
സ്വന്തം ലേഖകൻ: പുതുവത്സരത്തെ വരവേല്‍ക്കാനിരിക്കുന്ന യുകെ മലയാളികള്‍ക്ക് വേദനയായി രണ്ടു മരണങ്ങള്‍. മെയ്ഡ്‌സ്റ്റോണില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തൃശൂര്‍ സ്വദേശിയും മലയാളികള്‍ സ്‌നേഹത്തോടെ ദാസേട്ടാ എന്ന് വിളിച്ചിരുന്ന മോഹന്‍ദാസ്(65), ബര്‍മിംഗ്ഹാമിന് അടുത്ത് വാല്‍സാളില്‍ മകളുടെ പ്രസവ ശുശ്രൂഷയും ആയി ബന്ധപ്പെട്ട് നാട്ടില്‍ നിന്നെത്തിയ ലാലു ഫിലിപ്പ് (63) എന്നിവരാണ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുകെയില്‍ ഏകാന്ത ജീവിതം നയിച്ചിരുന്ന മോഹന്‍ദാസ് ഇന്നലെ പുലര്‍ച്ചെയാണ് അവശനായി കാണപ്പെട്ടതും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുന്നതും. മറ്റു രണ്ടു മലയാളികള്‍ക്കൊപ്പം ഒരു വീട്ടില്‍ സഹ താമസക്കാരന്‍ ആയിരുന്ന മോഹന്‍ദാസ് ഇന്നലെ രാവിലെ ജോലിക്കു പോകേണ്ടതായിരുന്നു. എന്നാല്‍ സമയമായിട്ടും മുറിക്കു പുറത്തു കാണാതായതോടെ സഹതാമസക്കാരന്‍ ആയ മലയാളി മുറി തുറന്നു നോക്കിയപ്പോളാണ് അദ്ദേഹത്തെ അവശ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ വൈദ്യ സഹായം തേടിയെങ്കിലും വൈകാതെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. തുടര്‍ന്ന് തൃശൂരില്‍ മായന്നൂരില്‍ ഉള്ള കുടുംബത്തെ വിവരം അറിയിച്ചു. ഭാര്യയും മക്കളും നാട്ടിലായിരുന്നതിനാല്‍ എല്ലായ്‌പ്പോഴും എവിടെയും ജോലി ചെയ്യാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു.
കെന്റിലെ മെയ്ഡ്‌സ്റ്റോണില്‍ ആയിരുന്നു താമസം എങ്കിലും സമീപ ദേശങ്ങളായ ആഷ്ഫോര്‍ഡ്, ജില്ലിന്‍ഹാം, കാന്റര്‍ബറി എന്നിവിടങ്ങളില്‍ ഒക്കെ അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ഡൊമസ്റ്റിക് സര്‍വീസില്‍ ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനം അറിയിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ബര്‍മിംഗ്ഹാമിന് അടുത്ത് വാല്‍സാളില്‍ മകളോടൊപ്പം താമസിക്കാന്‍ എത്തിയ അമ്മയുടെ മരണം പ്രദേശത്തെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. ബര്‍മിംഗ്ഹാം സാന്‍ഡ് വെല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കോട്ടയം ചിങ്ങവനം സ്വദേശി ലാലു ഫിലിപ്പാണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്. വാല്‍സാളില്‍ താമസിക്കുന്ന ഡയസ് അജുവിന്റെ അമ്മയാണ് ലാലു.
ഇടയ്ക്കു ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ വിമാന യാത്ര സുരക്ഷിതം അല്ലെന്നു ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാഹചര്യങ്ങള്‍ ഹോം ഓഫീസിനെ ബോധ്യപ്പെടുത്തിയതിലൂടെ ഒന്നര വര്‍ഷത്തോളമായി വിസ പുതുക്കി നല്‍കുക ആയിരുന്നു. ലാലുവിന്റെ ഭര്‍ത്താവും നാട്ടില്‍ ഉള്ള മകളും മരണമടഞ്ഞിട്ട് അധികകാലം ആയിട്ടില്ല എന്നതും ഈ കുടുംബത്തിന്റെ സങ്കടം ഇരട്ടിപ്പിക്കുകയാണ്. ചിങ്ങവനം കെടായിത്തറ കുടുംബാംഗം ആണ് ലാലു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല