1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നില്ല, ഇറാഖ് അധിനിവേശത്തിന് ടോണി ബ്ലയര്‍ മാപ്പു പറഞ്ഞു. ഇറാഖ് അധിനിവേശത്തിലെ തെറ്റുകളില്‍ പശ്ചാത്തപിക്കുന്നെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയത്തിന് ഇത് കാരണമായെന്നുമാണ് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പറഞ്ഞത്.

എന്നാല്‍ ഏകാധിപതിയായ സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കിയതില്‍ കുറ്റബോധമില്ലെന്നും സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടോണി ബ്‌ളയര്‍ പറഞ്ഞു. ‘ലോങ് റോഡ് ടു ഹെല്‍: അമേരിക്ക ഇന്‍ ഇറാഖ്’ എന്ന പേരില്‍ സി.എന്‍.എന്‍ തയാറാക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് അഭിമുഖം.

തങ്ങള്‍ക്ക് ലഭിച്ച രഹസ്യവിവരത്തില്‍ പാളിച്ചയുണ്ടായിരുന്നു. സദ്ദാം സ്വന്തം ജനതക്കെതിരെപോലും രാസായുധങ്ങള്‍ പ്രയോഗിച്ചിരുന്നെന്നത് ശരിയായിരുന്നെങ്കിലും ഞങ്ങള്‍ വിചാരിച്ചതുപോലെയായിരുന്നില്ല പൂര്‍ണമായും കാര്യങ്ങള്‍. വന്‍ നാശം വിതക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ സദ്ദാം ഭരണകൂടത്തിന്റെ കൈവശമുണ്ടെന്നതാണ് അധിനിവേശം ന്യായീകരിക്കാന്‍ യു.എസും ബ്രിട്ടനും നിരത്തിയ ന്യായം.

എന്നാല്‍, ആ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നുവെന്ന് ബ്‌ളയര്‍ സമ്മതിച്ചു. സദ്ദാം ഭരണകൂടത്തെ നീക്കിയാല്‍ രാജ്യത്ത് എന്താണുണ്ടാകുക എന്ന് മുന്‍കൂട്ടിക്കാണാന്‍ തങ്ങള്‍ക്ക് കഴിയാത്തതിലും ബ്‌ളയര്‍ ക്ഷമാപണം നടത്തി. എന്നാല്‍, ഇന്നും താന്‍ കരുതുന്നത് സദ്ദാമിനെ വീഴ്ത്തിയതില്‍ തെറ്റില്ലെന്നു തന്നെയാണ്. അതില്‍ ക്ഷമാപണം നടത്താന്‍ ബുദ്ധിമുട്ടുണ്ട്. മൂന്നു പതിറ്റാണ്ടുനീണ്ട ഏകാധിപത്യത്തില്‍ തന്റെ ജനതയെ സദ്ദാം അടിച്ചമര്‍ത്തി. അയല്‍രാജ്യങ്ങളായ ഇറാനും കുവൈത്തിനുമെതിരെ യുദ്ധങ്ങള്‍ നടത്തി. വടക്കന്‍ ഇറാഖിലെ കുര്‍ദുകള്‍ക്കെതിരെ രാസായുധങ്ങള്‍ ഉപയോഗിച്ചു. എന്നാല്‍, സദ്ദാമിനുശേഷമുള്ള ഇന്നത്തെ ഇറാഖും വിഭാഗീയ സംഘര്‍ഷങ്ങളില്‍തന്നെയാണ്. ഐ.എസ് ഭീഷണി നേരിടാനാകാതെ രാജ്യം കുഴങ്ങുകയാണ്.

2003 ലെ യു.എസ്ബ്രിട്ടീഷ് അധിനിവേശമാണ് ഐ.എസിന്റെ പിറവിക്ക് പ്രധാന കാരണമായതെന്ന നിരീക്ഷണത്തില്‍ സത്യത്തിന്റെ അംശമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ബ്‌ളയര്‍ പറഞ്ഞു. എന്നാല്‍, 2011 ലാരംഭിച്ച അറബ് വസന്തവും ഇറാഖില്‍ ഐ.എസിന്റെ ഉദയത്തിന് കാരണമായിട്ടുണ്ട്. കൂടാതെ ഐ.എസ് ഇറാഖിലല്ല, സിറിയയിലാണ് ഉയര്‍ന്നുവന്നതെന്നും ഓര്‍ക്കേണ്ടതുണ്ടെന്നും ബ്‌ളയര്‍ ചൂണ്ടിക്കാണിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.