സ്വന്തം ലേഖകന്‍: വിഖ്യാത ഇന്ത്യന്‍ നര്‍ത്തകി മൃണാളിനി സാരാഭായ് ഇനി ഓര്‍മ്മ, അന്ത്യം അഹമ്മദാബാദിലെ വസതിയില്‍. 97 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നീ നൃത്തരൂപങ്ങളില്‍ ലൊക്ക പ്രശസ്തയായ കലാകാരിയാണ് മൃണാളിനി. സംസ്‌കാരം ഗാന്ധിനഗറിലെ പേട്ടാപ്പുര്‍ ഫാംഹൌസില്‍ നടന്നു.
ഇന്ത്യന്‍ ബഹിരാകാശസംരംഭങ്ങളുടെ പിതാവായി അറിയപ്പെടുന്ന പരേതനായ ഡോ. വിക്രം സാരാഭായിയാണ് ഭര്‍ത്താവ്. നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയുമായ മല്ലികാ സാരാഭായി, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യുക്കേഷന്‍ സ്ഥാപകന്‍ കാര്‍ത്തികേയ സാരാഭായി എന്നിവര്‍ മക്കള്‍. സ്വാതന്ത്യ്രസമര സേനാനിയും സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ റാണി ലക്ഷ്മിഭായ് റെജിമെന്റ് മേധാവിയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.
പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി 1918 ലാണ് ജനനം. ബാല്യം സ്വിറ്റ്‌സര്‍ലന്‍ഡില്‍. രവീന്ദ്രനാഥ ടാഗോറിനുകീഴില്‍ ശാന്തിനികേതനില്‍ വിദ്യാഭ്യാസം നേടി. അമേരിക്കയിലെ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ടില്‍ പങ്കാളിയായി. മീനാക്ഷി സുന്ദരംപിള്ളയുടെ കീഴില്‍ ഭരതനാട്യവും തകഴി കുഞ്ഞുകുറുപ്പിന്റെ കീഴില്‍ കഥകളിയും അഭ്യസിച്ചു.
1942 ലായിരുന്നു വിക്രംസാരാഭായിയുമായുള്ള വിവാഹം. തുടര്‍ന്ന് അഹമ്മദാബാദിലേക്ക് താമസം മാറ്റി. ദക്ഷിണേന്ത്യന്‍ നൃത്തരൂപങ്ങള്‍ ഗുജറാത്തില്‍ പരിചയപ്പെടുത്താന്‍ 1948 ല്‍ ദര്‍പ്പണ ആരംഭിച്ചു. ഹൃദയത്തിന്റെ സ്വരം എന്ന ആത്മകഥ രചിച്ചിട്ടുണ്ട്. 1965 ല്‍ പത്മശ്രീക്കും 1992 ല്‍ പത്മഭൂഷണും അര്‍ഹയായി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല