1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2016

സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറെ വെടിവച്ചു കൊന്നശേഷം ഇന്ത്യന്‍ വിദ്യാര്‍ഥി ജീവനൊടുക്കി. സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയും ഇന്ത്യക്കാരനുമായ മൈനാക് സര്‍ക്കാരാണ് മെക്കാനിക്കല്‍, ഏറോസ്‌പേസ് എന്‍ജിനിയറിംഗില്‍ അസോസിയേറ്റ് പ്രഫസറായ 39 കാരനായ വില്യം ക്ലഗിനെ വെടിവച്ചു കൊന്നത്. ബുധനാഴ്ച യൂണിവേഴ്‌സിറ്റി കാമ്പസില്‍ വച്ചായിരുന്നു സംഭവം.

ക്ലഗിന്റെ കീഴില്‍ നേരത്തെ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന സര്‍ക്കാര്‍ പിന്നീട് സ്വയം വെടിവച്ച് ജീവനൊടുക്കി. പ്രഫസര്‍ ക്ലഗ് തന്റെ കംപ്യൂട്ടര്‍ കോഡ് മോഷ്ടിച്ചു മറ്റാര്‍ക്കോ നല്‍കിയെന്ന് ആരോപിച്ചാണു മൈനാക് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞതെന്നു ലോസ് ആഞ്ചലസ് പോലീസ് പറഞ്ഞു. വെടിവയ്പിനെത്തുടര്‍ന്നു ബുധനാഴ്ച യൂണിവേഴ്‌സിറ്റി അടച്ചിട്ടു. 43,000 വിദ്യാര്‍ഥികള്‍ ഉള്ള കാമ്പസാണിത്.

വെടിവയ്പു വാര്‍ത്ത അറിഞ്ഞയുടന്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രധാരികളായ 200 പോലീസ് ഓഫീസര്‍മാര്‍ കാമ്പസിലെത്തി. ഇതിനിടെ, പ്രതിയുടെ മിനസോട്ടയിലെ വസതിയില്‍ തെരച്ചില്‍ നടത്തിയ പോലീസിന് പ്രതി തയ്യാറാക്കിയ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക കണ്ടെത്തി. ഈ പട്ടികയില്‍ പേരുള്ള ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നു പോലീസ് പറഞ്ഞു.

പ്രഫസര്‍ ക്ലഗിനെതിരേ സര്‍ക്കാര്‍ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ക്ലഗിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കൃത്രിമ ഹൃദയ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകി ഇരിക്കുകയായിരുന്നു അദ്ദേഹം.ഖരഗ്പൂരിലെ ഐഐടിയില്‍ പഠിച്ച മൈനാക് സര്‍ക്കാര്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.