സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഹോമിയോ ഡോക്ടറെ ഭീകരര്‍ വെട്ടി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ കുഷ്ടിയാ ജില്ലയില്‍ ഹോമിയോപ്പതി ഡോക്ടര്‍ മിര്‍ സന്നൂര്‍ റഹ്മാനെയാണ് ബൈക്കിലെത്തിയ ഭീകരര്‍ വെട്ടിക്കൊന്നത്. റഹ്മാന്റെ സുഹൃത്തും യൂണിവേഴ്‌സിറ്റി അധ്യാപകനുമായ സൈഫുസ്മാനു ഗുരുതരമായ പരിക്കേറ്റു.
ഇസ്‌ലാമിസ്റ്റ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് മേധാവി ചൗധരി പറഞ്ഞു. മത നിരപേക്ഷ ബ്ലോഗ് എഴുത്തുകാര്‍, മത ന്യൂനപക്ഷ വിഭാഗക്കാര്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരെ അടുത്ത കാലത്ത് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഈ കൊലയും അത്തരത്തിലുള്ളതാണെന്നാണ് അധികൃതരുടെ അനുമാനം.
സമാന്റെ ഗ്രാമത്തിലെ രോഗികളുടെ ചികിത്സക്കായി പോവുകയായിരുന്നു ഇരുവരും. റഹ്മാന്‍ സംഭവ സ്ഥലത്തുവെച്ച് മരിച്ചു. പടിഞ്ഞാറന്‍ ബംഗ്‌ളാദേശിലെ പ്രസിദ്ധമായ ബാവുല്‍ സംഗീതത്തിന്റെ ആരാധകരായിരുന്നു ഇരുവരും. റഹ്മാന്‍ എല്ലാ വെള്ളിയാഴ്ചയും തന്റെ ഗ്രാമത്തില്‍ ബാവുല്‍ സംഗീതക്കച്ചേരി നടത്താറുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
അന്‍സറുള്ള ബംഗ്ലാ ടീം എന്ന ഭീകര സംഘടനയിലെ ആറു പേരെ പിടികൂടാന്‍ സഹായകമായ വിവരം തരുന്നവര്‍ക്ക് അഞ്ചു ലക്ഷം ടാകാ ഇനാം നല്‍കുമെന്നു ബംഗ്‌ളാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല