1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2016

സ്വന്തം ലേഖകന്‍: പിണറായി കേരള മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ അടുത്തയാഴ്ച. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണു വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചത്. എ.കെ.ജി. സെന്ററില്‍ വിളിച്ചുചേര്‍ന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു.

പിണറായിയെ സി.പി.എം. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയാണു വി.എസെന്നും പ്രായാധിക്യം പരിഗണിച്ചാണ് അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാത്തതെന്നും യെച്ചൂരി പറഞ്ഞു. കാസ്‌ട്രോയെപ്പോലെ വി.എസ്. പാര്‍ട്ടിക്കും സര്‍ക്കാരിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. പ്രചാരണം മുന്നില്‍നിന്നു നയിച്ച പടക്കുതിരയാണു വി.എസെന്നും യെച്ചൂരി വിശേഷിപ്പിച്ചു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി മന്ത്രിസഭ ഒരാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സി.പി.എമ്മില്‍ നിന്ന് ഇ.പി ജയരാജനും കെ.കെ ഷൈലജയും അടക്കമുള്ള നേതാക്കള്‍ മന്ത്രിമാരായേക്കും. വനിതാ പ്രാതിനിധ്യമെന്ന നിലയ്ക്കാണ് കെ.കെ ഷൈലജയെ പരിഗണിക്കുന്നത്. വി.എസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന തോമസ് ഐസക്, എ.കെ ബാലന്‍, ജി. സുധാകരന്‍, എസ്. ശര്‍മ്മ, എന്നിവരും മന്ത്രിമാരായേക്കും. ശനിയും ഞായറുമായി മന്ത്രിമാരും വകുപ്പുകളും തീരുമാനമാകും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഇന്നലെ രാവിലെ 10.30ന് രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് ഉമ്മന്‍ ചാണ്ടി രാജിക്കത്ത് കൈമാറി. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതുവരെ സ്ഥാനത്തു തുടരാന്‍ ഉമ്മന്‍ ചാണ്ടിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു. യു.ഡി.എഫിനുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും കോണ്‍ഗ്രസ് അതിശക്തമായി തിരിച്ചുവരുമെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോടു പ്രതികരിച്ചു.

മൂന്നു പതിറ്റാണ്ടിനിടെ ആദ്യ കേരളാ കോണ്‍ഗ്രസ് വിമുക്ത മന്ത്രിസഭയാകും പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുക. ഇത്തവണ ഇടതുമുന്നണിക്കൊപ്പം ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസുകളില്‍ നിന്ന് ഒരാളുപോലും ജയിക്കാതായതോടെയാണ് മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം നഷ്ടമായത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ച നാലു സീറ്റിലും പരാജയപ്പെട്ടു. ഇവരെ കൂടാതെ സ്‌കറിയ തോമസാണ് പരാജയപ്പെട്ട മറ്റൊരു കേരള കോണ്‍ഗ്രസ് നേതാവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.