സ്വന്തം ലേഖകന്‍: ഡല്‍ഹി കേരള ഹൗസില്‍ ബീഫ് റെയ്ഡ്, ഡല്‍ഹി പോലീസിനെതിരെ കെജ്രിവാള് രംഗത്ത്, ഉമ്മന്‍ ചാണ്ടി മോദിയെ പ്രതിഷേധം അറിയിച്ചു. ദില്ലി പോലിസ് ബി ജെ പി സേനയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ബീഫ് കഴിക്കുന്നുവെന്നാരോപിച്ച് പോലിസ് റെയ്ഡ് നടത്തിയതെന്നും കെജ്രിവാള് പറഞ്ഞു.
ബി ജെ പി ക്ക് ഇഷ്ടമില്ലാത്തത് കഴിച്ചാല്‍ ദില്ലി മുഖ്യമന്ത്രിയെയും അറസ്റ്റ് ചെയ്യുമോയെന്ന് കെജ്രിവാള് ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. തന്ര്റെ ടിറ്റര്‍ പേജിലൂടെയായിരുന്നു കേജ്രിവാളിന്റെ പ്രതികരണം.
ബീഫ് പരിശോധനയുടെ പേരില്‍ കേരള ഹൗസില്‍ കയറിയ ദില്ലി പൊലീസ് മിതത്വം പാലിക്കേണ്ടതായിരുന്നു എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ദില്ലി പൊലീസ് ഏതറ്റം വരെ പോയി എന്നറിയില്ല, പത്രങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ മാത്രമേയുള്ളു.
ഏതെങ്കിലും പരാതി പരിശോധിക്കാനാണെങ്കില്‍ അതിനു പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഉണ്ട്. അവര്‍ കേരള ഹൗസിനകത്തു കയറിയെങ്കില്‍ തെറ്റാണ്. കേരള ഹൗസ് ഹോട്ടലല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമാണ്. അവിടെ അതിക്രമം കാണിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന് സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
എന്നാല്‍ കേരളാ ഹൗസി ല്‍ ബീഫ് നല്‍കുന്നുണ്ടെന്ന് ആരോപിച്ച് ലഭിച്ച് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടി മാത്രമായിരുന്നുവെന്ന് കമ്മീഷണര്‍ ബി എസ് ബസി വ്യക്തമാക്കി.കേരള ഹൗസിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജോയിന്റ് പൊലീസ് കമ്മിഷണര്‍ എം.കെ.മീണ നേരത്തേ വ്യക്തമാക്കിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല