1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2016

സ്വന്തം ലേഖകന്‍: തമിഴ്‌നാട് മെഡിക്കല്‍ കോളേജുകളില്‍ തോന്നിയ ഫീസ്, ഉയര്‍ന്ന ഫീസ് താങ്ങാനാവാതെ മൂന്നു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു. എസ്.വി.എസ്. യോഗാ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളായ ഇ. ശരണ്യ (18), വി. പ്രിയങ്ക (18), ടി. മോണിഷ (19) എന്നിവരാണു കിണറ്റില്‍ച്ചാടി മരിച്ചത്.

കോളജ് ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യന്‍, മകന്‍ സുഖി വര്‍മ എന്നിവര്‍ക്കെതിരേ കേസെടുത്തു. സുഖി അറസ്റ്റിലായിട്ടുണ്ട്. വാസുകി ഒളിവിലാണ്. കോളജിലെ ഫീസ് വര്‍ധനയ്‌ക്കെതിരേ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. പണത്തിന്റെ പേരില്‍ കോളജ് മാനേജ്‌മെന്റ് കടുത്ത മാനസിക പീഡനം നടത്തിയതായി ആത്മഹത്യാക്കുറിപ്പിലുണ്ട്.

പ്രഖ്യാപിത ഫീസിനേക്കാള്‍ ആറ് ലക്ഷം രൂപ കൂടുതലായി ഈടാക്കിയെങ്കിലും രസീത് നല്‍കിയില്ല. ‘ഞങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇവിടെ എത്തിയത്. എന്നാല്‍ പണം വാങ്ങുന്നതില്‍ മാത്രമായിരുന്നു അധികൃതര്‍ക്കു താല്‍പര്യം. ഇവിടെ ഞങ്ങള്‍ക്ക് ഒന്നും പഠിക്കാനില്ലായിരുന്നു. മരണത്തിനുശേഷം ഞങ്ങള്‍ക്കു മോശം സ്വഭാവമായിരുന്നെന്നു വാസുകി വാദിച്ചേക്കാം. ദയവായി വിശ്വസിക്കരുത്. അന്വേഷിച്ച് അവര്‍ക്കെതിരേ നടപടി എടുക്കണം’ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

നാച്യുറോപ്പതി വിദ്യാര്‍ഥികളാണു ജീവനൊടുക്കിയത്. വാസുകി പലതരത്തില്‍ മാനസികമായി പീഡിപ്പിക്കുന്നെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടികള്‍ പലതവണ മാനേജ്‌മെന്റിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വാസുകി ഭീഷണിപ്പെടുത്തിയതായി 2012 ല്‍ ഒരു വിദ്യാര്‍ഥിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ചു കഴിഞ്ഞ സെപ്റ്റംബറില്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തിയിരുന്നു. അധികൃതരുടെ ഭീഷണിയെ തുടര്‍ന്നു രണ്ട് വിദ്യാര്‍ഥികള്‍ അന്നു ജീവനൊടുക്കാന്‍ ശ്രമിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.