സ്വന്തം ലേഖകന്‍: ജാലിയന്‍വാല ബാഗ് കൂട്ടക്കൊലക്ക് പ്രായശ്ചിത്തമായി ബ്രിട്ടീഷ് പ്രധാനമന്ത്രി മുട്ടുകുത്തി മാപ്പപേക്ഷിക്കണം, പുതിയ പുസ്തകത്തില്‍ ശശി തരൂര്‍. ജാലിയന്‍വാല ബങ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിലെങ്കിലും മതിയായ പ്രായശ്ചിത്തം കോളനി വാഴ്ച നടത്തിയവരില്‍നിന്ന് ഉണ്ടാകണം. അതാണ് പരിഹാരം. ബ്രിട്ടീഷ് സാമ്രാജ്യത്വം എങ്ങനെയാണ് ഇന്ത്യയെ നാശത്തിന്റെ വക്കിലത്തെിച്ചതെന്ന് ചര്‍ച്ച ചെയ്യുന്ന ആന്‍ ഇറ ഓഫ് ഡാര്‍ക്നസ്: ദ ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് മുട്ടുകുത്തല്‍ ആവശ്യം ആവര്‍ത്തിക്കുന്നത്.
നേരത്തെ ഓക്സ്ഫഡില്‍ നടത്തിയ പ്രഭാഷണത്തിലാണ് ശശി തരൂര്‍ ആദ്യമായി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തരൂരിനെ അഭിനന്ദിച്ച് ”ഉചിതമായ കാര്യം അനുയോജ്യമായ വേദിയില്‍” എന്ന് പ്രതികരിച്ചതും വാര്‍ത്തയായിരുന്നു. ചരിത്രത്തില്‍ പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ക്ക് നഷ്ടപരിഹാരങ്ങളെക്കാള്‍ മാപ്പിരക്കല്‍ തന്നെയാണ് പ്രധാനമെന്ന് പി.ടി.ഐക്ക് നല്കിയ അഭിമുഖത്തിലും ശശി തരൂര്‍ പറഞ്ഞു.
നാസികള്‍ നടത്തിയ കൊടുംപാതകങ്ങള്‍ക്ക് ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റ് നേതാവ് വില്ലി ബ്രാന്‍ഡ് വാഴ്സയിലെ ഗെറ്റോയില്‍ മുട്ടുകുത്തി പിഴ ഏറ്റുപറഞ്ഞു. അടുത്തകാലത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡോ കൊമഗാട്ട മാരു സംഭവത്തില്‍ മാപ്പ് പറഞ്ഞവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
1919 ഏപ്രില്‍ 13ന് ജാലിയന്‍വാല ബാഗില്‍ തടിച്ചുകൂടിയ ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തിനുനേരെ വെടിവെക്കാന്‍ ബ്രിഗേഡിയര്‍ ജനറല്‍ ആര്.ഇ.എച്ച്. ഡയറാണ് ഉത്തരവിട്ടത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേര് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല