
സ്വന്തം ലേഖകൻ: കോവിഡ് കേസുകളിൽ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇംഗ്ലണ്ടിൽ രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. നിയന്ത്രങ്ങളൊന്നും ഇല്ലാതെ രാജ്യം ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്ക് കടക്കുന്ന വേളയിൽ 24 മണിക്കൂറില്‍ 117,093 പോസിറ്റീവ് ടെസ്റ്റുകളാണ് ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെയും വെയില്‍സില്‍ നിന്നുമുള്ള കണക്കുകള്‍ മാത്രം 130,000 വരും. സ്‌കോട്ട് ലന്‍ഡ് , നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ കണക്കുകള്‍ കൂട്ടാതെയാണിത്.
സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവ അഞ്ച് ദിവസത്തെ ഡാറ്റ ഇന്ന് ഒരുമിച്ച് പുറത്തുവിടുന്നതോടെ കണക്കുകള്‍ വീണ്ടും കുതിക്കുമെന്നാണ് കരുതുന്നത്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ക്രിസ്മസ് ആഘോഷങ്ങള്‍ മൂലം കാലതാമസം വരുന്നുണ്ട്. ആഘോഷ സീസണിലെ തടസ്സങ്ങള്‍ മൂലം കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നതിനാല്‍ യുകെയില്‍ ഒമിക്രോണ്‍ മൂലമുള്ള കുതിപ്പിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴും വ്യക്തമല്ല.
18 പേരുടെ മരണങ്ങള്‍ രേഖപ്പെടുത്തിയത് മുഴുവന്‍ ഇംഗ്ലണ്ടിലാണ്. ഇതോടെ ആഴ്ചയുടെ അവസാനത്തില്‍ മരണകണക്കുകള്‍ പതിവില്ലാത്ത വിധം ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം ഇംഗ്ലണ്ടിലെ ആശുപത്രി അഡ്മിഷന്‍ കണക്കുകള്‍ ഇപ്പോഴും കൃത്യത പാലിക്കുന്നുണ്ട്. ബോക്‌സിംഗ് ഡേയില്‍ 1374 കൊറോണാവൈറസ് രോഗികളെയാണ് വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചത്. തൊട്ടുമുന്‍പുള്ള ഞായറാഴ്ചയേക്കാള്‍ അമ്പത് ശതമാനത്തോളം കൂടുതല്‍.
ഇതിനിടെ, ലോക്ക്ഡൗണ്‍ വേണ്ടിവരുമോയെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്ന ലണ്ടനിലെ ആശുപത്രി അഡ്മിഷനുകള്‍ ഇപ്പോള്‍ പ്രതിദിനം 400ല്‍ താഴെയായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് പിടിപെടുകയും, ഗുരുതര രോഗബാധിതരാകുകയും ചെയ്യുന്നതോടെ വരുന്ന ആഴ്ചകളില്‍ കൂടുതല്‍ രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണ് ആശങ്ക. 2022നെ വരവേല്‍ക്കാന്‍ പുറത്തുപോകുന്നവര്‍ വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പുതുവര്‍ഷത്തിന് മുമ്പ് ഇംഗ്ലണ്ടില്‍ പുതിയ കോവിഡ് നിയമങ്ങളൊന്നുമില്ല . പുതുവര്‍ഷത്തിന് മുമ്പ് ഇംഗ്ലണ്ടില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും സാധ്യമെങ്കില്‍ പുതുവര്‍ഷ രാവ് പുറത്ത് ആഘോഷിക്കണമെന്നും സാജിദ് ജാവിദ് പറഞ്ഞു. കോവിഡ് പ്രതിസന്ധി അതി രൂക്ഷമായതോടെ വെയില്‍സിലും സ്‌കോട്‌ലന്‍ഡിലും വടക്കന്‍ അയര്‍ലന്‍ഡിലും നിയന്ത്രണങ്ങള്‍ വന്നു കഴിഞ്ഞു. ഇവിടങ്ങളില്‍ പുതുവര്‍ഷ ആഘോഷത്തിലും നിയന്ത്രണമുണ്ടാകും.
അതിനിടെ ഫ്രാന്‍സിലും അമേരിക്കയിലും കൊറോണ വേരിയന്റുകളുടെ വ്യാപനം കൂടുന്നു. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്ന് ഫ്രാന്‍സിന്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച 17,9807 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജനുവരിയില്‍ 2,50000ലക്ഷം പ്രതിദിനരോഗികള്‍ ഉണ്ടാവുമെന്ന് ഫ്രാന്‍സ് ആരോഗ്യമന്ത്രി ഒലിവിയര്‍ വെറാന്‍ മുന്നറിയിപ്പു നല്‍കി. ഫ്രാന്‍സിനു പുറമെ ഇറ്റലി, ഗ്രീസ്, പോര്‍ട്ടുഗല്‍, എന്നിവിടങ്ങളിലും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി.
യുഎസില്‍ തിങ്കളാഴ്ച 440,000ലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവന്‍ഷന്‍(CD്C) റിപ്പോര്‍ട്ട് ചെയ്യുന്നു.ക്രിസ്മസ് കാരണമുള്ള കാലതാമസമാകാം ഈ ഉയര്‍ന്ന നിരക്കിന് കാരണമെന്നും കരുതുന്നു.ഒമിക്രോണ്‍ ഡെല്‍റ്റയോളം അപകടകാരിയല്ലാത്ത സാഹചര്യത്തില്‍ രോഗബാധിതരില്‍ 30 മുതല്‍ 70 ശതമാനം പേര്‍ മാത്രമെ ആശുപത്രിയില്‍ എത്താന്‍ സാധ്യതയുള്ളൂ.
എങ്കിലും യൂറോപ്പില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യസംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും ഡബ്ലൂഎച്ച്ഒ മുന്നറിയിപ്പു നല്‍കുന്നുണ്ട്. യൂറോപ്പില്‍ പുതുതായി രോഗംബാധിച്ചവരുടെ എണ്ണം ഡിസംബര്‍ 26നു മുന്‍പില്‍ ഉളളതിനേക്കാള്‍ 57ശതമാനം ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയുടെ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ ഇത് 30 ശതമാനമാണെന്നും വ്യക്തമാക്കുന്നു. യൂറോപ്പില്‍ ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഡിസംബര്‍ 27ന് രേഖപ്പെടുത്തിയത്. സിഡിസി ഡാറ്റ ട്രാക്കര്‍ നല്‍കുന്ന വിവരമനുസരിച്ച് തിങ്കളാഴ്ച 441,278 ആയി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു.
ഒരാഴ്ചത്തെ ആവറേജ് പരിശോധിച്ചാല്‍ 2021 ജനുവരി മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.യുഎസ് ആശുപത്രിയില്‍ വലിയൊരുവിഭാഗവും കൈയ്യടക്കിയിരിക്കുന്നത് ഡെല്‍റ്റയാണെന്ന് ആരോഗ്യവിദഗ്ധന്‍ സ്‌കോട്ട് ഗോട്ടിയബ് പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല