സ്വന്തം ലേഖകന്‍: കൊച്ചിയിലെ മുനമ്പത്ത് മനുഷ്യക്കടത്ത് വേട്ട, 9 തമിഴ് വംശജരേയും 4 ഏജന്റുമാരേയും പിടികൂടി. അഴിമുഖം വഴി ഓസ്ട്രേലിയയിലേക്ക് കടക്കാനെത്തിയ ഒന്‍പത് തമിഴ് വംശജരായ ശ്രീലങ്കക്കാരെയാണ് മുനമ്പം പോലീസ് പിടികൂടിയത്. നാലു ഏജന്റുമാരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടും. ഒറ്റ ദിവസത്തിനുള്ളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സുദര്ശനന് (32), രൂപന്‍ (20), മനോജ് (29), ദേവപ്രസാദ് (18), നാഗേശ്വരന്‍ (36), ശിവരൂപന് (21), പോള്‍ രാജ് (22), പാര്ഥിപന് (28), നവനീതന് (33) എന്നിവരാണ് പിടിയിലായ ശ്രീലങ്കക്കാര്‍. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ ക്രിസ്റ്റി (50), ആന്‍ഡ്രൂസ് (60), കന്യാകുമാരി സ്വദേശി സ്റ്റീഫന്‍ (47), മധുര സ്വദേശി വീരമണി (48) എന്നിവരാണ് പിടിയിലായ മനുഷ്യക്കടത്ത് ഏജന്റുമാര്‍.
കടല്‍ കടക്കാന്‍ ഇവര്‍ ഏര്‍പ്പാടു ചെയ്ത ബോട്ടും പോലീസ് പിടിച്ചെടുത്തു.
പിടിയിലായ ശ്രീലങ്കക്കാര്‍ തമിഴ്നാട്ടിലെ തിരുവത്തൂരിലുള്ള ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പിലുള്ളവരാണെന്ന് പോലീസ് അറിയിച്ചു. പോലീസിന് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ചെറായി, മുനമ്പം, മാല്യങ്കര മേഖലയില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
യാത്രാരേഖകള്‍ ഇല്ലാതെ സഞ്ചരിച്ചതിന് ശ്രീലങ്കക്കാര്‍ക്കെതിരെ ഫോറിനേഴ്സ് ആക്ട് അനുസരിച്ചുള്ള കുറ്റങ്ങളും ഏജന്റുമാര്‍ക്കെതിരെ മനുഷ്യക്കടത്ത്, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല