1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2015

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നേതാജിയുടെ ബന്ധുക്കളെ കണ്ടു, തിരോധാനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഫയലുകളും പരസ്യപ്പെടുത്തുമെന്ന് ഉറപ്പു നല്‍കി. നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഉറപ്പു നല്‍കിയത്.

ആദ്യഘട്ട രേഖകള്‍ നേതാജിയുടെ ജന്മവാര്‍ഷികദിനമായ 2016 ജനവരി 23ന് പരസ്യപ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ രഹസ്യമാക്കി വെക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ലെന്ന് ഔദ്യോഗികവസതിയില്‍ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നേതാജിയുടെ ബന്ധുക്കളോട് പറഞ്ഞു. പശ്ചിമബംഗാളില്‍ മമത സര്‍ക്കാര്‍ നേതാജിഫയലുകള്‍ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിന്റെയും തീരുമാനം.

നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങളുള്ള മറ്റ് രാജ്യങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തും. ഇതിനായി റഷ്യയടക്കം എല്ലാ രാജ്യങ്ങള്‍ക്കും പ്രത്യേകം കത്തയയ്ക്കും. ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിക്കുമ്പോള്‍ പ്രസിഡന്റ് വ്‌ലൂദിമിര്‍ പുതിനുമായി പ്രത്യേകം ഈ വിഷയം സംസാരിക്കും.

നേതാജിയുടെ ബന്ധുക്കളെ കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. പ്രധാനവും അവിസ്മരണീയവുമായ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ ഞെരിച്ചുകളയേണ്ട കാര്യമില്ല. ചരിത്രം മറക്കുന്ന രാജ്യങ്ങള്‍ക്ക് അത് പുനഃസൃഷ്ടിക്കാനാവില്ല. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അടുത്തവര്‍ഷം ജനവരി 23 മുതല്‍ പരസ്യമാക്കിത്തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേതാജിയുടെ സഹോദരന്റെ മകന്റെ മകന്‍ ചന്ദ്രകുമാര്‍ ബോസ്, അടുത്ത ബന്ധുക്കളായ അര്‍ധേന്ദു ബോസ്, അഭിജിത് റേ എന്നിവരടക്കം 35 കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ കാണാനെത്തി. സഹായികളായി പത്തുപേരും ഗവേഷകരായ അഞ്ചുപേരുമടക്കം മൊത്തം അമ്പതുപേര്‍ സംഘത്തിലുണ്ടായിരുന്നു. ഏഴാം നമ്പര്‍ റേസ് കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തുടങ്ങിയവരും പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.