കാര്‍ട്ടൂണ്‍പരമ്പരകളില്‍ ഹാസ്യത്തിന്റെ അകമ്പടിയോടെയുള്ള അക്രമരംഗങ്ങള്‍, കാര്യത്തിന്റെ ഗൗരവം കുറച്ചുകാണാനും അക്രമം വെറുക്കപ്പെടേണ്ടതല്ലെന്ന സന്ദേശം നല്കാനും കാരണമാകും.ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും കുട്ടികളെ സ്വാധീനിക്കുന്നതായി പഠനങ്ങളില്‍ സജീവമായിട്ടുണ്ട്.

പരസ്യമാണ് മറ്റൊരു വില്ലന്‍. എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ പരസ്യത്തില്‍ കാണിക്കുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലത്തെ താളം തെറ്റിക്കുന്ന പരസ്യങ്ങളാല്‍ അവര്‍ സ്വാധീനിക്കപ്പെടുന്നു. മക്‌ഡൊണാള്‍ഡ് അമേരിക്കയില്‍ മാത്രം ഭക്ഷണ പദാര്‍ഥങ്ങളുടെ പരസ്യത്തിന് 200 കോടിരൂപ പ്രതിവര്‍ഷം ചെലവഴിക്കുന്നത് ഇവിടെ ശ്രദ്ധേയമാണ്.

വായന, സാമൂഹികബന്ധങ്ങള്‍, സൗഹൃദം വളര്‍ത്തല്‍ എന്നിങ്ങനെ വ്യക്തിത്വവികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കേണ്ട സമയമാണ് കുട്ടികള്‍ ടെലിവിഷനുമുന്നില്‍ കളയുന്നതെന്നും മനഃശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നമ്മള്‍ ചെയ്യേണ്ടത്

1. ഏത് പരിപാടി കാണണമെന്നത് തിരഞ്ഞെടുക്കാന്‍ കുട്ടിയെ സഹായിക്കുക.
2.ഗൃഹപാഠമോ മറ്റു ജോലികളോ ചെയ്തു തീര്‍ത്തല്ലാതെ ടി.വി.പ്രവര്‍ത്തിപ്പിക്കരുതെന്ന് വ്യവസ്ഥയുണ്ടാക്കുക.
3.പഠനമുറി, ഊണ്‍മുറി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാറി ടി.വി.സ്ഥാപിക്കുക.
4.കിടപ്പുമുറികളില്‍ ടി.വി.ക്ക് ഇടം നല്‍കരുത്.
5.വീട്ടില്‍ ഒന്നിലധികം ടി.വി.സെറ്റ് വെക്കാതിരിക്കുക. അങ്ങനെ വരുമ്പോള്‍ കുട്ടികളുടെ മേല്‍ ഇക്കാര്യത്തിലുള്ള നമ്മുടെ നിയന്ത്രണം അസാധ്യമാകും.
6.രാവിലെ സ്‌കൂളില്‍ പോകുന്നതിനു മുന്‍പ് ടി.വി.കാണാന്‍ അനുവദിക്കരുത്.
7.കുട്ടികളുടെ പ്രായമനുസരിച്ച് ഉറങ്ങേണ്ട സമയം നിശ്ചയിക്കുക. അതിനുമുന്‍പ് തീരുന്ന പരിപാടികള്‍ മാത്രം കാണാന്‍ അനുവദിക്കുക.
8.ഭക്ഷണ സമയത്ത് ടി.വി.കാണാന്‍ അനുവദിക്കരുത്. കുടുംബാംഗങ്ങള്‍ പരസ്പരം കാര്യങ്ങള്‍ പറയാനുള്ള സമയമാണത്. കൂടാതെ ടി.വി.കണ്ട് അളവറിയാതെ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടിയും ഉണ്ടായേക്കാം.

എത്രസമയം കാണണം
ടി.വി. കാണുന്നതില്‍ നിന്ന് കുട്ടികളെ പൂര്‍ണമായി വിലക്കാന്‍ കഴിയില്ല. അറിവുനേടാനുള്ള ഒരു മാധ്യമമായി അതിനെ മാറ്റുകയാണ് വേണ്ടത്. വാര്‍ത്ത, വിജ്ഞാനാധിഷ്ഠിത പരിപാടികള്‍ തുടങ്ങിയവയിലേക്ക് കുട്ടികളെ വഴിതിരിച്ചുവിടണം. പ്രായത്തിനനുസരിച്ചാണ് കുട്ടികള്‍ ടി.വി.കാണേണ്ട സമയം നിശ്ചയിക്കേണ്ടത്.

1.രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ വളരെ കുറച്ചുസമയം മാത്രം ടി.വി.കാണിക്കുക, കിടന്നു കളിക്കുന്ന ഇഴയുന്ന പ്രായത്തില്‍ കാണിക്കാതിരിക്കുക.
2.രണ്ടുമുതല്‍ എട്ടുവരെ ഒരുമണിക്കൂര്‍ ധാരാളം.
3.എട്ടുമുതല്‍ ഒന്നര രണ്ടുമണിക്കൂറില്‍ അധികമാകരുത്.

ടെലിവിഷനു പുറമേ കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്ന കുട്ടികള്‍ക്ക് അതുകൂടി പരിഗണിച്ച് ടി.വി.കാണുന്ന സമയത്തില്‍ കുറവുവരുത്തണം. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്, അവരുടെ ഇഷ്ടങ്ങള്‍ക്കെതിരാണെങ്കിലും ഇത്തരം നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.