1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2011

എഡിറ്റോറിയല്‍

യു കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ അടുത്ത വര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ബര്‍മിംഗ്ഹാമില്‍ നടക്കുകയാണ്.രണ്ടു വര്‍ഷം മുന്‍പ് രൂപം കൊണ്ട യുക്മ ഇന്ന് യു കെ മലയാളിയുടെ പൊതുവികാരമായി മാറിക്കഴിഞ്ഞു.ഒളിഞ്ഞും തെളിഞ്ഞും യുക്മയെ തകര്‍ക്കാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയപ്പോഴും സംഘടനയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ ശക്തമായ അടിത്തറയുമായി മുന്നേറാന്‍ സാധിച്ചതിന്റെ പ്രധാന കാരണം പ്രതിസന്ധികളില്‍ ഒറ്റക്കെട്ടായി നിന്ന നേതൃത്വമാണ്.അക്കാര്യത്തില്‍ അവര്‍ പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

എന്നാല്‍ ഒരു സംഘടന എന്ന നിലയില്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ യു കെ മലയാളിയുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നില്ല എന്ന് തന്നെ പറയേണ്ടി വരും.കഴിഞ്ഞ വര്‍ഷം നടത്തിയ കലാമേള,സേവ് എ കോട്ട് എന്നിവ ഒഴിവാക്കിയാല്‍ പേരിനു പോലും ഒരു ജനപ്രിയ പരിപാടി നടത്താന്‍ യുക്മയുടെ നേതൃത്വത്തിന് കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് യുക്മയുടെ നേതൃത്വം വിചിന്തനം നടത്തുന്നത് നന്നായിരിക്കും.ഏറെ കൊട്ടിഘോഷിച്ച യുക്മ വിഷന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആര്‍ക്കുമറിയില്ല.

ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചുരുക്കം ചിലരെങ്കിലും വാശിയോടെ മല്‍സര രംഗത്ത്‌ ഉണ്ടെന്നതാണ് ലഭിക്കുന്ന സൂചനകള്‍.പഴയ ഭരണ സമിതിയില്‍ ഉണ്ടായിരുന്നവരും പുതുതായി ചിലരും അധികാര സ്ഥാനങ്ങള്‍ നോട്ടമിട്ടിട്ടുണ്ട്.ഇത്തരുണത്തില്‍ യുക്മയുടെ വളര്‍ച്ചയെ എക്കാലവും സപ്പോര്‍ട്ട് ചെയ്തിട്ടുള്ള,യു കെ മലയാളികളുടെ നിത്യജീവിതത്തില്‍ യുക്മയുടെ റോളിന്റെ പ്രാധാന്യം മനസിലാക്കുന്ന മാധ്യമമെന്ന നിലയില്‍ എന്‍ ആര്‍ ഐ മലയാളി നിലപാട് വ്യക്തമാക്കുകയാണ്.

പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ നേതൃസ്ഥാനത്തേക്ക് വരണം

യുക്മ എന്ന സംഘടന ഒരു ദേശീയ പ്രസ്ഥാനമാണ്.അതിന്‍റെ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കണം.മൈക്ക്‌ കിട്ടിയാല്‍ നാട്ടിലെ രാഷ്ട്രീയക്കാരെ വെല്ലുന്ന വാശിയോടെ പ്രസംഗിക്കുന്നവരെയല്ല സംഘടനയ്ക്ക് വേണ്ടത്.മറിച്ച് യു കെ മലയാളിയുടെ ആവശ്യങ്ങള്‍ മ്മനസിലാക്കുവാനും അവ നേടിയെടുക്കുവാനുമായി അക്ഷീണ പ്രയത്നം നടത്തുവാന്‍ മനസുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള പരിചയസമ്പന്നരായ വ്യക്തികള്‍ ആയിരിക്കണം നേതൃത്വത്തിലേക്ക് വരേണ്ടത്.

യുക്മയ്ക്ക് വേണ്ടി ചിലവഴിക്കാന്‍ സമയമുള്ളവര്‍ നേതാവായാല്‍ മതി

മിനിട്ടുകള്‍ക്ക് വില കൊടുക്കേണ്ട രാജ്യമാണ് യു കെ.ഇവിടെ എല്ലാവരും തന്നെ ജോലി ചെയ്തു കുടുംബം പോറ്റുന്നവരാണ്.ഈ ജോലിത്തിരക്കുകള്‍ക്കിടയിലും യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചിത സമയം ചിലവഴിക്കാന്‍ കഴിയുന്നവര്‍ മാത്രം സംഘടനയുടെ നേതൃത്വത്തില്‍ വന്നാല്‍ മതി.വെറും സ്ഥാനത്തിന് വേണ്ടി ആരും നേതാവാകേണ്ട.

പക്വതയുള്ള നേതാവാണ് വേണ്ടത്

പല അഭിപ്രായങ്ങള്‍ ഉള്ള അംഗ സംഘടനകളെയും അവരുടെ നേതാക്കന്മാരെയും ഒരേ കുടക്കീഴില്‍ അണിനിരത്താനും ഏകോപിപ്പിച്ച് കൊണ്ടു പോകുവാനും പക്വതയുള്ളവര്‍ നേതാവാകണം.വികാരത്തെ വിവേകം കൊണ്ട് കീഴ്പ്പെടുത്താന്‍ നേതാവിന് കഴിയണം.

നേതൃത്വത്തിന് ഇച്ഛാശക്തി ഉണ്ടാവണം.

തീരുമാനങ്ങള്‍ കടലാസില്‍ ഒതുക്കാതെ അവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി നേതാവിനുണ്ടാവണം.യുക്മ വിഷനില്‍ പറഞ്ഞ കാര്യങ്ങളും പുതിയ ആശയങ്ങളും സമയബന്ധിതമായി നടപ്പിലാക്കാന്‍ വ്യക്തമായ പദ്ധതി ആവിഷ്ക്കരിക്കാന്‍ നേതാവിന് കഴിയണം.

സാമുദായിക രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ പാടില്ല

ഏതെങ്കിലും സമുദായത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ സജീവ പ്രവര്‍ത്തകര്‍ യുക്മയുടെ നേതൃത്വത്തില്‍ വരുന്നത് നല്ല കീഴ്വഴക്കമായിരിക്കില്ല.അവരുടെ താല്‍പ്പര്യ സംരക്ഷണത്തിനുള്ള വേദിയായി യുക്മയെ ഉപയോഗിക്കാന്‍ പാടില്ല.

എല്ലാറ്റിനുമുപരി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ നല്ലൊരു നേതാവായിരിക്കണം.യു കെയിലെ മലയാളികളുടെ ആശയും അഭിലാഷവുമായ യുക്മയെ നയിക്കാന്‍ കഴിവും നേതൃപാടവവും അര്‍പ്പണബോധവും സമയവും ഉള്ള ജാതി മത വര്‍ഗ വര്‍ണ രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന മികച്ച സംഘാടകര്‍ യുക്മയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.