സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ മതഭ്രാന്തന്മാര് വീണ്ടും കൊലക്കത്തിയെടുക്കുന്നു, അധ്യാപകനെ വെട്ടി കൊലപ്പെടുത്തി. രാജ്ഷഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപകന് എ.എഫ്.എം റെസൂള് കരീം സിദ്ദിഖി (58) ആണ് കൊല്ലപ്പെട്ടത്. വീടിനു 50 മീറ്റര്‍ സമീപത്തുവച്ച് ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊലപാതകം.
സിദ്ദിഖിയുടെ കഴുത്തിന് മൂന്നു തവണ വെട്ടേറ്റതായി പോലീസ് പറഞ്ഞു. കഴുത്ത് 80% അറ്റനിലയിലായിരുന്നു. ആക്രമണത്തിന്റെ സ്വഭാവം വച്ച് നോക്കുമ്പോള്‍ തീവ്രവാദ സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതയായി പോലീസ് അറിയിച്ചു. അടുത്തകാലത്ത് ബ്ലോഗറെ കൊലപ്പെടുത്തിയതും സമാനമായ രീതിയിലായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ നഹിദുള് ഇസ്ലാം പറഞ്ഞു.
ബംഗ്ലാദേശിലെ സാംസ്കാരിക പരിപാടികളില്‍ സജീവമായിരുന്ന സിദ്ദിഖി ബഗ്മാരയില്‍ സ്കൂളും ആരംഭിച്ചിരുന്നു. രജ്ഷഹി യൂണിവേഴ്സിറ്റിയിലെ മറ്റൊരു അധ്യാപകനായ എ.കെ.എം ഷഫിയുള്‍ ഇസ്ലാമും സമാനമായ രീതിയില്‍ രണ്ടു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ യൂണിവേഴ്സിറ്റിയിലെ മറ്റു രണ്ട് അധ്യാപകരും കഴിഞ്ഞ വര്‍ഷം നാല് മതേതര ബ്ലോഗര്‍മാരും രാജ്യത്ത് മത ഭ്രാന്തന്മാരുടെ കൊലക്കത്തിക്ക് ഇരയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല