സ്വന്തം ലേഖകന്‍: പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ ചരിത്ര നേട്ടം, ആഗോളതാപന നിയന്ത്രണ കരാറിന് അന്തിമ രൂപമായി. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവിലാണ് ആഗോളതാപന നിയന്ത്രണ കരാറിന് കരട് തയ്യാറാകുന്നത്.
ആഗോളതാപ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി പരിമിതപ്പെടുത്തുക, ഈ ലക്ഷ്യം കൈവരിക്കാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് 2020 മുതല്‍ പ്രതിവര്‍ഷം പതിനായിരം കോടി ഡോളറിന്റെ (ഏകദേശം 6,70,000 കോടി രൂപ) സഹായം നല്‍കുക, ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള നടപടികള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ അവലോകനം ചെയ്യുക തുടങ്ങിയവയാണു കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍.
എല്ലാ രാജ്യങ്ങളും കരാര്‍ അംഗീകരിച്ചാല്‍ അത് കാലാവസ്ഥാ സംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും. ആഗോള താപന പരിധി രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിര്‍ത്തുന്നതിന് ഇന്ത്യയും ചൈനയും എതിരാണ്. രണ്ടു ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധി വയ്ക്കണമെന്നാണ് ഇരു രാജ്യങ്ങളുടെയും ആവശ്യം.
ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൂറന്റ് ഫാബിയസ് ആണ് കരാര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. 12 ദിവസത്തെ ചര്‍ച്ചയിലും ഹരിതഗൃഹവാതക ബഹിര്‍ഗമനം നിയന്ത്രിക്കാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുക, ആഗോളതാപനം ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്തം നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായഭിന്നത പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ചര്‍ച്ച ഒരു ദിവസം കൂടി ദീര്‍ഘിപ്പിച്ചിരുന്നു.
പതിനാറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് കരാറിന് അന്തിമരൂപം സംബന്ധിച്ച് ധാരണയായതെന്നു ലൂറന്റ് ഫാബിയസ് വ്യക്തമാക്കി. അന്തിമകരാറിന് രൂപം നല്കാന് എല്ലാ പിന്തുണയും നല്‍കണമെന്നു ഉച്ചകോടിയില്‍ പങ്കെടുത്ത 195 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ആഗോളതാപനം നിയന്ത്രിക്കാനുള്ള കരാറിന് രൂപം നല്കാന് ആറു വര്‍ഷം മുന്‍പ് കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ ആരംഭിച്ച ശ്രമമാണ് പാരീസില്‍ ഫലപ്രാപ്തിയിലെത്തിയത്. ഹരിതഗൃഹ വാതകങ്ങള്‍ നിയന്ത്രിക്കുന്നതു സംബന്ധിച്ച് വികസ്വരദരിദ്ര രാഷ്ട്രങ്ങളും വികസിത രാഷ്ട്രങ്ങളും തമ്മിലുണ്ടായിരുന്ന അഭിപ്രായഭിന്നത പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന നാലുവര്‍ഷമായി ശ്രമം തുടരുകയായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല