സ്വന്തം ലേഖകന്‍: പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ 11.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ട്രാഫിക് എന്ന തന്റെ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ന്യൂ ജെനറേഷന്‍ തരംഗത്തിനു തുടക്കമിട്ട രാജേഷിന്റെ അവസാന ചിത്രമായ വേട്ട വെള്ളിയാഴ്ചയാണു തീയറ്ററുകളിലെത്തിയത്.
നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നെങ്കിലും രോഗത്തോട് ഇഞ്ചോടിഞ്ച് പോരാടിയാണ് രാജേഷ് വേട്ട പൂര്‍ത്തിയാക്കിയത്. അസുഖം കലശലായതിനെത്തുടര്‍ന്ന് വേട്ടയുടെ റിലീസിന് തലേദിവസം രാജേഷിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി പി.വി.എസ്. ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായ അവസ്ഥയില്‍ ന്യുമോണിയകൂടി പിടിപെട്ടതാണ് സ്ഥിതി ഗുരുതരമാക്കിയത്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലൂടെയാണു ഓച്ചിറ സ്വദേശിയായ രാജേഷ് പിള്ള സ്വതന്ത്ര സംവിധായകനായത്.
പിന്നീട് മലയാളസിനിമയുടെ ഗതിതന്നെ മാറ്റിമറിച്ച ട്രാഫിക്, മിലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. കേരള സര്‍വകലാശാലയില്‍ പൊളിറ്റിക്‌സ് വിഭാഗം മേധാവിയും സിന്‍ഡിക്കേറ്റ് അംഗവുമായിരുന്ന പ്രഫ. കെ. രാമന്‍പിള്ളയുടെയും പരേതയായ സുഭദ്രയുടെയും മകനാണ്. ഭാര്യ മേഘ.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല