സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ഫേസ്ബുക്ക് ഓഫീസിന് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം, ഭിത്തിയില്‍ ഫേസ്ബുക്ക് ഡിസ്ലൈക്ക് എന്ന എഴുത്തും. 15 മുതല്‍ 20 വരെ വരുന്ന സംഘം ഓഫീസില്‍ വ്യാപക നാശനഷ്ടം വരുത്തുകയും ഭിത്തിയില്‍ ‘ഫേസ്ബുക്ക് ഡിസ്ലൈക്ക്’ എന്ന് എഴുതുകയും ചെയ്തതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച രാത്രിയില്‍ ഹാംബര്‍ഗിലെ ഓഫീസില്‍ കറുത്ത മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഓഫീസിന് നേരെ കല്ലെടുത്തെറിഞ്ഞ അക്രമികള്‍ ഓഫീസ് പുകയ്ക്കുകയും ഭിത്തിയില്‍ പെയ്ന്റ് ചെയ്യുകയും ഭിത്തികളും പൂമുഖവാതിലും ജനാലകളും തകര്‍ക്കുകയും ചെയ്തു.
അക്രമികള്‍ക്ക് വേണ്ടി പോലീസ് സംഘം തെരച്ചില്‍ നടത്തിയെങ്കിലും ഇതിനകം അവര്‍ ഓടിമറഞ്ഞിരുന്നു. ആക്രമണത്തിന്റെ ലക്ഷ്യമോ എത്ര നാശനഷ്ടം ഉണ്ടായെന്നോ ഇതുവരെ വ്യക്തമല്ല. അതേസമയം ആക്രമണത്തെ ഫേസ്ബുക്ക് അപലപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഫേസ്ബുക്കിന്റെ ചില നിലപാടുകളെ തുടര്‍ന്ന് ജര്‍മ്മനിയില്‍ സാമൂഹ്യസൈറ്റ് വലിയ വിമര്‍ശനമാണ് നേരിടുന്നത്.
സിറിയന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വംശീയ വിദ്വേഷം പരാമര്‍ശിക്കുന്ന തരത്തില്‍ വ്യാപകമായി അഭിപ്രായങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ജര്‍മ്മനിയില്‍ ഫേസ്ബുക്കിനെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇന്റര്‍നെറ്റിലെ ഇടതന്മാരുടെ പേജ് ലിങ്ക്സണ്ടെന് വഴി ചില അജ്ഞാതര്‍ ഏറ്റെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ദൃക്സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നഗ്നതയെയും ലൈംഗിക കണ്ടന്റുകളേയും മായ്ക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ഫേസ്ബുക്ക് പക്ഷേ വിദ്വേഷ കമന്റുകളുടെ കാര്യത്തില്‍ ഈ തീവ്രനിലപാട് കാട്ടുന്നില്ലെന്ന് വിമര്‍ശനമുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല