ശോഭ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ചും കാറിടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. ചന്ദ്രബോസിനെ കൊന്നതില്‍ തനിക്ക് പങ്കില്ലെന്നാണ് അമലിന്റെ മൊഴിയെന്നാണ് സൂചനകള്‍. അമലിന്റെ ബന്ധു വീട്ടില്‍ വച്ചാണ് പോലീസ് ഇവരുടെ മൊഴിയെടുത്തത്.
നേരത്തെ നിസാം ചന്ദ്രബോസിനെ മര്‍ദ്ദിച്ച് അവശനാക്കി കാറിന്റെ പിറകിലിട്ട് വണ്ടി മുന്നോട്ടെടുക്കുമ്പോള്‍ കാറിന്റെ മുന്‍സീറ്റില്‍ അമലും ഉണ്ടായിരുന്നതായി സാക്ഷി മൊഴിയുണ്ടായിരുന്നു. എന്നാല്‍ പിന്‍വശത്ത് ചന്ദ്രബോസ് ഉണ്ടായിരുന്നെന്ന് അറിയാതെയാണ് താന്‍ കാറില്‍ കയറിയതെന്ന് അമല്‍ പോലീസിനോട് പറഞ്ഞു.
സംഭവം നടന്ന 29 ന് പുലര്‍ച്ചെ നിസാം തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഉടന്‍ ഫ്‌ലാറ്റിന്റെ ഗേറ്റിലേക്ക് എത്താന്‍ പറയുകയായിരുന്നു. എന്തോ കുഴപ്പം നടക്കുന്നു എന്ന് തോന്നിയതിനാല്‍ ഉടനെ ഗേറ്റിലേക്ക് ഓടിയെത്തിയപ്പോള്‍ നിസാം വാഹനം പുറപ്പെടാന്‍ തയ്യാറാക്കി നിര്‍ത്തിയതാണ് കണ്ടത്.
തന്നോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിസാം വീട്ടിലേക്കാണ് വരുന്നതെന്ന ആശ്വാസത്തില്‍ കാറില്‍ കയറി. എന്നാല്‍ പാര്‍ക്കിംഗ് ഏരിയയിലെത്തി നിസാം കാറിന്റെ പിന്‍സീറ്റില്‍ നിന്ന് ചന്ദ്രബോസിനെ വലിച്ച് പുറത്തിട്ടപ്പോഴാണ് അത്രയും നേരം ചന്ദ്രബോസ് അവിടെ ഉണ്ടായിരുന്ന കാര്യം അറിഞ്ഞതെന്നും അമല്‍ വ്യക്തമാക്കി.
ഉടനെ ശബ്ദമുണ്ടാക്കി ആള്‍ക്കാരെ കൂട്ടാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതല്ലാതെ തനിക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ല. നിസാം തന്നോട് തോക്കെടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടില്ലെന്നും അമല്‍ പറഞ്ഞു.
അതിനിടെ ബങ്കളുരു പോലീസ് നിസാമിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതിവേഗത്തില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്ത ബങ്കളുരു സ്വദേശിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് വാറന്റ്. ബങ്കളുരുവില്‍ നിന്നുള്ള പോലീസ് സംഘം വിയ്യൂര്‍ ജയിലിലെത്തി വാറന്റ് കൈമാറി. നിസാമിനെതിരെ കാപ്പ നിയമം ചുമത്താന്‍ പുതിയ വാറന്റ് സഹായകരമാകും എന്ന് കരുതുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല